കോഴിക്കോട്: ഒഴിഞ്ഞുപോകണമെന്ന് കുടുംബശ്രീ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മഹിളാമാളിന് മുന്നില്‍ വനിതാ സംരഭകരുടെ പൂക്കളപ്രതിഷേധം. ലക്ഷങ്ങള്‍ ചെലവാക്കി കച്ചവടം ചെയ്യുന്ന സംരഭകരോട് മാള്‍ ഒഴിഞ്ഞുപോകണമെന്നാണ് കുടുംബശ്രീ ആവശ്യപ്പെട്ടത്. 

ഓണത്തിന് മുമ്പായി മാളിന് മുന്നില്‍ പൂക്കളമിട്ടായിരുന്നു വനിതാ സംരഭകരുടെ പ്രതിഷേധം. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ലോക്ഡൗണിനെത്തുടര്‍ന്ന് പൂട്ടിയിട്ട മാള്‍ ഇതുവരെ തുറക്കാന്‍ കുടുംബശ്രീ തയ്യാറായില്ല. പിന്നാലെ മാള്‍ അടച്ചുപൂട്ടുകയാണെന്ന് കാണിച്ച് വനിതാ സംരഭകര്‍ക്ക് നോട്ടീസും നല്‍കി. ലക്ഷങ്ങള്‍ ചെലവഴിച്ച് കച്ചവടം ചെയ്തുവരുന്ന സ്ത്രീകളോട് കൊടും ക്രൂരതയാണ് കുടുംബശ്രീ യൂണിറ്റി ഗ്രൂപ്പ് കാണിക്കുന്നതെന്നാണ് സംരഭകരുടെ ആരോപണം.

മാളില്‍ കട തുറന്ന മിക്ക സ്ത്രീകളും ലക്ഷങ്ങള്‍ കടക്കാരാണിപ്പോള്‍. മുഖ്യമന്ത്രിയും അഞ്ച് മന്ത്രിമാരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തപ്പോള്‍ മികച്ച രീതിയില്‍ മുന്നോട്ടുപോകും എന്ന് പ്രതീക്ഷിച്ചാണ് മിക്കവരും ഇവിടെ കടതുടങ്ങാന്‍ തീരുമാനിച്ചത്. മാളിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായതോടെ ആരും തിരിഞ്ഞുനോക്കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.