തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്നിടത്തായി നടന്ന വാഹനാപകടങ്ങളിൽ ആകെ ആറ് മരണം. ആലപ്പുഴയിലും തൃപ്പൂണിത്തുറയ്ക്കും പിന്നാലെ കാസർകോടാണ് അപകടം ഉണ്ടായത്.

കർണ്ണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്. മഞ്ചേശ്വരം കുഞ്ചത്തൂര്‍ പത്താം മൈലിലാണ് അപകടം നടന്നത്. ബൈക്ക് യാത്രികരായ കാസർകോട് കൂടൽ സ്വദേശികളായ സുനിൽ (21) ജഗദീഷ്(22) എന്നിവരാണ് മരിച്ചത്. ബസിനെ മറികടക്കുന്നതിനിടെ ആയിരുന്നു അപകടം. സുനിൽ സംഭവസ്ഥലത്തും ജഗദീഷ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്.

ദേശീയപാതയിൽ ആലപ്പുഴ കളപ്പുര ജങ്ഷനിലും, തൃപ്പൂണിത്തുറയ്ക്കടുത്ത് ഇരുമ്പനത്തുമാണ് മറ്റ് രണ്ട് അപകടങ്ങൾ ഉണ്ടായത്. ആലപ്പുഴ  കളപ്പുര ജംഗ്ഷനിൽ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചായിരുന്നു അപകടം. ഇതേ തുടർന്ന് ബൈക്ക് യാത്രികരായ രണ്ട് പേരും മരിച്ചു. കെഎൽ 40 എ 1064 നമ്പർ ഹീറോ ഹോണ്ട ഗ്ലാമർ ബൈക്കാണ് അപകടത്തിൽ പെട്ടത്. അജിത്ത് ബാബു എന്നാണ് മരിച്ചവരിൽ ഒരാളുടെ പേര്. മുന്നിൽ പോവുകയായിരുന്ന ലോറി ബ്രേക്കിട്ടപ്പോൾ ബൈക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു. പിന്നാലെ വന്ന ബസും ഇവരെ ഇടിച്ചതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചത്.

തൃപ്പൂണിത്തുറ ഇരുമ്പനത്ത് ടാങ്കർ ലോറിയുമായി കാർ കൂട്ടിയിടിച്ചായിരുന്നു അപകടം. കാറിലുണ്ടായിരുന്ന തൊടുപുഴ സ്വദേശികളായ  ഷൈല, അമ്മ ബിൽക്കിസ് എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ഷൈലയുടെ ഭർത്താവ് ഹസീഫിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.