കെകെ ലതിക, ശശികല, റഹീം എന്നിവരുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ടി സിദ്ധിഖിൻ്റെ ഭാര്യയുടെ പരാതി

കോഴിക്കോട്: സമൂഹ മാധ്യമങ്ങൾ വഴി അപമാനിക്കുന്നതായി ടി സിദ്ധീഖ് എംഎൽഎയുടെ ഭാര്യ ഷറഫുന്നീസയുടെ പരാതി. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം സിദ്ധീഖും ഷറഫുന്നീസയും ഇരിക്കുന്ന ചിത്രം മോശമായി പ്രചരിപ്പിച്ചെന്നു കാട്ടിയാണ് കോഴിക്കോട് കമ്മീഷണർക്ക് പരാതി നൽകിയത്. കെകെ ലതിക, ശശികല റഹീം തുടങ്ങിയ ഫേസ് ബുക്ക്‌ പ്രൊഫൈലുകൾക്ക് എതിരെയാണ് പരാതി നൽകിയത്. കഴിഞ്ഞ ദിവസമാണ് സ്ത്രീകളുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത്. സംസ്ഥാനത്താകെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം കനക്കുകയാണ്. രാഹുൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.

അതേസമയം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരും. എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് തള്ളുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കേണ്ട സാഹചര്യമില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. സംഘടനാപരമായ നടപടി മാത്രം മതിയെന്നും കോണ്‍ഗ്രസിൽ ധാരണയായി. അതേസമയം, രാഹുലിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അന്വേഷിക്കാൻ സമിതിയെ നിയോഗിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. രാഹുലിനെതിരായ എല്ലാ ആരോപണങ്ങളും സമിതി അന്വേഷിക്കും. ലൈംഗികാതിക്രമ കേസ് നേരിട്ടിട്ടും മുകേഷ് എംഎൽഎയായി തുടരന്നതടക്കം ഉന്നയിച്ച് കോണ്‍ഗ്രസ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്നുള്ള ആവശ്യത്തെ പ്രതിരോധിക്കും.