അപേക്ഷ അംഗീകരിച്ചെന്നും ആശുപത്രികളെ സമീപിക്കാമെന്നുമായിരുന്നു ആരോഗ്യമന്ത്രിയുടെ വാക്ക്. എന്നാൽ ഉപകരണങ്ങളെത്താത്തതും ആശുപത്രികൾക്ക് ഫണ്ട് നൽകാത്തതും കാരണം ചികിത്സ വൈകുകയാണ്.

കണ്ണൂര്‍: കോക്ലിയർ ഇംപ്ലാന്‍റ് ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികൾ, ശ്രവണ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കായി കാത്തിരിപ്പ് തുടരുകയാണ്. അപേക്ഷ അംഗീകരിച്ചെന്നും ആശുപത്രികളെ സമീപിക്കാമെന്നുമായിരുന്നു ആരോഗ്യമന്ത്രിയുടെ വാക്ക്. എന്നാൽ ഉപകരണങ്ങളെത്താത്തതും ആശുപത്രികൾക്ക് ഫണ്ട് നൽകാത്തതും കാരണം ചികിത്സ വൈകുകയാണ്. ആശുപത്രിയിലെത്തുമ്പോൾ തിരിച്ചയക്കുകയാണെന്ന് രക്ഷിതാക്കൾ പറയുന്നു.

ശ്രുതിതരംഗം പദ്ധതി വഴി 457 പേരുടെ, ഇംപ്ലാന്‍റ് ചെയ്ത ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കും അപഗ്രഡേഷനും അനുമതി നൽകിയിട്ടുണ്ടെന്നും അവർക്ക് അടുത്തുള്ള എംപാനൽ ആശുപത്രി വഴി ചികിത്സ തേടാം എന്നുമാണ് കഴിഞ്ഞ വർഷം നവംബർ 16ന് ആരോഗ്യമന്ത്രി പറഞ്ഞത്. മന്ത്രിയുടെ വാക്കുകള്‍ സർക്കാരിൽ അപേക്ഷ നൽകി കാത്തിരുന്നവർക്ക് പ്രതീക്ഷയായി. ആശുപത്രികളെ സമീപിക്കാൻ കത്ത് വന്നു. എന്നാൽ, സർക്കാർ അനുമതി നൽകിയിട്ടും അടിയന്തര ആവശ്യമായിട്ടും നടപടികൾക്ക് വേഗം പോര. കേൾവിയുടെ ലോകത്തേക്കെത്താൻ കുട്ടികൾക്ക് ഇനിയും കാത്തിരിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ് എന്നാണ് ഉയരുന്ന ചോദ്യം.

കമ്പനികളുമായി ധാരണയിലെത്തിയെന്ന് സർക്കാർ പറയുന്നെങ്കിലും ഉപകരണങ്ങൾ എത്തിയിട്ടില്ല. ആശുപത്രികൾക്ക് നൽകാനുളള തുക കുടിശ്ശികയാണ്. മലബാറിലെ ഒരു സ്വകാര്യ ആശുപത്രിക്ക് മാത്രം 33 ലക്ഷം രൂപ നൽകാനുണ്ട്. ഉപകരണങ്ങൾ കേടാവുന്നതോടെ കേൾക്കാതാവുന്ന കുട്ടികൾക്ക് വലിയ പ്രയാസമാണ്. തടസം നീക്കിയില്ലെങ്കിൽ സങ്കടത്തിലാകുന്നത്, ശബ്ദങ്ങളകന്നുപോകുന്ന കുട്ടികളാണ്.