ഡോർ ഹോളിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ കണ്ടത് കുറച്ച് തടിമാടൻമാരെയാണ് കണ്ടതെന്നും മസിലുള്ള കുറച്ച് പേരെ ഒന്നിച്ച് കണ്ടപ്പോൾ പേടിച്ച് പോയി എന്നുമാണ് നടന്‍റെ മൊഴി.

കൊച്ചി: ലഹരി പരിശോധക്കിടെ ഹോട്ടലില്‍നിന്ന് ഇറങ്ങിയ ഒടിയതുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു. നടനെതിരെ പൊലീസ് കേസെടുത്തു. ഡോർ ഹോളിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ കുറച്ച് തടിമാടൻമാരെയാണ് കണ്ടതെന്നും മസിലുള്ള കുറച്ചുപേരെ ഒന്നിച്ച് കണ്ടപ്പോൾ പേടിച്ച് പോയെന്നുമാണ് നടന്‍റെ മൊഴി. പലരുമായും സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ശത്രുക്കളുണ്ട്. ഗുണ്ടകള്‍ അപായപ്പെടുത്താന്‍ വന്നതാണെന്ന കരുതി. മസിലുള്ള കുറച്ച് പേരെ കണ്ടപ്പോള്‍ പേടിച്ചെന്നും അങ്ങനെയാണ് ഇറങ്ങി ഓടിയതെന്നും ഷൈന്‍ പൊലീസിനോട് പറഞ്ഞു. ജനലിലൂടെ താഴേക്ക് ചാടിയപ്പോള്‍ ഭയം തോന്നിയില്ല. ജീവന്‍ രക്ഷിക്കുക മാത്രമായിരുന്നു ആ നേരത്തെ ചിന്ത. ചാട്ടത്തില്‍ പരിക്കൊന്നും പറ്റിയില്ലെന്നും പൊലീസിന്‍റെ കബളിപ്പിക്കാന്‍ ഉദ്ദേശമില്ലായിരുന്നുവെന്നും ഷൈന്‍ പറഞ്ഞു. 

ഹോട്ടലി‍ല്‍ തന്നെ തേടിയെത്തിയത് പൊലീസാണെന്ന് അറിഞ്ഞത് പിറ്റേന്ന് രാവിലെയാണെന്നാണ് ഷൈന്‍ ടോം ചാക്കോയുടെ മൊഴി. സുഹൃത്തുക്കൾ വിളിച്ച് ചോദിച്ചപ്പോഴാണ് പൊലീസാണ് ഹോട്ടലിൽ എത്തിയതെന്ന് അറിഞ്ഞത്. പൊലീസിനെ കബളിപ്പിക്കാൻ ഉദ്ദേശമില്ലായിരുന്നു. താൻ രാസലഹരികൾ ഉപയോഗിക്കാറില്ലെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു. നടന്‍റെ മൊഴികൾ ശരിയാണോ എന്നറിയാൻ മെഡിക്കല്‍ പരിശോധന വേണമെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ഗൂഢാലോചന കുറ്റം നിലനിൽക്കുമോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ലഹരി റാക്കറ്റുമായി ബന്ധമുണ്ടോ എന്നറിനായാണ് ചോദ്യം ചെയ്യല്‍. ഫോൺ കാൾ രേഖകൾ അടക്കം ഹാജരാക്കിയുള്ള ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. 

അതേസമയം, ഷൈൻ ടോം ചാക്കോക്ക് മെഡിക്കൽ പരിശോധന നടത്തുന്നതിന്‍റെ സാധ്യതകളും പൊലീസ് തേടി. ഷൈനിന്‍റെ ആരോ​ഗ്യനിലയെ കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാനാണ് പൊലീസ് മെഡിക്കൽ പരിശോധന നടത്തുന്നത്. ചോദ്യം ചെയ്യലില്‍ ഷൈൻ പറഞ്ഞ കാര്യങ്ങളില്‍ വൈരുധ്യങ്ങളുണ്ട്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് താൻ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്ന് ഷൈൻ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. മെഡിക്കൽ പരിശോധന ചോദ്യം ചെയ്യലിന്‍റെ ഭാഗമായിട്ടാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ചോദ്യം ചെയ്യലിന്‍റെ ഇടവേളയിൽ മയങ്ങുന്ന ഷൈനിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ കൂടെ തുറന്ന് പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ പരിശോധന സാധ്യത പരിശോധിക്കുന്നതെന്നും പൊലീസ് പറയുന്നു.