Asianet News MalayalamAsianet News Malayalam

കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം: 'പഠിക്കാന്‍ സിക്കിം സംഘം തിരുവനന്തപുരത്ത്'

സിക്കിം സംസ്ഥാന അവാര്‍ഡ് ജേതാക്കളും 27 പ്രശംസാ അവാര്‍ഡ് നേടിയ അധ്യാപകരുമാണ് കേരള മോഡലിനെ കുറിച്ച് പഠിക്കാന്‍ സംസ്ഥാനത്തെത്തിയത്.

sikkim education department to study kerala model of education joy
Author
First Published Jan 27, 2024, 7:17 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് പഠിക്കാന്‍ സിക്കിമില്‍ നിന്നുള്ള സംഘം തിരുവനന്തപുരത്തെത്തി. അധ്യാപകരും അനധ്യാപകരും അടങ്ങുന്ന സംഘമാണ് സംസ്ഥാനത്ത് എത്തിയത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ 12 സംസ്ഥാന അവാര്‍ഡ് ജേതാക്കളും 27 പ്രശംസാ അവാര്‍ഡ് നേടിയ അധ്യാപകരുമാണ് കേരള മോഡലിനെ കുറിച്ച് പഠിക്കാന്‍ സംസ്ഥാനത്തെത്തിയിട്ടുള്ളതെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

'സിക്കിം സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് യാത്ര സംഘടിപ്പിച്ചത്. യാത്രയില്‍ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനവും സ്‌കൂള്‍ സന്ദര്‍ശനവും ഇവിടുത്തെ അദ്ധ്യാപകരുമായുള്ള ആശയവിനിമയവും സംഘം നടത്തും. കേരള മോഡലിന്റെ പ്രത്യേകതകളെക്കുറിച്ചും സംഘം പഠനം നടത്തും.' തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ എത്തിയ സംഘവുമായി മന്ത്രി വി ശിവന്‍കുട്ടി ആശയവിനിമയം നടത്തി. കേരള മാതൃകയെയും കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മതേതര ചട്ടക്കൂടിനെയും സംഘം അഭിനന്ദിച്ചെന്ന് മന്ത്രി പറഞ്ഞു. 


അധ്യാപകര്‍ക്കുള്ള മൂന്നാം ക്ലസ്റ്റര്‍ പരിശീലനം പൂര്‍ത്തിയായി

തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപകര്‍ക്കുള്ള മൂന്നാം ക്ലസ്റ്റര്‍ പരിശീലനം പൂര്‍ത്തിയായി. ആകെ 1,32,346 അധ്യാപകര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. എല്‍ പി വിഭാഗത്തില്‍ 52,564 അധ്യാപകര്‍ പങ്കെടുത്തു. മൊത്തം പങ്കെടുക്കേണ്ട അധ്യാപകരുടെ 90.25% ആണിത്. യുപി വിഭാഗത്തില്‍ 39,568 അധ്യാപകര്‍ ആണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. ഇത് ആകെ പങ്കെടുക്കേണ്ട അധ്യാപകരില്‍ 88.89% വരും. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 40,214 അധ്യാപകര്‍ ക്ലസ്റ്റര്‍ പരിശീലനത്തില്‍ പങ്കെടുത്തു. മൊത്തം പങ്കെടുക്കേണ്ട അധ്യാപകരില്‍ 86.95% ആണിതെന്ന് മന്ത്രി ശിവന്‍കുട്ടിയുടെ ഓഫീസ് അറിയിച്ചു.

ക്ലസ്റ്റര്‍ അധ്യാപക പരിശീലന ദിനത്തില്‍ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂള്‍ സന്ദര്‍ശിച്ച് അധ്യാപകരുമായി ആശയവിനിമയം നടത്തി. മതിയായ കാരണങ്ങള്‍ ഇല്ലാതെ ആരെങ്കിലും അവധി എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. എല്‍ പി തലം ക്ലാസ് അടിസ്ഥാനത്തില്‍ പഞ്ചായത്ത് തലത്തിലും യുപി തലം വിഷയാടിസ്ഥാനത്തില്‍ ബി.ആര്‍സി തലത്തിലും ഹൈസ്‌കൂള്‍ തലം വിഷയാടിസ്ഥാനത്തില്‍ വിദ്യാഭ്യാസ ജില്ലാതലത്തിലും ആണ് ക്ലസ്റ്റര്‍ പരിശീലനങ്ങള്‍ നടന്നത്. 40-50 അധ്യാപകര്‍ക്ക് ഒരു ബാച്ച് എന്ന ക്രമത്തിലാണ് ക്ലസ്റ്റര്‍ പരിശീലനങ്ങള്‍ ആസൂത്രണം ചെയ്തത്. ഒരു ബാച്ചിന് രണ്ട് റിസോഴ്‌സ് പേഴ്‌സണുകള്‍ എന്ന നിലയിലാണ് ക്രമീകരണം നടത്തിയത്.

കഴിഞ്ഞ ക്ലസ്റ്റര്‍ പരിശീലനത്തിനുശേഷം ക്ലാസില്‍ നടന്ന പഠന പ്രവര്‍ത്തനങ്ങളുടെ അവലോകനം, രണ്ടാം ടേം മൂല്യനിര്‍ണയത്തിന്റെ ഫീഡ്ബാക്ക് പങ്കുവെക്കല്‍, ഫെബ്രുവരി അവസാനം വരെ പഠിപ്പിക്കേണ്ട കാര്യങ്ങളുടെ ആസൂത്രണം, കുട്ടികളുടെ മികവുകള്‍ രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും മുന്നില്‍ പ്രകടിപ്പിക്കുന്ന പഠനോത്സവത്തിന് സജ്ജമാക്കുന്നതിനായുള്ള പ്രാഥമിക ധാരണ നല്‍കുക എന്നിവയാണ് ക്ലസ്റ്റര്‍ പരിശീലനത്തിന്റെ ഭാഗമായി നടത്തിയത്. ഇതിനുമുമ്പ് 2023 ഒക്ടോബര്‍ ഏഴിനും 2023 നവംബര്‍ 23നുമാണ് ക്ലസ്റ്റര്‍ പരിശീലനങ്ങള്‍ നടന്നത്.

വിദ്യാർഥിനിക്ക് മദ്യം നൽകി പീഡനം; യുവതിക്ക് 13 വര്‍ഷം തടവും പിഴയും, വിധി ഏറെ കോളിളക്കമുണ്ടാക്കിയ കേസിൽ 
 

Latest Videos
Follow Us:
Download App:
  • android
  • ios