കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണ പുരോഗതി വിലയിരുത്തി എസ്ഐടി. അന്വേഷണം ശരിയായ വഴിയിലാണെന്ന് എസ്ഐടി. ഡിവൈഎഫ്ഐയുടെ ആരോപണം ഉയർന്നതിനിടെ ആണ് എസ്ഐടിയുടെ അന്വേഷണം വിലയിരുത്തിയത്.
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണ പുരോഗതി വിലയിരുത്തി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). അന്വേഷണം ശരിയായ വഴിയിലാണെന്നും അനാവശ്യമായി ആരെയും വിളിച്ചുവരുത്തിയിട്ടില്ലെന്നും എസ്ഐടി വിലയിരുത്തി. കേസുമായി ബന്ധപ്പെട്ട് എസ്ഐടിക്കെതിരെ ഡിവൈഎഫ്ഐ ആരോപണം ഉന്നയിച്ചിരുന്നു. എസ്ഐടി രാഷ്ട്രീയപ്രേരിതമായി മുന്നോട്ടുപോകുന്നുവെന്നായിരുന്നു ആരോപിച്ചിരുന്നത്.
അതിനിടെ, കേസിൽ പുതിയതായി ഒൻപതുപേരുടെ മൊഴി രേഖപ്പെടുത്തി. ഇതിൽ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് റിബേഷ് രാമകൃഷ്ണൻ അടക്കം മൂന്നുപേർ മുൻപും ചോദ്യംചെയ്യലിന് വിധേയരായവരാണ്. കാഫിർ സ്ക്രീൻഷോട്ട് ആദ്യമായി പങ്കുവെച്ച 'വടകര സ്ക്വാഡ്' വാട്സ്ആപ്പ് ഗ്രൂപ്പിൻ്റെ അഡ്മിന്മാരായ 10ൽ ആറുപേരാണ് മറ്റുള്ളവർ. സ്ക്രീൻഷോട്ടിൻ്റെ ഉറവിടം കണ്ടെത്താനാണ് അഡ്മിന്മാരെ ചോദ്യം ചെയ്തത്. ചോദ്യംചെയ്യാനുള്ള മറ്റുള്ളവർക്ക് അടുത്ത ദിവസം തന്നെ നോട്ടീസ് അയയ്ക്കാനാണ് എസ്ഐടിയുടെ തീരുമാനം.
2024 മാർച്ച് 18 നാണ് വടകര സ്ക്വാഡ് വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. തെരഞ്ഞെടുപ്പിൻ്റെ തൊട്ടുമുൻപാണ് വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാധ്യമ ഇടപെടലിനാണ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നത്. വടകര ബ്ലോക്ക് കമ്മിറ്റിക്ക് കീഴിൽ വരുന്ന ഡിവൈഎഫ്ഐ നേതാക്കളും വടകര മണ്ഡലം കമ്മിറ്റിക്ക് കീഴിൽ വരുന്ന സിപിഎം നേതാക്കളുമാണ് ഗ്രൂപ്പിൽ ഉണ്ടായിരുന്നതെന്ന് എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കത്തിക്കയറിയ വ്യാജ കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം സുപ്രധാന ഘട്ടത്തിലാണ് എത്തിയിരിക്കുന്നത്. വ്യാജ സ്ക്രീൻഷോട്ട് ആദ്യമായി പ്രത്യക്ഷപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പ് കണ്ടെത്തിയതോടെ, സ്ക്രീൻഷോട്ട് നിർമിച്ചത് ആര്, വ്യാജപ്രചാരണത്തിന് പിന്നിലെ ബുദ്ധികേന്ദ്രം ആര് എന്നീ ചോദ്യങ്ങൾക്കാണ് എസ്ഐടി ഉത്തരം തേടുന്നത്. വടകര സ്ക്വാഡ് വാട്സ്ആപ്പ് ഗ്രൂപ്പിൽ സ്ക്രീൻഷോട്ട് ഷെയർ ചെയ്ത ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിനെ എസ്ഐടി ചോദ്യംചെയ്തിരുന്നു. ഇവിടെ നിന്ന് റിബേഷ് രാമകൃഷ്ണൻ ആണ് 'റെഡ് എൻകൗണ്ടർ' എന്ന ഗ്രൂപ്പിലേക്ക് സ്ക്രീൻഷോട്ട് ഷെയർ ചെയ്തത്. പിന്നീട് സ്ക്രീൻഷോട്ട് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയായിരുന്നു.


