Asianet News MalayalamAsianet News Malayalam

ആദ്യം കുഞ്ഞുമോന്‍ അകത്തുകേറ്, എന്നിട്ടാവാം മറ്റുള്ളവരെ സ്വാഗതം ചെയ്യല്‍; മറുപടിയുമായി ഷിബു ബേബി ജോണ്‍

യുഡിഎഫിന്റെ സഖ്യകകക്ഷിയായ ആര്‍എസ്പിയെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്തതായി  കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ പറഞ്ഞിരുന്നു. ഷിബു ബേബി ജോണുമായി നേരില്‍ സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
 

Shibu baby john reply to Kovoor Kunjumon
Author
Kollam, First Published May 29, 2021, 10:22 PM IST

കൊല്ലം: ആര്‍എസ്പിയെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്ത കൊവൂര്‍ കുഞ്ഞുമോന് മറുപടിയുമായി ഷിബു ബേബി ജോണ്‍. രൂക്ഷമായ ഭാഷയിലാണ് ഷിബു ബേബി ജോണ്‍ കുഞ്ഞുമോന് ഫേസ്ബുക്ക് കുറിപ്പിലൂടെ മറുപടി നല്‍കിയത്. കുഞ്ഞുമോന്‍ ആദ്യം അകത്ത് കേറിയിട്ട് മറ്റുള്ളവരെ സ്വാഗതം ചെയ്താല്‍ മതിയെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. 

ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ആര്‍എസ്പിയെ കോവൂര്‍ കുഞ്ഞുമോന്‍ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്തതായി വാര്‍ത്ത കണ്ടു. ഇപ്പോഴും വരാന്തയില്‍ തന്നെയല്ലേ നില്‍ക്കുന്നത്. കുഞ്ഞുമോന്‍ ആദ്യമൊന്ന് അകത്ത് കേറ്. എന്നിട്ടാവാം മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നത്

യുഡിഎഫിന്റെ സഖ്യകകക്ഷിയായ ആര്‍എസ്പിയെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്തതായി  കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ പറഞ്ഞിരുന്നു. ഷിബു ബേബി ജോണുമായി നേരില്‍ സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയിലെ ഘടക കക്ഷിയാണ് കോവൂര്‍ കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള ആര്‍എസ്പി ലെനിനിസ്റ്റ്. എഎ അസീസിന്റെയും ഷിബു ബേബി ജോണിന്റെയും നേതൃത്വത്തിലുള്ള ആര്‍എസ്പിക്ക് ഇനി യുഡിഎഫില്‍ തുടര്‍ന്ന് പോകാന്‍ സാധിക്കില്ലെന്നും അതിനാല്‍ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കുഞ്ഞുമോന്‍ പറഞ്ഞു. 


നിലവില്‍ ആര്‍എസ്പിക്ക് നിയമസഭയില്‍ അംഗങ്ങളില്ല. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സീറ്റിലും പരാജയപ്പെട്ടിരുന്നു. എല്‍ഡിഎഫിന്റെയും ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടിയുടെയും പേരിലാണ് കോവൂര്‍ കുഞ്ഞുമോന്‍ ആര്‍എസ്പിയോട് മുന്നണി മാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്. ആര്‍എസ്പി ശക്തമായ പാര്‍ട്ടിയായി നിലനില്‍ക്കേണ്ടതുണ്ടെന്നും കുഞ്ഞുമോന്‍ പ്രതികരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ചവറയിലെ പരാജയത്തിന് പിന്നാലെ ഷിബു ബേബി ജോണ്‍ ആര്‍എസ്പിയില്‍ നിന്ന് അവധിയെടുത്തിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവധി അപേക്ഷ നല്‍കിയത്. ഇന്നലെ യുഡിഎഫ് യോഗത്തിലും ഷിബു പങ്കെടുത്തിരുന്നില്ല. ചവറയില്‍ വിജയം ഉറപ്പിച്ച് പ്രചാരണം നയിച്ചിരുന്ന ഷിബു ബേബി ജോണ്‍ അപ്രതീക്ഷിതമായ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. പിന്നാലെ യുഡിഎഫ് നേതൃത്വത്തിനെതിരെ അദ്ദേഹം കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios