ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കെഎ സാബുവിനെ കോട്ടയം മെഡി.കോളേജില്‍ പ്രവേശിപ്പിച്ചു.

കോട്ടയം: നെടുങ്കണ്ടം പൊലീസ് കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ മുന്‍ നെടുങ്കണ്ടം എസ്ഐ കെഎ സാബു ക്രൈംബ്രാഞ്ച് ഓഫീസില്‍ കുഴഞ്ഞു വീണു. അറസ്റ്റ് ചെയ്യുകയാണെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചതിന് പിന്നാലെയാണ് ഇയാള്‍ക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. 

ഉടനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കെഎ സാബുവിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇയാളുടെ ഇസിജിയില്‍ വ്യതിയാനം കണ്ടെത്തി. രക്തസമ്മര്‍ദ്ദം കുറവാണെന്നും ഡോക്ടര്‍മാര്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ അറിയിച്ചു. 

ഇതേ തുടര്‍ന്ന് വിദഗ്ദ്ധ പരിശോധനയ്ക്കായി ഇയാളെ കോട്ടയം മെഡി.കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോള്‍ ഇദ്ദേഹം ഇവിടെ നിരീക്ഷണത്തിലാണ്. ആരോഗ്യനിലയില്‍ മറ്റു പ്രശ്നങ്ങളില്ലാത്ത പക്ഷം എസ്ഐയെ ഇന്ന് തന്നെ റിമാന്‍ഡ് ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു.