Asianet News MalayalamAsianet News Malayalam

മഠത്തിൽ നിന്ന് പുറത്താക്കിയത് റദ്ദാക്കണം: വീണ്ടും വത്തിക്കാന് അപ്പീലുമായി സിസ്റ്റർ ലൂസി കളപ്പുര

കേരളത്തിലെ സഭാ അധികൃതർ ബലാത്സംഗ കേസിലും ഭൂമി കുംഭകോണങ്ങളിലും പ്രതികളാകുന്നത് പ്രതിച്ഛായക്ക് തിരിച്ചടി. എഫ്സിസിയുടെ ഭാഗമായി തുടരാൻ അനുവദിക്കില്ലെങ്കിൽ കന്യാസ്ത്രീയായി തന്നെ തുടരാന്‍ വീടും സൗകര്യങ്ങളും നല്‍കണമെന്നും അപ്പീലിൽ.

Sister Lucy sent appeal again to Vatican
Author
Wayanad, First Published Nov 6, 2019, 7:38 AM IST

വയനാട്: മഠത്തില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റർ ലൂസി കളപ്പുര വത്തിക്കാനിലേക്ക് വീണ്ടും അപ്പീലയച്ചു. പഴഞ്ചന്‍ വ്യവസ്ഥകളും കടുംപിടുത്തങ്ങളും ഒഴിവാക്കി സഭ കാലത്തിനനുസരിച്ച് മാറേണ്ട സമയം അതിക്രമിച്ചുവെന്നും, ഭൂമി കുംഭകോണങ്ങളിലും ബലാല്‍സംഗകേസുകളിലും സഭാ അധികൃതർ പ്രതികളാകുന്നത് കേരളത്തില്‍ സഭയുടെ പ്രതിച്ഛായക്ക് കനത്ത ആഘാതമേല്‍പിക്കുന്നെന്നും അപ്പീലില്‍ പറയുന്നു.  

സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ജീവിച്ചെന്ന് ചൂണ്ടിക്കാട്ടി ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോൺഗ്രിഗേഷന്‍ മഠത്തില്‍നിന്ന് പുറത്താക്കിക്കൊണ്ടുള്ള സഭാ നടപടി റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് സിസ്റ്റർ ലൂസി കളപ്പുര നേരത്തെ നല്‍കിയ അപ്പീല്‍ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം തള്ളിയിരുന്നു. ഇതിനെതിരെയാണ് ഉന്നത സഭാ അധികാരികള്‍ക്ക് സിസ്റ്റർ വീണ്ടും അപ്പീലയച്ചിരിക്കുന്നത്.

തനിക്കെതിരെ എഫ്സിസി അധികൃതർ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനൊപ്പം കേരളത്തില്‍ കത്തോലിക്കാ സഭയ്ക്ക് നേരെ ഉയർന്ന ആരോപണങ്ങളും സഭാ അധികൃതരുള്‍പ്പെട്ട കേസുകളും അക്കമിട്ടു നിരത്തിയാണ് സിസ്റ്ററുടെ അപ്പീല്‍.

Read More: റോമിലെത്തി വിശദീകരണം നല്‍കാന്‍ അനുമതി നല്‍കണം;മാര്‍പാപ്പയ്ക്ക് കത്തയച്ച് സിസ്റ്റര്‍ ലൂസി കളപ്പുര

സഭാ ചട്ടങ്ങള്‍ക്കുവിരുദ്ധമായി ജീവിക്കാത്ത തനിക്കെതിരെ എഫ്സിസി അധികൃതർ സ്വീകരിച്ച പുറത്താക്കല്‍ നടപടി റദ്ദാക്കണമെന്നാണ് അപ്പീലിലെ പ്രധാന ആവശ്യം. ഇതുവരെ തന്‍റെ ഭാഗം പറയാന്‍ അവസരം ലഭിച്ചിട്ടില്ല, തനിക്ക് പറയാനുള്ളത് സഭ കേള്‍ക്കണം, കാർ വാങ്ങിയതും ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കിയതും കവിതയെഴുതിയതും തെറ്റായി കരുതാന്‍ തന്‍റെ വിശ്വാസം അനുവദിക്കുന്നില്ലെന്നും 12 പേജുള്ള അപ്പീലില്‍ സിസ്റ്റർ ചൂണ്ടിക്കാണിക്കുന്നു.

Read More: പരാതി പിൻവലിച്ച് മാപ്പ് പ്രസിദ്ധീകരിക്കണമെന്ന് സഭ, പറ്റില്ലെന്ന് ഉറച്ച നിലപാടുമായി സിസ്റ്റർ ലൂസി

കേരളത്തില്‍ കത്തോലിക്കാ സഭ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ബലാല്‍സംഗ കേസുകളിലും ഭൂമി കുംഭകോണ കേസുകളിലും ഉന്നത സഭാ അധികൃതർ ഉള്‍പ്പെടുന്നത് വിശ്വാസികളെ സഭയില്‍ നിന്നും അകറ്റാന്‍ കാരണമാകുന്നു. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയക്കല്‍ പീഡനത്തിനിരയാക്കിയ കന്യാസ്ത്രീക്ക് നീതി ലഭിക്കാന്‍ ഇനിയും വൈകുന്നത് അനീതിയാണെന്നും അപ്പീലിലുണ്ട്.

Read More: വനിതാ കമ്മീഷന്‍ അധ്യക്ഷ സംസാരിക്കുന്നത് സഭാ അനുകൂലികള്‍ക്ക് വേണ്ടിയെന്ന് സിസ്റ്റർ ലൂസി കളപ്പുര

തനിക്ക് ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോൺഗ്രിഗേഷന്‍ ഭാഗമായി തന്നെ തുടരാനാണ് താല്‍പര്യമെന്നും ഒരുതരത്തിലും സഭ അത് അനുവദിക്കുന്നില്ലെങ്കില്‍ തനിക്ക് കന്യാസ്ത്രീയായി തന്നെ തുടരാന്‍ മഠത്തിന് പുറത്ത് മറ്റൊരു വീടും അനുബന്ധ സൗകര്യങ്ങളും ഒരുക്കി നല്‍കണമെന്നും അല്ലെങ്കില്‍ താന്‍ ഇതുവരെ സഭയ്ക്ക് നല്‍കിയ തന്റെ വരുമാനമടക്കം തനിക്ക് തിരിച്ചുനല്‍കണമെന്നും ആവശ്യപ്പെട്ടാണ് അപ്പീല്‍ അവസാനിക്കുന്നത്.
 

Follow Us:
Download App:
  • android
  • ios