ഒരുമാസമായി അർജുൻ കാണാമറയത്ത്; വേദനയോടെ കുടുംബം, ഗംഗാവലിപ്പുഴയിൽ കയർ കിട്ടിയ സ്ഥലത്ത് ഇന്ന് വീണ്ടും തെരച്ചിൽ
തിങ്കളാഴ്ച ഡ്രഡ്ജർ എത്തിക്കുന്നത് വരെ തെരച്ചില്‍ നടത്തുക മുങ്ങൽ വിദഗ്ധരായിരിക്കും. അനുമതി ലഭിച്ചാല്‍ നേവിയുമെത്തും. അർജുൻ ഓടിച്ച ലോറിയുടെ കയർ കിട്ടിയ ഭാഗത്താണ് പരിശോധന നടത്തുക.
ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ പെട്ട് മലയാളി ഡ്രൈവറായ അർജുനെ കാണാതായിട്ട് ഇന്നേക്ക് ഒരുമാസം തികയുന്നു. അര്‍ജുനായി കഴിഞ്ഞ ദിവസം നിർത്തിവെച്ച ഷിരൂർ ഗംഗാവലി പുഴയിലെ തെരച്ചില്‍ ഇന്ന് വീണ്ടും തുടരും. തിങ്കളാഴ്ച ഡ്രഡ്ജർ എത്തിക്കുന്നത് വരെ തെരച്ചില്‍ നടത്തുക മുങ്ങൽ വിദഗ്ധരായിരിക്കും. അനുമതി ലഭിച്ചാല്‍ നേവിയുമെത്തും. അർജുൻ ഓടിച്ച ലോറിയുടെ കയർ കിട്ടിയ ഭാഗത്താണ് പരിശോധന നടത്തുക.
രാവിലെ ഒൻപത് മണി മുതലാണ് തെരച്ചിൽ. പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുടെ സംഘാംഗങ്ങൾ, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവർ ഇന്ന് തെരച്ചിലിന് ഉണ്ടാകും. ഉത്തര കന്നഡ ജില്ലാ ഭരണകൂടം അനുമതി നൽകിയാൽ നാവിക സേനയും തെരച്ചിലിൽ പങ്കെടുക്കും. അർജുൻ ഓടിച്ച ലോറിയുടെ കയർ കിട്ടിയ ഭാഗത്തായിരിക്കും ഗംഗാവലി പുഴയിൽ തെരച്ചിൽ നടത്തുക. ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് പുറമേ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരേയും കണ്ടെത്താനുണ്ട്.
ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിൽ നിർണായക തെളിവ് ലഭിച്ചെന്ന് രക്ഷാ ദൗത്യം ഏകോപിക്കുന്ന ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലിൽ കയറടക്കം കണ്ടെത്തിയതിനാൽ അർജുന്‍റെ ലോറി പുഴക്കടിയിൽ തന്നെ ഉണ്ടെന്ന് ഉറപ്പായെന്നും അവർ വിവരിച്ചു. ലോറി പുഴക്ക് അടിയിൽ ഉണ്ടെന്നതിന്‍റെ തെളിവാണ് ഇന്ന് കയർ ലഭിച്ചതെന്നും കളക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഈ കയർ ലഭിച്ച സ്ഥലം അടിസ്ഥാനമാക്കിയായിരിക്കും ഇനിയുള്ള പരിശോധന. ഡ്രഡ്ജർ എത്തുന്നത് വരെ ഡൈവർമാർ തെരച്ചിൽ നടത്തുമെന്നും ഡ്രഡ്ജർ എത്തിയശേഷം തെരച്ചിൽ ഏതുതരത്തിൽ വേണമെന്ന് തീരുമാനമെടുക്കുമെന്നും കളക്ടർ വിവരിച്ചു. ഡ്രഡ്ജിംങ്ങും മുങ്ങിയുള്ള പരിശോധനയും ഒരുമിച്ച് നടത്താനാവില്ലെന്നും ഇത് പരിശോധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും അവർ വ്യക്തമാക്കി.
അതേസമയം അര്‍ജുന് വേണ്ടിയുള്ള തെരച്ചിലില്‍ പ്രതീക്ഷയുണ്ടെന്ന് സഹോദരി അഞ്ജു പ്രതികരിച്ചു. ഇനി കാര്യക്ഷമമായ തെരച്ചിൽ നടത്തണമെന്നും ജില്ലാ ഭരണകൂടം പറയുന്ന കാര്യങ്ങളല്ല പലപ്പോഴും നടക്കുന്നതെന്നും അതില്‍ വിഷമമുണ്ടെന്നും അഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അര്‍ജുന് വേണ്ടിയുള്ള തെരച്ചിലിനായി ഡ്രഡ്ജർ എത്തിക്കാൻ തീരുമാനമായിട്ടുണ്ട്. ഗോവയിൽ നിന്ന് തിങ്കളാഴ്ചയോടെ ഡ്രഡ്ജർ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. എന്നാൽ ഡ്രഡ്ജർ എത്തിക്കുന്നതിനായി 50 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. 22 ലക്ഷം രൂപയാണ് ട്രാൻസ്പോർട്ടേഷന് മാത്രമായി ചെലവ് വരുന്നത്. ജലമാർഗത്തിലായിരിക്കും ഡ്രഡ്ജർ എത്തിക്കുകയെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു.
https://www.youtube.com/watch?v=Ko18SgceYX8