വയനാട്: എഫ്‌സിസി മഠത്തിൽ നിന്നും പുറത്താക്കിയതിനെതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ ഹർജി വത്തിക്കാൻ രണ്ടാമതും തള്ളി. അപ്പീൽ തള്ളിക്കൊണ്ട് വത്തിക്കാനില്‍ നിന്നും സിസ്റ്റർക്ക് മറുപടി ലഭിച്ചു. സഭാ നിയമങ്ങൾ ലംഘിച്ച് ജീവിച്ചെന്നാരോപിച്ച് കഴിഞ്ഞ ഓഗസ്റ്റിലാണ് സിസ്റ്റർ ലൂസി കളപ്പുരയെ ഫ്രാന്‍സിസ്‍കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ നിന്നും പുറത്താക്കികൊണ്ട് മഠം അധികൃതർ ഉത്തരവിറക്കിയത്.

എന്നാൽ ഇതിനെതിരെ സിസ്റ്റർ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന് അപ്പീൽ നൽകി. സഭയ്ക്കെതിരായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും സഭയില്‍നിന്നു പുറത്താക്കികൊണ്ടുള്ള നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സിസ്റ്റര്‍ അപ്പീല്‍ നല്‍കിയത്. എന്നാല്‍ അപ്പീല്‍ നല്‍കി രണ്ടുമാസം പിന്നിട്ടപ്പോള്‍ സിസ്റ്ററുടെ ആവശ്യം തള്ളിക്കൊണ്ട് സഭ മറുപടി നല്‍കിയിരുന്നു. 

ഇതിന് പിന്നാലെ ഒരു കാരണവശാലും മഠത്തില്‍നിന്നും ഇറങ്ങില്ലെന്നും വത്തിക്കാനിലെ ഉന്നത സഭാഅധികൃതർക്ക് വീണ്ടും അപ്പീല്‍ നല്‍കുമെന്നും സിസ്റ്റര്‍ അന്നുതന്നെ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഉന്നത കത്തോലിക്കാ സഭാ അധികൃതർക്ക് സിസ്റ്റർ വീണ്ടും അപ്പീൽ നൽകി. ഈ അപ്പീലും തള്ളിക്കൊണ്ടുള്ള അറിയിപ്പാണ് കഴിഞ്ഞ ദിവസം സിസ്റ്റർക്ക് ലഭിച്ചിരിക്കുന്നത്.

ഇതോടെ സിസ്റ്ററെ മാനന്തവാടിയിലെ എഫ്‌സിസി മഠത്തിൽ നിന്നും പുറത്താക്കാൻ അധികൃതർ ശ്രമം ശക്തമാക്കും. എന്നാൽ നടപടിക്കെതിരെ നിയമപരമായി മുന്നോട്ട് നീങ്ങാനാണ് സിസ്റ്ററുടെ തീരുമാനം. മഠത്തിൽ നിന്നും പുറത്താക്കികൊണ്ടുള്ള നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റർ നൽകിയ ഹർജി മാനന്തവാടി മുൻസിഫ് കോടതിയുടെ പരിഗണനയിലാണ്. 

ദാരിദ്ര്യവൃതം ലംഘിച്ചു, ചുരിദാർ ധരിച്ചു, ചാനല്‍ ചർച്ചകളില്‍ പങ്കെടുത്തു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യസ്‍ത സഭ വയനാട് കാരയ്ക്കാമല മഠത്തിലെ കന്യാസ്ത്രീയും അധ്യാപികയുമായ സിസ്റ്റർ ലൂസി കളപ്പുരയെ സഭയില്‍നിന്ന് പുറത്താക്കിയത്.