പലസ്തീൻ ഐക്യദാർഢ്യം, കെപിസിസി റാലി രാഷ്ട്രീയ മറുപടിയുടെ വേദിയുമാകും; 'സ്വകാര്യ തിരക്ക്', തരൂർ എത്തിയേക്കില്ല
ലീഗ് നേതാക്കൾക്ക് ഒപ്പം ശശി തരൂർ വേദി പങ്കിടുമ്പോൾ എതിർപ്പിനുളള സാധ്യതയുണ്ടെന്നാണ് സംഘാടക സമിതിയുടെ ആശങ്ക

കോഴിക്കോട്: കെ പി സി സി കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഡ്യ റാലിയിൽ ശശി തരൂർ പങ്കെടുത്തേക്കില്ല. തരൂരിന്‍റെ സാന്നിദ്ധ്യം മുസ്ലീം ലീഗ് അണികളിലുൾപ്പെടെ ഭിന്നിപ്പുണ്ടാക്കുമെന്ന ആശങ്ക സംഘാടക സമിതി കെ പി സി സി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മുസ്ലീം ലീഗ് കോഴിക്കോട്ട് നടത്തിയ പരിപാടിയിൽ ശശിതരൂരിന്‍റെ ഹമാസ് വിരുദ്ധ പരാമർശത്തെച്ചൊല്ലി ഏറെ പഴികേട്ട ശേഷമാണ് കോൺഗ്രസ് കോഴിക്കോട് പലസ്തീൻ ഐക്യദാർഡ്യ റാലി സംഘടിപ്പിക്കുന്നത്.
പ്രസ്താവനയിൽ തരൂർ വിശദീകരണം നൽകുകയും കെ പി സി സി നേതൃത്വം പാണക്കാട്ടെത്തി ലീഗ് നേതാക്കളുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ അതുകൊണ്ടുമാത്രം പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ലീഗ് നേതാക്കൾക്ക് ഒപ്പം ശശി തരൂർ വേദി പങ്കിടുമ്പോൾ എതിർപ്പിനുളള സാധ്യതയുണ്ടെന്നാണ് സംഘാടക സമിതിയുടെ ആശങ്ക. ഇക്കാര്യമുൾപ്പെടെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
തരൂരൂമായി അടുപ്പമുളള കോഴിക്കോട്ടെ നേതാക്കൾക്കുൾപ്പെടെ ഇതേ ആശങ്കയുണ്ടെന്നാണ് വിവരം. എല്ലാ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ടെന്നും സ്വകാര്യ തിരക്കുകളുളളതിനാൽ തരൂരിന്‍റ പങ്കാളിത്തത്തെക്കുറിച്ച് ഉറപ്പില്ലെന്നും മാത്രമാണ് ഔദ്യോഗിക വിശദീകരണം. ഇക്കാര്യം റാലിയുടെ സ്വാഗതസംഘം ചെയർമാനും കോഴിക്കോട് എം പിയുമായ എം കെ രാഘവൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തരൂരിന്റെ മരുമകളുടെ കല്യാണമാണ് 23 നെന്നും അതിനാൽ റാലിക്ക് എത്തുമോ എന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ലെന്നും എം കെ രാഘവൻ നേരത്തെ തന്നെ പറഞ്ഞിരുന്നു.
കടപ്പുറത്ത് ഇരുപത്തിമൂന്നിന് നടക്കുന്ന റാലിയിൽ അരലക്ഷത്തിലേറെ പേർ എത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. സി പി എം ഉൾപ്പെടെ പലസ്തീൻ നിലപാടിൽ നിരന്തര വിമർശനം കോൺഗ്രസിനെതിരെ ഉന്നയിക്കുമ്പോൾ രാഷ്ട്രീയ മറുപടിക്കുളള വേദികൂടിയാകും കടപ്പുറത്തെ കോൺഗ്രസ് റാലി. അതിനാൽത്തന്നെ കൂടുതൽ വിവാദങ്ങളുണ്ടാകാതെ റാലി നടത്താനാണ് നേതാക്കളുടെ നീക്കം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം