Asianet News MalayalamAsianet News Malayalam

തറവാടി നായർ പരാമർശം: ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി തീർന്നെന്ന് വെള്ളാപ്പള്ളി

സംസ്ഥാന കോൺഗ്രസിൽ നേതാക്കൾ തമ്മിലെ പരോക്ഷ പോര് തുടരുകയാണ്. മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വെച്ചിട്ടില്ലെന്ന തരൂരിന്റെ മറുപടി രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിനുള്ള മറുപടിയാണ്

Shashi Tharoor political future ends on half way says Vellappalli Natesan
Author
First Published Jan 14, 2023, 12:14 PM IST

ആലപ്പുഴ: തറവാടി നായർ പരാമർശത്തോടെ ശശി തരൂരിന്റെ രാഷ്ട്രീയഭാവി തീർന്നെന്ന് എസ്എൻഡിപി വെള്ളാപ്പള്ളി നടേശൻ. ഈ പറഞ്ഞ വിഭാഗം മാത്രം വോട്ട് ചെയ്താൽ തരൂർ ജയിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ഡൽഹി നായരായിരുന്ന ആൾ പെട്ടെന്ന് കേരള നായരും, വിശ്വപൗരനുമായി. ഒരു കോൺഗ്രസ് നേതാവും പ്രതികരിച്ച് കണ്ടില്ലെന്നും വെള്ളാപ്പള്ളി ചേർത്തലയിൽ വിമർശിച്ചു.

അതിനിടെ സംസ്ഥാന കോൺഗ്രസിൽ നേതാക്കൾ തമ്മിലെ പരോക്ഷ പോര് തുടരുകയാണ്. മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വെച്ചിട്ടില്ലെന്ന തരൂരിന്റെ മറുപടി രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിനുള്ള മറുപടിയാണ്. ആര് എന്ത് പറഞ്ഞാലും പ്രശ്നമില്ലെന്നും കേരളത്തിൽ കൂടുതൽ ക്ഷണം കിട്ടുന്നുണ്ടെന്നും തന്നെ നാട്ടുകാർ കാണാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ തരൂർ സംസ്ഥാനത്തെ പരിപാടികളിൽ പങ്കെടുക്കുമെന്നും വ്യക്തമാക്കി.

നാലുവര്‍ഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നായിരുന്നു ചെന്നിത്തല ഇന്നലെ പറഞ്ഞത്. തയ്പ്പിച്ച കോട്ട് മാറ്റിവെച്ചേക്കെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന തരൂരിന്‍റെ പ്രസ്‍താവനയ്ക്ക് എതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായി രം​ഗത്തുണ്ട്. തരൂരിനെ തള്ളാനും കൊള്ളാനുമാകാത്ത അവസ്ഥയിലാണ് എഐസിസി. ജനവികാരം എതിരാകുമെന്ന പേടിയിൽ കടുത്ത നടപടിയിലേക്ക് നീങ്ങുന്നില്ല. പ്രവർത്തക സമിതിയിൽ തരൂരിനെ ഉൾപ്പെടുത്തുന്നതിലും എതിർപ്പുണ്ട്. ഭാരത് ജോഡോ യാത്രക്ക് ശേഷമാകും തരൂർ വിഷയത്തിൽ ചർച്ച നടത്തുക. 

ഒറ്റക്കെട്ടായി നേതാക്കൾ രംഗത്തെത്തിയതോടെ സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ നിന്ന് പിന്നോട്ട് പോയിരിക്കുകയാണ് ശശി തരൂർ. കെ മുരളീധരൻ, കെ സി വേണു​ഗോപാൽ, രമേശ് ചെന്നിത്തല, വി ഡി സതീശൻ അടക്കമുള്ളവർ തരൂരിനെ വിമർശിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് 2026 ലാണെന്നും ഏത് തെരഞ്ഞെടുപ്പിൽ ആര് മത്സരിക്കണമെന്നത് പാർട്ടിയാണ് തീരുമാനമെടുക്കുന്നതെന്നും തരൂർ വിശദീകരിച്ചു. 
 

Follow Us:
Download App:
  • android
  • ios