ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട്‌ കോടതിയിൽ സമർപ്പിച്ചു. പ്രഭാമണ്ഡലത്തിൽനിന്ന് സാമ്പിൾ ശേഖരിച്ച കാര്യം റിപ്പോർട്ടിൽ പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. 

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട്‌ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഹൈക്കോടതിയിൽ സമർപ്പിച്ചു. പ്രഭാമണ്ഡലത്തിൽനിന്ന് സാമ്പിൾ ശേഖരിച്ച കാര്യം റിപ്പോർട്ടിൽ അറിയിച്ചു. ഹർജി കോടതി പരിഗണിക്കുകയാണ്. എസ്ഐടിക്ക് നേതൃത്വം നൽകുന്ന എസ്പി എസ് ശശിധരൻ കോടതിയിൽ ഹാജരായി. നേരത്തെ കേസ് പരിഗണിച്ചപ്പോൾ, കേസിൻ്റെ അന്വേഷണ പുരോഗതി അറിയിക്കാൻ കോടതി എസ്ഐടിക്ക് നിർദേശം നൽകിയിരുന്നു.

കഴിഞ്ഞ ദിവസം എസ്ഐടി ഉദ്യോഗസ്ഥർ സന്നിധാനത്തെത്തി പ്രഭാമണ്ഡലത്തിൻ്റെ അളവും തൂക്കവും പരിശോധിച്ചിരുന്നു. ഇതിന് സമീപത്തുള്ള കട്ടിളപ്പാളികളിൽനിന്ന് ശേഖരിച്ച സാംപിൾ ഏത് ലാബിലേക്ക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന കാര്യത്തിലുള്ള റിപ്പോർട്ട് എസ്ഐടി സീൽഡ് കവറിൽ നൽകിയിട്ടുണ്ട്.

തൊണ്ടിമുതൽ ഇല്ലാത്ത കേസായതിനാൽ ശാസ്ത്രീയ പരിശോധനാ ഫലം കോടതിയുടെ തീരുമാനത്തെ സ്വാധീനിക്കും. ആദ്യം സ്വർണം പൂശിയപ്പോൾ പ്രഭാമണ്ഡലത്തിലും കട്ടിളപ്പാളിയിലും ദ്വാരപാലകരിലും എത്ര അളവിൽ സ്വർണം ഉണ്ടായിരുന്നു എന്നും വർഷങ്ങൾക്ക് ശേഷം അത് എത്ര അളവിലേക്ക് ചുരുങ്ങി എന്നുമുള്ള ശാസ്ത്രീയ പരിശോധനാ ഫലമാണ് നിർണായകമാകുക.

നേരത്തെ ദ്വാരപാലകരുടെയും കട്ടിളപ്പാളിയുടെയും പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് കൈമാറിയിരുന്നു. എസ്ഐടി റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമാകും ശബരിമലയിൽനിന്ന് നഷ്ടപ്പെട്ട സ്വർണത്തിൻ്റെ അളവ് സംബന്ധിച്ചു കോടതി തീരുമാനമെടുക്കുക.

അതേസമയം സ്വർണക്കൊള്ള കേസിലെ പ്രതിപ്പട്ടിക വിപുലപ്പെടുത്തുന്ന കാര്യത്തിലും കോടതി ഇന്ന് തീരുമാനമെടുത്തേക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത്, മെമ്പർ അജികുമാർ എന്നിവരെ എസ്ഐടി ചോദ്യംചെയ്തിരുന്നു. ഇരുവരും ചുമതല വഹിക്കുമ്പോഴാണ് ദ്വാരപാലക പ്രതിമയിലെ സ്വർണപ്പാളികൾ ചെന്നൈയിലേക്ക് കടത്തിക്കൊണ്ടുപോയത്.