എം.പി ഫണ്ട് വിനിയോഗിക്കുന്നതിനുള്ള മാർഗരേഖയുടെ ഖണ്ഡിക 8.1 പ്രകാരം അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചാൽ എല്ലാ  എം.പി മാർക്കും ഫണ്ട് വിനിയോഗിക്കാനാവും

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ശശി തരൂർ എം.പി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് കത്തു നൽകി. എം.പി ഫണ്ട് വിനിയോഗിക്കുന്നതിനുള്ള മാർഗരേഖയുടെ ഖണ്ഡിക 8.1 പ്രകാരം അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചാൽ എല്ലാ എം.പി മാർക്കും അവരുടെ എം.പി ഫണ്ടിൽ നിന്നും ഒരു കോടി രൂപയുടെ വരെ പദ്ധതികൾ ദുരന്തബാധിത പ്രദേശത്ത് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നതിനായി ശുപാർശ ചെയ്യുവാൻ കഴിയും.

അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായാൽ പറഞ്ഞറിയിക്കാനാകാത്ത വിധം ദുരിതത്തിൽ കഴിയുന്ന ദുരന്തബാധിത പ്രദേശത്തെ ജനങ്ങൾക്ക് വലിയ ആശ്വാസം നൽകുന്ന നടപടിയായിരിക്കും അതെന്ന് ശശി തരൂർ എം.പി പറ‌ഞ്ഞു. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ തീവ്രത വിവരണാതീതമാണ്. ആ പ്രദേശത്തെ ജനങ്ങൾക്ക് നഷ്ടമായതിനൊക്കെ പകരമാകില്ലെങ്കിലും അവർക്കായി പരമാവധി സഹായം നമ്മൾ ചെയ്യണം. ആകെ തകർത്തെറിയപ്പെട്ട ഗ്രാമങ്ങൾ പുനർനിർമിച്ച് അതിജീവിതർക്ക് ആശ്വാസമെത്തിക്കേണ്ടത് രാജ്യത്തിന്റെ കടമയാണെന്നും ശശി തരൂർ കത്തിൽ ചൂണ്ടിക്കാട്ടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം