കോൺഗ്രസ് എംപി ശശി തരൂർ 'ഹഗ് മൈ യങ്ങർ സെൽഫ്' എന്ന വൈറൽ സോഷ്യൽ മീഡിയ ട്രെൻഡിൽ പങ്കുചേർന്നു. തൻ്റെ 22 വയസ്സുള്ള രൂപത്തിനൊപ്പമുള്ള എഐ നിർമിത ചിത്രം അദ്ദേഹം എക്സിൽ പങ്കുവെക്കുകയും യുവരൂപത്തെക്കുറിച്ച് രസകരമായ ഒരു കുറിപ്പ് ചേർക്കുകയും ചെയ്തു.
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലെ വൈറൽ ട്രെൻഡായ 'ഹഗ് മൈ യങ്ങർ സെൽഫ്' (Hug My Younger Self) ഏറ്റെടുത്ത് കോൺഗ്രസ് എംപി ശശി തരൂർ. തൻ്റെ 22 വയസ്സുള്ള രൂപവുമായി മുഖാമുഖം നിൽക്കുന്ന എഐ നിർമിത ചിത്രം പങ്കുവെച്ചാണ് തരൂർ ഈ പുതിയ ട്രെൻഡിനൊപ്പം പങ്കുചേർന്നത്.
താൻ യുഎന്നിൽ പ്രവർത്തിക്കുന്ന സമയത്ത് എടുത്ത ചിത്രങ്ങൾ ഉപയോഗിച്ചാണ് ആരാധകർ ഈ രൂപം നിർമ്മിച്ചു നൽകിയതെന്ന് തരൂർ തന്റെ എക്സ് പോസ്റ്റിൽ പറഞ്ഞു. യുവരൂപത്തിൻ്റെ ആത്മവിശ്വാസം (swagger) കണ്ട് അസൂയ തോന്നുന്നു, എന്നാൽ ആ താടി കണ്ട് ചിരിവരുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു. എൻ്റെ ഈ ചെറുപ്പക്കാരൻ്റെ ഇടുപ്പളവ് തിരികെ കിട്ടാൻ ഞാൻ എന്തും ചെയ്യും," തരൂർ കൂട്ടിച്ചേർത്തു.
എന്താണ് 'ഹഗ് മൈ യങ്ങർ സെൽഫ്' ട്രെൻഡ്?
വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചാരം നേടിയ 'ഹഗ് മൈ യങ്ങർ സെൽഫ്' ട്രെൻഡ്, നിലവിലെ രൂപം അതിൻ്റെ പഴയ രൂപത്തെ ആലിംഗനം ചെയ്യുന്ന രീതിയിലുള്ള പോളറോയ്ഡ് ശൈലിയിലുള്ള ചിത്രങ്ങൾ നിർമ്മിക്കാൻ എഐ സഹായിക്കുന്നു. ഗൂഗിൾ ഡീപ്‌മൈൻഡിന്റെ ജെമിനി എഐ. (Google DeepMind’s Gemini AI) ടൂളായ നാനോ ബനാനയാണ് ഈ ട്രെൻഡിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഉപയോക്താക്കൾ നൽകുന്ന കുറച്ച് ഫോട്ടോകൾ ഉപയോഗിച്ച് എഐ. സാങ്കേതികവിദ്യ, ഇന്നത്തെ വ്യക്തിയും പഴയകാലത്തെ ഡിജിറ്റൽ രൂപവും തമ്മിലുള്ള രസകരമായ ചിത്രങ്ങൾ സൃഷ്ടിക്കുന്നു.


