കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി മുൻ ഐടി സെക്രട്ടറിയെ ബന്ധപ്പെടുത്തുന്ന ഒരു തെളിവും ഇതുവരെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ. സ്വപ്നയുമായി ശിവശങ്കറിന് സോഷ്യൽ റിലേഷൻഷിപ്പ് മാത്രമേ ഉള്ളൂവെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. ചാർട്ടേഡ് അക്കൗണ്ടൻ്റ് വേണുഗോപാലിനെ പരിചയപ്പെടുത്തിയത് സ്വപ്നയുടെ സാമ്പത്തിക കാര്യങ്ങൾ നോക്കാനാണെന്നാണ് വിശദീകരണം. അഡ്വക്കേറ്റ് ജയദീപ് ഗുപ്തയാണ് ശിവശങ്കറിനായി ഹാജരായത്.

യുഎപിഎ കേസ് പ്രകാരം ഒന്ന് മുതൽ നാല് വരെ പ്രതികൾക്ക് കിട്ടിയ പണം തന്നെയാണ് ഇഡിയുടെ കേസിലും പരാമർശിക്കുന്ന പണമെന്നാണ് ശിവശങ്കറിൻ്റെ വാദം. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട പണമാണ് ഇത്, കമ്മീഷൻ കേസുമായി ഈ പണത്തിന് ബന്ധമില്ലെന്നാണ് വിശദീകരണം. സ്വർണ്ണക്കടത്തിലെ ലാഭം പങ്കുവച്ചത് സ്വപ്നയും, സരിത്തും, സന്ദീപും ചേർന്നാണെന്നും മറ്റ് കുറ്റങ്ങൾ തന്റെ പേരിൽ ആരോപിക്കുകയാണെന്നുമാണ് ശിവശങ്കർ പറയുന്നത്. 

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിലുള്ള എം ശിവശങ്കറിന്‍റെ സജീവ ഇടപെടൽ ഇല്ലാതെ നയതന്ത്ര കള്ളക്കടത്ത് സാധ്യമാകില്ലായിരുന്നുവെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറകടറേറ്റിന്റെ വാദം. നയതന്ത്രചാനിലലൂടെയുള്ള 21-ാം കടത്താണ് കസ്റ്റംസ് പിടികൂടിയത്. ഇതിന് മൂമ്പ് നടന്ന 20 തവണത്തെ കടത്തിലും ശിവശങ്കർ ഇടപെട്ടു എന്നാണ് നിഗമനം. സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപ ലൈഫ് മിഷന്‍ പദ്ധതിയില്‍ ശിവശങ്കറിനുള്ള കോഴപ്പണമാണെന്നും ശിവശങ്കറിന്‍റെ ജാമ്യ ഹര്‍ജിക്കെതിരെ ഹൈക്കോടതിയിൽ ഇഡി നല്‍കിയ
സത്യവാങ് മൂലത്തിൽ പറയുന്നു. 

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില് യൂണിടാക് ശിവശങ്കറിന്‌ നൽകിയ കോഴെയാണെന്നു സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. ഇത് തെളിയിക്കുന്ന വാട്സ്ആപ് സന്ദേശങ്ങളും കിട്ടിയിട്ടുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. സത്യവാങ്മൂലത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. കെ ഫോണിന്നെയും ലൈഫ്മിഷന്റെയും ചില കരാറുകൾ സന്തോഷ് ഈപ്പന് നല്കാൻ ശിവശങ്കർ തീരുമാനിച്ചിരുന്നുവെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറകടറേറ്റ് ആരോപിക്കുന്നുണ്ട്.