Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിക്ക് വേണ്ടിയാണ് വിളിക്കുന്നതെന്ന് ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി: കെ സുരേന്ദ്രൻ

ബാഗേജ് ലഭിക്കാതെ വന്നപ്പോൾ മുഖ്യമന്ത്രിക്ക് വേണ്ടിയാണ് വിളിക്കുന്നതെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു

Sivasankar threatens customs officials alleges BJP kerala president K Surendran
Author
Thiruvananthapuram, First Published Oct 29, 2020, 10:25 AM IST

തിരുവനന്തപുരം: സ്വർണ്ണം അടങ്ങിയ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിരവധി തവണ കസ്റ്റംസിനെ വിളിച്ചിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബാഗേജ് ലഭിക്കാതെ വന്നപ്പോൾ മുഖ്യമന്ത്രിക്ക് വേണ്ടിയാണ് വിളിക്കുന്നതെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അദ്ദേഹം ഈ കാര്യങ്ങൾ പറഞ്ഞത്.

'ഈ സംഭവം ഉണ്ടായപ്പോൾ എന്റെ സോഴ്സ് വെച്ച് കസ്റ്റംസിലെ ചിലരെ വിളിച്ചു. പരിഭ്രമത്തോടെയാണ് അവർ സംസാരിച്ചത്. പിന്നീട് മറ്റ് ചില ഉദ്യോഗസ്ഥരെ കൂടി വിളിച്ച് അന്വേഷിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് പലതവണ ബാഗേജ് വിട്ടുകിട്ടാൻ ഇടപെട്ടുവെന്നാണ് അറിഞ്ഞത്. അത് ആരോപണം എന്ന് മാത്രമായിരുന്നു എന്ന് അന്ന് പലരും പറഞ്ഞു. ഇടതുപക്ഷം ഇതിന്റെ പേരിൽ എന്നെ വേട്ടയാടി. മുഖ്യമന്ത്രിയുടെ ഓഫീസ് പല തവണ ബാഗേജ് വിട്ടുകിട്ടാൻ ബന്ധപ്പെട്ടിട്ടുണ്ട്. സംസ്ഥാന മുഖ്യമന്ത്രിക്ക് വേണ്ടിയാണ് വിളിക്കുന്നതെന്ന് ശിവശങ്കർ ഭീഷണിപ്പെടുത്തി. ഇതൊക്കെ സംബന്ധിച്ച ഡിജിറ്റൽ തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ ആരോപണം ഉന്നയിച്ചപ്പോൾ ഇതുമായി ബന്ധമില്ലാത്ത ഉദ്യോഗസ്ഥനെ കൊണ്ട് മുഖ്യമന്ത്രി ആരും വിളിച്ചില്ലെന്ന് പറയിപ്പിച്ചു. ആയിരം തവണ അദ്ദേഹം അത് അതാവർത്തിച്ചു. ഒരു തവണയല്ല പല തവണ മുഖ്യമന്ത്രിയുടെ ഓഫീസ് ബാഗേജ് കിട്ടാൻ വിളിച്ചു,'- കെ സുരേന്ദ്രൻ പറഞ്ഞു.

'സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്കാളിത്തം വ്യക്തമായി. ശിവശങ്കറിന്റെ മൊഴി ഇത് ശരിവെക്കുന്നതാണ്. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം. ശിവശങ്കറിനേക്കാൾ സ്വപ്നയുമായി മുഖ്യമന്ത്രിക്ക് പരിചയവും അടുപ്പവുമുണ്ട്. മുഖ്യമന്ത്രിയുടെ വിദേശയാത്രകളിലും ചർച്ചകളിലും സ്വപ്നയുടെ സാന്നിദ്ധ്യമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസിലെ രണ്ട് പ്രധാനപ്പെട്ട ഉദ്യോഗസ്ഥർ കള്ളക്കടത്ത് സംഘവുമായി ബന്ധപ്പെട്ടിട്ടുണ്ട്.  ശിവശങ്കർ മാത്രമല്ല, രണ്ട് മന്ത്രിമാരും സ്വർണ്ണ കടത്ത് സംഘവുമായി ബന്ധപ്പെട്ടിട്ടുണ്ട്. സ്വർണ്ണ കടത്ത് സംഘാംഗങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദർശിച്ചിട്ടുണ്ട്. എല്ലാത്തിന്റേയും സൂത്രധാരൻ പിണറായി വിജയനാണ്. മുഖ്യമന്ത്രി രാജിവെച്ചൊഴിയണം. സംവരണ വിവാദത്തിൽ ഗൂഢാലോചന നടക്കുന്നു. ന്യൂനപക്ഷ ധ്രുവീകരണത്തിനാണ് ശ്രമം. മുസ്ലിം മത തീവ്രവാദ സംഘടനകൾ ഒരുമിക്കുന്നുവെന്നും' കെ സുരേന്ദ്രൻ ആരോപിച്ചു.

Follow Us:
Download App:
  • android
  • ios