കൊച്ചി: എന്ത് സംഭവിച്ചാലും താൻ മഠം വിട്ട് പോകില്ലെന്ന് ആവർത്തിച്ച് സിസ്റ്റർ ലൂസി കളപ്പുര. തന്നെ പിടിച്ചിറക്കാമെന്ന് സ്വപ്നം കാണേണ്ടെന്നും സഭ മേലധ്യക്ഷന്മാരെ ലക്ഷ്യമിട്ട് സിസ്റ്റർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അവർ. തനിക്ക് വത്തിക്കാനിൽ നിന്ന് ഒരു സ്ത്രീയെന്ന പരിഗണന പോലും ലഭിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തി.

"ബിഷപ്പുമാരുടെ തെറ്റുകൾ സമ്മതിച്ചു കൊടുക്കാൻ ഇനി ആകില്ല. വത്തിക്കാൻ ഒരു സ്ത്രീ എന്ന പരിഗണന പോലും തനിക്ക് നൽകിയില്ല. സത്യം പറഞ്ഞതിനാണ് സഭയിൽ നിന്ന് പുറത്താക്കിയത്. സഭ തനിക്ക് നീതി നൽകിയില്ല. തന്റെ ഭാഗം കേൾക്കാൻ പോലും കാനോൻ നിയമം തയ്യാറായില്ല. നീതി ഉറപ്പാക്കാൻ കഴിയാത്ത ആ നിയമത്തെ പുച്ഛിച്ചു തള്ളുന്നു. ഇന്ത്യൻ നിയമത്തെ ബഹുമാനിക്കും. അതിനാൽ നിയമ പോരാട്ടം തുടരും." നിസ്സഹായരായ കന്യാസ്ത്രീകളെ പിന്തുണച്ചതിനാണ് പുറത്താക്കലെങ്കിൽ ഇനിയും സത്യം വിളിച്ചു പറയുമെന്നും സിസ്റ്റർ ലൂസി കളപ്പുര . 

"അധികാരവും പണവും സഭയ്ക്ക് ഒപ്പമാണ്. എനിക്ക് എത്രമാത്രം പിടിച്ചുനിൽക്കാൻ സാധിക്കുമെന്ന് അറിയില്ല. എന്നെ അവർ ഭയക്കുന്നുണ്ട്. അതിനാലാണ് പുറത്താക്കുന്നത്. എഫ്സിസി സന്യാസിനി സമൂഹം മേലധ്യക്ഷന്മാരുടെ സംരക്ഷകരാണ്," എന്നും സിസ്റ്റർ ലൂസി പറഞ്ഞു.

Read more at: കൈവിട്ട് വത്തിക്കാന്‍; സിസ്റ്റര്‍ ലൂസി കളപ്പുരയുടെ രണ്ടാമത്തെ അപ്പീലും തള്ളി

''എന്നെ ഇറക്കി വിടാനോ, പിടിച്ചു പുറത്താക്കാനോ, അങ്ങനെ ഒരു സ്വപ്നവും നിങ്ങൾ കാണണ്ട. ആ സ്വപ്നം നിങ്ങൾ വിട്ടുകളയുക. സത്യത്തിന് വേണ്ടിയാണ് ഞാൻ നില കൊള്ളുന്നത്. അതിനായി മരിക്കാനും ഞാൻ തയ്യാറാണ്. തെറ്റുകൾ ഇനിയും ചൂണ്ടിക്കാണിക്കും. എഫ്സിസിയുടെയോ മറ്റ് സന്യാസസഭകളുടെയോ പുരോഹിതരുടെയോ ബിഷപ്പുമാരുടെയോ തെറ്റുകൾക്ക്, വളം വച്ച് കൊടുക്കാൻ ഇനി ഞാൻ അനുവദിക്കില്ല. അതിന്‍റെ പേരിൽ ഇനി പുറത്തുപോകാനും ഞാൻ തയ്യാറല്ല'', സിസ്റ്റർ ലൂസി പറയുന്നു.

''ഈ സന്യാസ ഭവനത്തിനുള്ളിൽ എനിക്കൊരു മുറിയുണ്ടിപ്പോൾ. ആ മുറി അവർ തല്ലിത്തകർക്കുമോ? എങ്കിൽ കാണട്ടെ. 'ക്രൈസ്തവ ചൈതന്യം' ഇതാണോ? ലോകം കാണട്ടെ. ക്രിസ്തുവിന്‍റെ സ്നേഹം ഇതാണോ എന്ന് ലോകം കാണട്ടെ. ഞാൻ ഉള്ളിലനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ 'ചൈതന്യം' എന്താണെന്ന് എനിക്കറിയാം. എഫ്സിസിക്കാർ ഇപ്പോഴെന്നോട് കാണിക്കുന്ന 'ചൈതന്യം' '', എന്ന് സിസ്റ്റർ ലൂസി.

വത്തിക്കാനെതിരെയും സിസ്റ്റർ ലൂസി ആഞ്ഞടിക്കുന്നു. ''ഒരു കൊലപാതകിയോട് പോലും ഇങ്ങനെ കാണിക്കില്ല. വത്തിക്കാൻ അത്ര ക്രൂരമായാണ് എന്നോട് പെരുമാറിയത്. ഒരു കൊലപാതകിയെ കൊണ്ടുവന്നാൽ അയാൾക്ക് പറയാനുള്ളതെന്തെന്ന് കേൾക്കും. അയാളുടെ ഭാഗമെന്തെന്ന് കേൾക്കും. അത് പോലും ഇവിടെയുണ്ടായിട്ടില്ല. ഒരു സ്ത്രീയെന്ന നിലയിൽ പോലും ആ പരിഗണന കിട്ടാതിരുന്നത് ഞാൻ സത്യം പറഞ്ഞതുകൊണ്ടാ. അതിന്‍റെ പേരിൽ എനിക്ക് അഭിമാനമുണ്ട്. സത്യം പറഞ്ഞതിന്‍റെ പേരിലാണ് ഞാനീ അനുഭവിക്കുന്നത് എന്നതിൽ ഞാൻ സന്തോഷിക്കുന്നു. ലോകത്തോട് ഞാൻ വിളിച്ച് പറയാനാഗ്രഹിക്കുന്നത് ഇതാണ്. ആര് എന്നെ പുറത്തിറക്കി വിടാൻ നോക്കിയാലും ഞാൻ പോകില്ല. ഒരു സന്യാസിനിയായിത്തന്നെ ഞാൻ ജീവിക്കും. അഭിമാനത്തോടെ'', സിസ്റ്റർ ലൂസി തുറന്നടിക്കുന്നു.