വൻ പരാജയം നേതാക്കളുടെ ധാർഷ്ട്യത്തിന് കിട്ടിയ തിരിച്ചടി. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റിയിലും രൂക്ഷ വിമർശനം
ആലപ്പുഴ: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റിയിലും രൂക്ഷ വിമർശനം. വൻ പരാജയം നേതാക്കളുടെ ധാർഷ്ട്യത്തിന് കിട്ടിയ തിരിച്ചടിയാണെന്നും ഉൾപാർട്ടി ജനാധിപത്യവും ചർച്ചയും പാർട്ടിയിൽ കുറയുന്നു, തീരുമാനങ്ങൾ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്നു, ഏരിയാ കമ്മിറ്റികളുടെ അഭിപ്രായങ്ങൾ കേൾക്കാൻ തയ്യാറാകുന്നില്ല, അമ്പലപ്പുഴയിൽ വികസന നായകൻ എന്ന ജി സുധാകരന്‍റെ പ്രതിച്ഛായയെ മറികടക്കാനായില്ല എന്നീ വിമർശനങ്ങളാണ് ഉയർന്നത്.

കൂടാതെ യു പ്രതിഭക്കെതിരെയും വിമർശനം ഉയർന്നു. പ്രചരണത്തിനിറങ്ങിയ സഖാക്കളെ തോറ്റ ശേഷം അപമാനിച്ചെന്നും പണിയെടുത്തില്ലെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്? പ്രതിഭക്കെതിരായ വികാരം കായംകുളത്തുണ്ടായിരുന്നു. പ്രതിഭയുടെ പല പരാമർശങ്ങളും ജനങ്ങളെ എതിരാക്കിയിട്ടുണ്ട്. പാർട്ടിക്കുള്ളിൽ പറയേണ്ടത് മാധ്യമങ്ങളോടല്ല പറയേണ്ടിയിരുന്നത് എന്നും വിമർശനം ഉയർന്നു.
അതേസമയം, കായംകുളത്ത് തെരഞ്ഞെടുപ്പ് പ്രവർത്തനം പോരാ എന്ന് താൻ പറഞ്ഞതിന്‍റെ പേരില്‍ ജില്ലാ സെക്രട്ടറി ആർ നാസർ തന്നെ മോശക്കാരിയാക്കിയെന്നും മാധ്യമങ്ങൾക്ക് ജില്ലാ സെക്രട്ടറി നൽകിയ പ്രതികരണം വസ്തുത പരിശോധിക്കാതെയാണ്, ജില്ലാ സെക്രട്ടറിയുടെ ഏകപക്ഷീയമായ നിലപാടുകൾ കമ്മ്യൂണിസ്റ്റ് രീതിയല്ല. എസ്എഫ്ഐ നേതാക്കൾ പോലും മുതിർന്ന നേതാക്കളുടെ ധാർഷ്ട്യം അനുകരിക്കുന്നു. വിമർശിക്കുന്നവരെ പാർട്ടിയിൽ ഒന്നുമല്ലാതാക്കാൻ ശ്രമങ്ങൾ ഉണ്ടാകുന്നെന്നും പ്രതിഭ പറഞ്ഞു.



