കെ മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകാത്തത് തെറ്റാണെന്നും സീനിയറായ ആളെ അപമാനിച്ചത് ശരിയായില്ലെന്ന് തരൂർ തുറന്ന് പറഞ്ഞു.

തിരുവനന്തപുരം: കോൺഗ്രസിന്‍റെ വൈക്കം സത്യഗ്രഹ ശതാബ്ദി പരിപാടിയിൽ കെ മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകാത്തതിൽ പാർട്ടിക്കെതിരെ ആ‌ഞ്ഞടിച്ച് ശശി തരൂർ. കെ മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകാത്തത് തെറ്റാണെന്നും സീനിയറായ ആളെ അപമാനിച്ചത് ശരിയായില്ലെന്ന് തരൂർ തുറന്ന് പറഞ്ഞു. പാർട്ടിയെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ ഇങ്ങനെ ചെയ്യരുതെന്നും തരൂർ കൂട്ടിച്ചേര്‍ത്തു.

കെപിസിസിയുടെ വൈക്കം സത്യാഗ്രഹ വേദിയിൽ പ്രസംഗത്തിൽ അവസരം കിട്ടാത്തതിൽ തനിക്ക് പരാതിയില്ലെന്ന് പറഞ്ഞ ശശി തരൂര്‍, കെ മുരളീധരന്റെ കാര്യത്തിൽ പാർട്ടിയെടുത്തത് തെറ്റായ തീരുമാനമാണെന്ന് തുറന്ന് അടിക്കുകയാണ്. മുൻ കെപിസിസി അധ്യക്ഷന്മാരെ ഒരേപോലെ കാണണമായിരുന്നുവെന്നും മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകണമായിരുന്നുവെന്നും ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു. കെ മുരളീധരന് പ്രസംഗിക്കാന്‍ അവസരം നല്‍ക്കാത്തത് ബോധപൂർവ്വമായ ശ്രമമാണോ എന്ന് അറിയില്ലെന്നും തരൂർ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത വേദിയിൽ കെ സുധാകരനും വി ഡി സതീശനും രമേശ് ചെന്നിത്തലയും എം എം ഹസനും മാത്രമാണ് കെപിസിസിയുടെ ഭാഗമായി സംസാരിച്ചത്. മുൻ പി സി സി പ്രസിഡന്റ് എന്ന പരിഗണന തനിക്ക് ലഭിച്ചില്ലെന്നായിരുന്നു കെ മുരളീധരന്‍റെ പരാതി. തന്നെ മനപ്പൂർവം അവഗണിച്ചെന്നും സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്താനാണ് തീരുമാനമെന്നും മുരളി തുറന്നടിച്ചു. എന്നാല്‍, സമയ പരിമിതി കാരണമാണ് എല്ലാ നേതാക്കൾക്കും പ്രസംഗിക്കാൻ അവസരം ലഭിക്കാതിരുന്നത് എന്നാണ് കോട്ടയം ഡിസിസിയുടെ വിശദീകരണം.

Also Read:കോണ്‍ഗ്രസിന്‍റെ വൈക്കം സത്യാഗ്രഹ സമ്മേളനത്തില്‍ വിവാദം; പ്രസംഗിക്കാന്‍ ക്ഷണിക്കാത്തതില്‍ കെ മുരളീധരന് അതൃപ്തി

അതേസമയം, തുടർച്ചയായി കെപിസിസി നേതൃത്വം തന്നെ അപമാനിക്കുന്നു എന്നായിരുന്നു കെ മുരളീധരന്റെ പരാതി. വീക്ഷണം പത്രം പുറത്തിറക്കിയ സപ്ലിമെന്റിൽ നിന്ന് തന്റെ പേര് ഒഴിവാക്കപ്പെട്ട കാര്യം കൂടി ചൂണ്ടിക്കാട്ടിയായിരുന്നു മുരളിയുടെ പരസ്യ പ്രതിഷേധം. നേതൃത്വം നിഷേധാത്മക നിലപാട് തുടർന്നാൽ ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാടും മുരളി ആവർത്തിച്ചു. എന്നാൽ, മുരളി അനാവശ്യമായി പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്ന വികാരത്തിലാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ. സി.വേണുഗോപാലാകട്ടെ കേരളത്തിലെ പ്രശ്നങ്ങൾ ഇവിടെ തീർക്കട്ടെ എന്ന നിലപാടിലുമാണ്. 

YouTube video player