സെബാസ്റ്റ്യന്‍റെ വീട്ടിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയതിന് പിന്നാലെ നിരവധി തിരോധാന കേസുകൾ പൊലീസന് മുൻപിലേക്ക്
ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്തെ സെബാസ്റ്റ്യന്‍റെ വീട്ടിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയതിന് പിന്നാലെ നിരവധി തിരോധാന കേസുകൾ പൊലീസിന് മുൻപിലേക്ക് വരികയാണ്. 5 വർഷം മുൻപ് ചേർത്തലയിൽ നിന്ന് കാണാതായ സിന്ധുവിന്‍റെ വിശദാംശങ്ങൾ പൊലീസ് തേടി. സിന്ധുവിന് എന്ത് സംഭവിച്ചുവെന്ന് അറിയണമെന്ന് അമ്മ ലീല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അഞ്ച് വർഷം മുൻപാണ് കാണാതായത്. അമ്പലത്തിൽ പോയതാണ്. പിന്നെ തിരിച്ചുവന്നില്ല. എന്ത് സംഭവിച്ചു എന്ന് അറിയില്ല. പൊലീസ് ഒന്നും കണ്ടുപിടിച്ചില്ല. നിലവിലെ അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും എന്താണ് മകൾക്ക് സംഭവിച്ചത് എന്ന് അറിയണമെന്നും ലീല പറഞ്ഞു.
2020 സെപ്തംബറിലാണ് അമ്പലത്തിലേക്ക് പോയ സിന്ധുവിനെ കാണാതായത്. അമ്മ ലീല പറയുന്നതിങ്ങനെ- "ഫോണ്‍ എടുത്തിരുന്നില്ല. 100 രൂപ മാത്രമാണ് എടുത്തത്. വഴിപാട് കഴിച്ച് വേഗം വരാമെന്ന് പറഞ്ഞ് പോയതാ. കുറേ നേരം കഴിഞ്ഞിട്ടും വരാതിരുന്നതോടെ തിരക്കിയിറങ്ങി. അന്വേഷിച്ചിട്ടും വിവരമൊന്നും കിട്ടിയില്ല എന്നാണ് പൊലീസ് പറഞ്ഞത്. കേസ് നിർത്തിവയ്ക്കുകയാണ് എന്നാണ് പിന്നീട് അറിയിച്ചത്. കാര്യമായ അന്വേഷണമൊന്നും ഉണ്ടായിട്ടില്ല."
സെബാസ്റ്റ്യനെ പരിചയമില്ലെന്നും ലീല പറഞ്ഞു. പൊലീസ് കഴിഞ്ഞ ദിവസം എത്തി വിവരങ്ങൾ വീണ്ടും അന്വേഷിച്ചിരുന്നുവെന്നും ലീല പറഞ്ഞു- "അഞ്ച് വർഷമാകാൻ പോകുന്നു. ഞങ്ങൾക്ക് അവളെ കിട്ടണം. ആള് ഉണ്ടെന്നെങ്കിലും അറിയണം"- കണ്ണീരോടെ ലീല പറഞ്ഞു.
കോട്ടയം ഏറ്റുമാനൂർ സ്വദേശി ജൈനമ്മയുടെ തിരോധാന കേസിലാണ് സെബാസ്റ്റ്യനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ സെബാസ്റ്റ്യനെ ചേർത്തലയിലെ ജ്വല്ലറിയിൽ എത്തിച്ചു നടത്തിയ തെളിവെടുപ്പിൽ ജൈനമ്മയുടേതെന്ന് കരുതുന്ന സ്വർണം ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ചേർത്തല ഡിവൈഎസ്പിയുടെ ഓഫീസിനു മുൻപിലുള്ള സ്വർണക്കടയിൽ നിന്നാണ് സ്വർണം വീണ്ടെടുത്തത്. ജൈനമ്മയെ സെബാസ്റ്റ്യൻ കൊലപ്പെടുത്തി സ്വർണം അപഹരിച്ചു എന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.
കൊലപാതകം എന്ന നിലയിൽ ആണ് ജൈനമ്മയുടെ കേസ് അന്വേഷണം മുന്നോട്ട് പോകുന്നത്. പള്ളിപ്പുറത്തെ സെബാസ്റ്റ്യന്‍റെ വീട്ടുപരിസരത്ത് നിന്ന് ലഭിച്ച ശരീര അവശിഷ്ടങ്ങൾ ജൈനമ്മയുടേതാണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. സ്ഥിരീകരണത്തിന് ഡിഎൻഎ പരിശോധനാ ഫലം വരണം. ബിന്ദു പദ്മനാഭൻ, ഐഷ എന്നിവരുടെ തിരോധാന കേസുകളിലും സെബാസ്റ്റ്യൻ സംശയ നിഴലിലാണ്.
ഐഷയെ കാണാതായ കേസിലും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. പള്ളിപ്പുറത്തെ വീട്ടുപരിസരത്തോ വീട്ടിനുള്ളിൽ നിന്നോ എന്തെങ്കിലും തെളിവുകൾ ലഭിക്കുമോ എന്ന് അറിയാനാണ് അന്വേഷണസംഘം വിശദമായ പരിശോധന നടത്തുന്നത്. നാളെയായിരിക്കും വിശദമായ പരിശോധന നടക്കുക. ആലപ്പുഴ ക്രൈം ബ്രാഞ്ച് അന്വേഷണസംഘവും പള്ളിപ്പുറത്തെ വീട്ടിൽ എത്തി പരിശോധന നടത്തും.



