മുംബൈ: മുന്നണി വിടുന്നതുമായി ബന്ധപ്പെട്ട് എൻസിപി സംസ്ഥാന ഘടകത്തിൽ ഭിന്നത തുടരവേ ശരദ് പവാർ കേരളത്തിലേക്ക്. സംസ്ഥാന നിർവാഹക സമിതി അംഗങ്ങളുമായി ഒറ്റയ്ക്കൊറ്റയ്ക്ക് ചർച്ച നടത്തും. അഭിപ്രായ ഐക്യമുണ്ടാക്കിയതിന് ശേഷം മുംബൈയിൽ പവാർ അന്തിമ തീരുമാനം പ്രഖ്യാപിക്കും. 
സിറ്റിംഗ് സീറ്റുകളിൽ കൈവച്ചാൽ മുന്നണി വിടണമെന്ന തീരുമാനത്തിൽ ഉറച്ച് നില്‍ക്കുകയാണ് സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരൻ മാസ്റ്ററും മാണി സി കാപ്പനും.  

പാലയുടെ പേരിൽ മാത്രം പിണങ്ങി മുന്നണി വിടരുതെന്നാണ് എ കെ ശശീന്ദ്രന്‍റെ നിലപാട്. ആവശ്യങ്ങളുമായി ഇരുവിഭാഗവും വെവ്വേറെ പവാറിനെ കണ്ടു. സീറ്റുകളൊന്നും വിട്ടു നൽകി ഒത്തുതീർപ്പിനില്ലെന്നാണ് പവാറിന്‍റെയും തീരുമാനം. എന്നാൽ പ്രഖ്യാപനം പാർട്ടിയെ പിളർത്തുന്ന സാഹചര്യം ഒഴിവാക്കണം. രണ്ടാഴ്ചചകം കൊച്ചിയിലെത്തി സംസ്ഥാന നേതാക്കളുമായി പവാർ കൂടിക്കാഴ്ച നടത്തും. പ്രഫുൽ പട്ടേലും ഒപ്പമുണ്ടാകുമെന്നാണ് അറിയിച്ചത്. 

സംസ്ഥാനത്തെ നിർവാഹക സമിതി അംഗങ്ങൾക്ക് പുറമെ ജില്ലാ പ്രസിഡന്‍റുമാരെയും പവാർ ഒറ്റയ്ക്കൊറ്റയ്ക്ക് കാണും. എല്ലാവരെയും ഒരുമിച്ച് നിർത്തിയ ശേഷം മുംബൈയിൽ മുന്നണി മാറ്റത്തിൽ അന്തിമ പ്രഖ്യാപനം നടത്തും. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടി എൽഡിഎഫാണ് സുരക്ഷിത ഇടമെന്ന് ഇന്നലെ എകെ ശശീന്ദ്രൻ പവാറിനെ ധരിപ്പിച്ചിരുന്നു.