മണിക്കൂറുകള്‍ കാത്തുനിന്ന് ഡോക്ടറെ കണ്ട് കുറിപ്പടിവാങ്ങി ഫാര്‍മസിയിലെത്തുമ്പോള്‍ കുറിച്ച് കൊടുത്ത മരുന്നുകളില്‍ ഭൂരിഭാഗവും ഫാര്‍മസിയിലില്ല. 

തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കൽ കോളേജിലും മരുന്ന് ക്ഷാമം രൂക്ഷം. ആസ്പിരിൻ, ഗർഭിണികൾ പതിവായി കഴിക്കുന്ന ഫോളിക് ആസിഡ് ഗുളികകൾ തുടങ്ങി മിക്ക മരുന്നുകളും തീർന്നു. ഡോക്ടർമാർ കുറിച്ച് നൽകുന്ന മരുന്നില്‍ പകുതിയിലേറെയും പുറത്ത് നിന്നാണ് വാങ്ങുന്നത്. മണിക്കൂറുകള്‍ കാത്തുനിന്ന് ഡോക്ടറെ കണ്ട് കുറിപ്പടിവാങ്ങി ഫാര്‍മസിയിലെത്തുമ്പോള്‍ കുറിച്ച് കൊടുത്ത മരുന്നുകളില്‍ ഭൂരിഭാഗവും ഫാര്‍മസിയിലില്ല. പുറത്തുനിന്ന് വാങ്ങൂ എന്ന് കൗണ്ടറിലിരിക്കുന്നവര്‍ കൈമലര്‍ത്തുന്നു. 

ആന്‍റിബയോട്ടിക്കുകൾ, രക്ത സമ്മർദത്തിനുള്ള ടെൽമസാൻഡ്, പ്രമേഹ മരുന്നുകൾ എന്നിവയൊന്നും കിട്ടാനില്ല. പകുതിയേറെ മരുന്നുകളും പുറത്തുനിന്ന് വാങ്ങേണ്ടിവരുന്ന അവസ്ഥയാണ്. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ലോക്കല്‍ പര്‍ച്ചൈസ് വഴിയാണ് മരുന്നെത്തിക്കുന്നത്. ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് പുറത്തുള്ളവരാണ് മരുന്ന് ക്ഷാമത്തില്‍ വലയുന്നവരിലേറെയും. മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ വഴിയുള്ള മരുന്ന് ലഭ്യത അടിയന്തിരമായി ഉറപ്പാക്കിയില്ലെങ്കില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ഉള്‍പ്പടെ പ്രതിദിനം ആയിരക്കണക്കിന് രോഗികളാശ്രയിക്കുന്ന ആശുപത്രികളില്‍ പ്രതിസന്ധി രൂക്ഷമാകും.

തൈറോയിഡിനുള്ള വിദഗ്ധ ചികിത്സ മുടങ്ങിയിട്ട് 6 വർഷം, ഫാർമസിയിൽ മരുന്നുകളുമില്ല, പരിഹാരം കാണുമെന്ന് ആര്‍സിസി

താളം തെറ്റി ആർസിസിയിലെ അർബുദ ചികിൽസ. തൈറോയ്ഡ് ചികിത്സയ്ക്ക് അത്യാവശ്യമായ റേഡിയോ അയഡിൻ അഭാവം കാരണം ആറ് വർഷമായി ആർസിസിയിൽ ഈ ചികിത്സ നടക്കുന്നില്ലെന്ന് ഡോക്ടർമാർ പറയുന്നു. വർഷം തോറും ഏറ്റവും കുറഞ്ഞത് 40 രോഗികളാണ് വിദഗ്ധ ചികിൽസ തേടി ഇപ്പോൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നത്. തൈറോയ്ഡ് രോഗം മൂർച്ഛിക്കുന്ന അവസ്ഥയിലാണ് റേഡിയോ അയഡിൻ ചികിൽസ നൽകുന്നത്. ഓപ്പറേഷൻ തിയേറ്ററുകളുടേയും റേഡിയേഷൻ മെഷീനുകളുടെയും അഭാവം കാരണം ക്യാൻസർ രോഗികൾ മാസങ്ങളായി ചികിത്സയ്ക്കായി കാത്തിരിക്കേണ്ടി വരുന്ന സാഹചര്യവുമുണ്ട്.

നിലവിൽ വിലകൂടിയ മരുന്നുകളും ജീവൻ രക്ഷാ മരുന്നുകളും ഉൾപ്പടെ പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതിയാണ് ആർസിസിയിൽ . മരുന്നുകളും ജീവൻരക്ഷാ ഉപകരണങ്ങളും അത്യാവശ്യമായി ഫാർമസി വഴി ലഭ്യമാക്കിയില്ലെങ്കിൽ പാവപ്പെട്ട രോഗികൾക്ക് തീരാദുരിതമാകുമെന്നാണ് ഡോക്ടർമാർ തന്നെ പറയുന്നത്. ഭൂരിപക്ഷം ഡോക്ടർമാരും ജീവനക്കാരും രാജിവച്ച് പോകുകയാണ്. ജീവനക്കാർക്ക് വേണ്ട ഒരു നല്ല പെൻഷൻ സ്കീം ആർസിസിയിൽ നിലവിലില്ല. സേവന വേതന വ്യവസ്ഥകൾ യഥാസമയം പരിഷ്കരിക്കാത്തതും കൊഴിഞ്ഞുപോക്കിന് കാരണമാകുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. ഒഴിവുള്ള ഈ തസ്തികകൾ നികത്താത്തതും ചികിൽസക്ക് തിരിച്ചടിയാണ്. വിരമിച്ച ജീവനക്കാരുടെയും രാജിവെച്ചു പോയ ജീവനക്കാരുടെയും തസ്തികകളിൽ പുനർ നിയമനം നടത്തണമെന്ന ആവശ്യവും ഡോക്ടർമാർക്കുണ്ട്. 

അതേസമയം നിലവിലെ പ്രതിസന്ധികള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്നാണ് ആര്‍സിസി അധികൃതര്‍ പറയുന്നത്. ഹൈഡോസ് റേഡിയോ അയഡിൻ ചികിത്സയാണ് മുടങ്ങിയതെന്നും ന്യൂക്ലിയര്‍ മെഡിസിനുള്ള പുതിയ കെട്ടിടം വരുന്നതോടെ ചികിത്സ പുനരാരംഭിക്കാന്‍ കഴിയുമെന്നും ആര്‍സിസി ഡയറക്ടര്‍ ഡോ.രേഖ നായര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിലവില്‍ ഈ ചികിത്സ ആവശ്യമുള്ള രോഗികളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കാണ് അയക്കുന്നത്. ക്ഷാമം നേരിട്ട മരുന്നുകള്‍ ഇപ്പോള്‍ ഫാര്‍മസി വഴി ലഭ്യമാക്കിയിട്ടുണ്ട്. ഡോകര്‍മാരുടെയും ജീവനക്കാരുടെയും സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്നും ശമ്പളം വര്‍ധിപ്പിക്കുമെന്നും ഡോ.രേഖ നായര്‍ പറഞ്ഞു.