Asianet News MalayalamAsianet News Malayalam

നെടുങ്കണ്ടം കസ്റ്റഡിമരണം; എസ്പിയുടെ നിർദ്ദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്തതെന്ന് എസ്ഐ

എസ്‍പി കെ ബി വേണുഗോപാലിന്‍റെ നിർദ്ദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്തതെന്നും ചോദ്യം ചെയ്തതെന്നും കേസിലെ ഒന്നാം പ്രതി എസ്ഐ സാബു വെളിപ്പെടുത്തി.

si against idukki sp on nedumkandam custody death
Author
Idukki, First Published Jul 16, 2019, 7:16 PM IST

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ ആരോപണ വിധേയനായ മുന്‍ ഇടുക്കി എസ്പിക്കെതിരെ കേസിലെ ഒന്നാം പ്രതി എസ്ഐ സാബു. എസ്‍പി കെ ബി വേണുഗോപാലിന്‍റെ നിർദ്ദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്തതെന്നും ചോദ്യം ചെയ്തതെന്നും എസ്ഐ സാബു വെളിപ്പെടുത്തി. ഡിവൈഎസ്പിക്കും അറസ്റ്റ് വിവരം അറിയാമായിരുന്നു. രാജ്കുമാറിനെ കസ്റ്റഡിയിൽ എടുക്കുമ്പോൾ സ്റ്റേഷനിൽ ഇല്ലായിരുന്നുവെന്നും എസ് പിയുടെ നിർദ്ദേശപ്രകാരം സഹപ്രവർത്തകരാണ് ചോദ്യം ചെയ്തതെന്നും എസ്ഐ പറയുന്നു. തൊടുപുഴ കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിലാണ് എസ്ഐ സാബുവിന്‍റെ വെളിപ്പെടുത്തൽ.

ഇതിനിടെ, സംഭവത്തില്‍ പീരുമേട് സബ്‍ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചു. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നെടുങ്കണ്ടം ജയിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ വാസ്റ്റിൻ ബോസ്കോയെ ജയിൽ മേധാവി സസ്പെന്‍ഡ് ചെയ്തു. താൽക്കാലിക വാർഡൻ സുഭാഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. വകുപ്പ് തല അന്വേഷണത്തിന് ചീമേനി ജയിൽ സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

കേസില്‍ ആരോപണ വിധേയനായ ഇടുക്കി എസ്പി കെ ബി വേണുഗോപാലിനെ നേരത്തെ തൽസ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ഭീകരവിരുദ്ധ സ്ക്വാഡിലേക്കാണ് എസ്പിയെ മാറ്റിയത്. രാജ്‍കുമാറിന്‍റെ കസ്റ്റഡിമരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള വസ്തുതാ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് സമര്‍പ്പിച്ചതിന് പിന്നാലെയായിരുന്നു എസ്പിക്കെതിരായ നടപടി.

Follow Us:
Download App:
  • android
  • ios