തിരുവനന്തപുരം അഡീ സെഷൻസ് കോടതിയുടെതാണ് ഉത്തരവ്. നിസ്സാരവകുപ്പുകൾ മാത്രമാണ് എസ്എച്ച്ഒക്കെതിരെ ചുമത്തിയിരിക്കുന്നത്.
തിരുവനന്തപുരം: കിളിമാനൂരിൽ വയോധികനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ എസ്എച്ച്ഒ അനിൽകുമാറിൻെറ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തളളിയത്. പാറശാല മുൻ എസ്എച്ച്ഒയായ അനിൽകുമാർ വയോധികനെ ഇടിച്ചിട്ടും നിർത്താതെ പോയെന്നാണ് കേസ്. 10 വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തുമെന്നായിരുന്നു പൊലിസ് പറഞ്ഞിരുന്നത്. എന്നാൽ അഞ്ചു വർഷം തടവു ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമുളള കുറ്റമാണ് ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്.
എസ്എച്ച്ഒ അനിൽകുമാർ ഒളിവിലാണെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജില്ലാ ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. വാഹനമോടിച്ചത് എസ്എച്ച്ഒയാണെന്ന് തെളിയിക്കാൻ കസ്റ്റഡിൽ ചോദ്യം ചെയ്യണമെന്നും പൊലിസ് കോടതിയെ അറിയിച്ചു. തുടർന്ന് ജാമ്യ ഹർജി കോടതി തള്ളി. നിലവിൽ മജിസ്ട്രേറ്റ് കോടതി പരിഗണിക്കാവുന്ന കുറ്റങ്ങള്‍ മാത്രമേയുള്ളൂവെന്നും കോടതി നിരീക്ഷിച്ചു
കഴിഞ്ഞ ഏഴിന് പുലര്‍ച്ചെ അഞ്ചരയോടെയാണ് കിളിമാനൂര്‍ പൊലീസ് സ്റ്റേഷന് സമീപം വൃദ്ധനെ വാഹനമിടിച്ച നിലയില് കണ്ടെത്തുന്നത്. തട്ടത്തുമല സ്വദേശിയായ പി അനില്കുമാര് തന്‍റെ സ്വകാര്യ കാറിൽ പാറശ്ശാല സ്റ്റേഷിലേക്ക് പോകും വഴിയാണ് അപകടം. അപകടം ശ്രദ്ധയില് പെട്ടിട്ടും ആരെയും അറിയിക്കാതെ സ്റ്റേഷനിലെത്തുകയും പിറ്റേന്ന് ഒരു കേസിന്‍റെ അന്വേഷണത്തിനെന്ന് പറഞ്ഞ ബംഗ്ലൂരുവിലേക്ക് പോകുകയും ചെയ്തു. ഒന്നര മണിക്കൂറോളം രക്തത്തില് കുളിച്ച് കിടന്ന ചുമട്ടുതൊഴിലാളിയായ രാജന് അവിടെ വെച്ച് തന്നെ മരിച്ചു. സിസിടി വി ദൃശ്യങ്ങളില് നിന്നാണ് കാര് അനില്കുമാറിന്റെതെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.
ഇതിന് പിന്നാലെ ഇദ്ദേഹം ഒളിവിൽ പോകുകയായിരന്നു. തുടര്‍ന്ന് അനിൽ കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് റൂറൽ എസ് പി ദക്ഷിണമേഖല ഐജി ശ്യാംസുന്ദറിന് റിപ്പോര്‍ട്ട് നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷൻ. ജാമ്യമില്ലാ വകുപ്പ് ചുമത്തി അനില്‍കുമാറിനെതിരെ കോടതിയിൽ റിപ്പോര്‍ട്ട് നല്‍കി. കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ക്ക് കൈമാറി. മേലുദ്യോഗസ്ഥന്‍റെ അനുമതിയില്ലാതെയാണ് അനില്‍കുമാര്‍ പാറശ്ശാലയിൽ നിന്ന് സ്വന്തം വീട്ടിലേക്ക് പോയത്. ഇതുമായി ബന്ധപ്പെട്ട് പാറശ്ശാല ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിൻമേൽ അനില്‍കുമാറിനെതിരെ വകുപ്പ് തല അന്വേഷണവും ഉണ്ടാകും.



