Asianet News MalayalamAsianet News Malayalam

'രണ്ടില' യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന് നൽകരുത്: തെര. കമ്മീഷന് ജോസഫിന്‍റെ കത്ത്

സ്വതന്ത്രസ്ഥാനാർത്ഥിയെന്ന പേരിൽ വിമതനെ ഇറക്കി കളിച്ചതിന് പിന്നാലെയാണ് അവസാനനിമിഷം 'രണ്ടിലച്ചിഹ്നം' ജോസ് ടോമിന് നൽകരുതെന്ന് ജോസഫ് കത്ത് നൽകിയത്. 

should not give the two leaves symbol to jose tom pj joseph gives letter to election commission
Author
Kottayam, First Published Sep 4, 2019, 3:34 PM IST

കോട്ടയം: 'പാലാ'യിൽ പി ജെ ജോസഫിന്‍റെ പൂഴിക്കടകൻ. അവസാനനിമിഷം വിമത സ്ഥാനാർത്ഥിയെ ഇറക്കിയതിന് പിന്നാലെയാണ് ജോസഫ്, യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന് 'രണ്ടില' ചിഹ്നം നൽകരുതെന്ന് കത്ത് നൽകിയത്. അസിസ്റ്റന്‍റ് വരണാധികാരിക്കാണ് ജോസഫ് കത്ത് നൽകിയിരിക്കുന്നത്. ജോസ് കെ മാണിയുടെ പക്ഷത്ത് നിന്ന് സ്റ്റീഫൻ ജോർജ് രണ്ടിലച്ചിഹ്നം ജോസ് ടോമിന് 'രണ്ടില' ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയതിന് പിന്നാലെയാണ് കൊടുക്കരുതെന്നാവശ്യപ്പെട്ട് ജോസഫിന്‍റെ കത്ത്. 

തെങ്ങ്, ടെലിവിഷൻ, ഓട്ടോറിക്ഷ എന്നീ ചിഹ്നങ്ങളാണ് ജോസഫിന്‍റെ ഡമ്മി-കം-വിമത സ്ഥാനാർത്ഥിയായ ജോസഫ് കണ്ടത്തിൽ ആവശ്യപ്പെട്ടത്. രണ്ടിലച്ചിഹ്നം വേണമെന്നതിന് ജോസ് കെ മാണി പക്ഷം പറയുന്ന കാരണമിതാണ്. സ്റ്റിയറിംഗ് കമ്മിറ്റി തെരഞ്ഞെടുത്ത സ്ഥാനാർത്ഥിയാണ് ജോസ് ടോം പുലിക്കുന്നേൽ. ചിഹ്നം അനുവദിക്കാനുള്ള അധികാരം വരണാധികാരിക്കുണ്ട്. വർക്കിംഗ് ചെയർമാൻ മാത്രമാണ് ജോസഫ്. അതിനാൽ ചിഹ്നം അനുവദിക്കണമെന്ന് ജോസ് കെ മാണി പക്ഷത്തിന് വേണ്ടി കത്ത് നൽകിയ സ്റ്റീഫൻ ജോർജിന്‍റെ കത്ത്.

'രണ്ടില'ച്ചിഹ്നം അനുവദിക്കാനുള്ള വിവേചനാധികാരം വരണാധികാരിക്കാണെന്ന് നേരത്തേ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു. വരണാധികാരിക്ക് തീരുമാനമെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ മാത്രമേ ഇടപെടൂ എന്നാണ് മീണ വ്യക്തമാക്കിയത്. ഇതേത്തുടർന്നാണ് ചിഹ്നപ്രശ്നം വരണാധികാരിക്ക് മുന്നിലെത്തിയത്. 

വിമതനല്ല - ഡമ്മി!

വിമത സ്ഥാനാർത്ഥിയല്ല, ഡമ്മി സ്ഥാനാർത്ഥി മാത്രമാണ് ഇപ്പോൾ പത്രിക നൽകിയിരിക്കുന്ന കർഷക യൂണിയൻ സെക്രട്ടറി ജോസഫ് കണ്ടത്തിൽ എന്നാണ് ജോസഫ് പറയുന്നത്. ജോസ് ടോമിന്‍റെ പത്രികയിൽ ചില അപാകതകളുണ്ടെന്നാണ് കിട്ടിയ വിവരമെന്നും എന്തെങ്കിലും കാരണവശാൽ പത്രിക തള്ളിപ്പോയാൽ പ്രതിസന്ധിയുണ്ടാകാതിരിക്കാനാണ് ഡമ്മി സ്ഥാനാർത്ഥിയെ നിർത്തിയതെന്നും ജോസഫ് പക്ഷം പറയുന്നു. 

എന്നാൽ ജോസ് ടോം പത്രിക നൽകിയപ്പോൾത്തന്നെ ഡമ്മി സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്. അത് ഞങ്ങളറിഞ്ഞില്ലെന്ന വിചിത്രവാദമാണ് പി ജെ ജോസഫ് പക്ഷം പറയുന്നത്. ഇത് പ്രാദേശിക നേതാക്കൾ മാത്രമേ അറിഞ്ഞിട്ടുള്ളൂ എന്നാണ് ജോസഫ് പക്ഷ നേതാക്കൾ പറയുന്നത്. എന്നാൽ ജോസഫിന്‍റെ പി എയുടെ കൂടെയാണ് വിമതസ്ഥാനാർത്ഥി എത്തിയത്. അതുകൊണ്ട് തന്നെ ഇതിന് വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ട് താനും. 

എന്നാൽ ഇത്തരമൊരു വിമത നീക്കം യുഡിഎഫ് കേന്ദ്രങ്ങളോ ജോസ് കെ മാണി പക്ഷമോ പ്രതീക്ഷിച്ചിരുന്നതല്ല. എന്ന് മാത്രമല്ല, ഇത്തരമൊരു "ഡമ്മി'' സ്ഥാനാർത്ഥിയെ നിർത്തുമെന്ന തരത്തിലുള്ള ഒരു വിവരവും യുഡിഎഫ് കേന്ദ്രങ്ങൾക്കുണ്ടായിരുന്നതുമില്ല. ഡമ്മി സ്ഥാനാർത്ഥികളെ സാധാരണ നിർത്തുന്നത് യുഡിഎഫിന്‍റെ അറിവോടെയാകണം. എന്നാൽ അത് ഇവിടെയുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ജോസഫിന്‍റെ പൂഴിക്കടകൻ മുന്നണിയുടെ കെട്ടുറപ്പിനെത്തന്നെ ബാധിക്കുന്നതായി മാറിയെന്ന് ഉറപ്പാണ്. 

ഇനി എന്തുകൊണ്ടാണ് ഇത്തരമൊരു വിമതനീക്കം നടത്തിയതെന്ന് ജോസഫ് തന്നെയാണ് വിശദീകരിക്കേണ്ടത്. ജോസഫിന്‍റെ പിഎയുടെ കൂടെയാണ് ജോസഫ് കണ്ടത്തിൽ പത്രിക നൽകിയതെന്നതിനാൽ പ്രത്യേകിച്ചും, ഇത്തരമൊരു വിശദീകരണം വരുമെന്ന് തന്നെയാണ് പ്രതീക്ഷ. 

Follow Us:
Download App:
  • android
  • ios