പ്രധാന പ്രതികളായ ശിവരഞ്ജിത്തും നസീമും പൊലീസ് പിടിയിലായതിന് പിന്നാലെയാണ് അക്രമത്തിൽ ഉൾപ്പെട്ട ആറ് പേരെ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് അനിശ്ചിതകാലത്തേക്ക് സസ്പെന്‍റ് ചെയ്തത്. 

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസുമായി ബന്ധപ്പെട്ട ആറ് പേരെ സസ്പെന്‍റ് ചെയ്തു. പ്രധാന പ്രതികളായ ശിവരഞ്ജിത്തും നസീമും പൊലീസ് പിടിയിലായതിന് പിന്നാലെയാണ് അക്രമത്തിൽ ഉൾപ്പെട്ട ആറ് പേരെ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് അനിശ്ചിതകാലത്തേക്ക് സസ്പെന്‍റ് ചെയ്തത്. അധ്യാപക കൗൺസിൽ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ കൂടി സാന്നിദ്ധ്യത്തിലാണ് യോഗം ചേര്‍ന്നത്.

കത്തിക്കുത്ത് നടന്ന ് മൂന്ന് ദിവസത്തിന് ശേഷം ഇന്ന് പുലര്‍ച്ചെയാണ് പ്രധാന പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും പൊലീസ് പിടികൂടുന്നത്. പ്രതികൾ കീഴടങ്ങിയേക്കുമെന്ന ശക്തമായ അഭ്യൂഹങ്ങൾക്കിടെയായിരുന്നു പൊലീസ് ഇവരെ കണ്ടെത്തുന്നത്. ഓട്ടോയിൽ കയറി കല്ലറയിലേക്ക് പോകും വഴി കേശവദാസപുരത്ത് വച്ചാണ് മുഖ്യപ്രതികളെ പിടികൂടിയതെന്നാണ് പൊലീസ് ഭാഷ്യം. പ്രതികൾ ഒളിവിൽ പോകാൻ ഇടയുള്ള സ്ഥലങ്ങളിലൊന്നും പരിശോധന നടത്താൻ തയ്യാറാകാത്തതിൽ പൊലീസിനെതിരെ കടുത്ത പ്രതിഷേധവും ഉയര്‍ന്നിരുന്നു.

അഖിലിനെ കുത്തിയ കേസിൽ പിടിയിലായ ശിവരഞ്ജിത്തും നസീമും കുറ്റം സമ്മതിച്ചതായി കൺഡോൺമെന്‍റ് പൊലീസ് പറഞ്ഞു. ശിവരഞ്ജിത്താണെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് മുൻകൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനിരിക്കെയാണ് പ്രതികളെ പിടികൂടുന്നതെന്നും പൊലീസ് വിശദീകരിക്കുന്നു. 

അതിനിടെ മുഖ്യപ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്ന് സര്‍വ്വകലാശാല പരീക്ഷാ പേപ്പറുകളും ഫിസിക്കൽ എജുക്കേഷൻ ഡയറക്ടറുടെ സീലും കണ്ടെത്തിയ സംഭവത്തിൽ കേരള സര്‍വ്വകലാശാല അന്വേഷണം നടത്തുന്നുണ്ട്. സര്‍വ്വകലാശാല വൈസ് ചാൻസിലറുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. എത്ര സെറ്റ് പരീക്ഷാ പേപ്പര്‍ ഏതൊക്കെ സെന്‍ററുകൾക്ക് നൽകിയെന്നും തിരിച്ച് കിട്ടിയത് എത്രയെന്നും തുടങ്ങി സമഗ്രമായ അന്വേഷണമാണ് സര്‍വ്വകലാശാല നടത്തുന്നത്.

Read also: കത്തിക്കുത്ത് കേസ് പ്രതികളുടെ വീട്ടില്‍ പൊലീസ് റെയ്ഡ്; സര്‍വ്വകലാശാല ഉത്തരപേപ്പറുകള്‍ കണ്ടെത്തി

മാത്രമല്ല പരീക്ഷാ പേപ്പറിനൊപ്പം ഫിസിക്കൽ എജുക്കേഷൻ ഡയറക്ടറുടെ സീലും ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്ന് കണ്ടെടുത്ത സംഭവത്തിലും അഭ്യൂഹങ്ങൾ ബാക്കിയാണ്. ആര്‍ച്ചറിയിലെ ചാമ്പ്യൻ എന്ന നിലയിലാണ് പൊലീസ് റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ശിവരഞ്ജിത്ത് എത്തിയതെന്നിരിക്കെ സ്പോര്‍ട്സ് ക്വാട്ട വെയ്റ്റേജിന്‍റെ കാര്യത്തിലും സംശയം നിലനിൽക്കുകയാണ്.

Read also:പ്രതിയുടെ വീട്ടിൽ പരീക്ഷ പേപ്പറുകൾ കണ്ടെത്തിയ സംഭവം; കേരള സർവകലാശാല അന്വേഷിക്കും

യൂണിവേഴ്സിറ്റി കോളേജ് ആക്രമണക്കേസിൽ പ്രതികളായവര്‍ക്ക് പരീക്ഷാ സെന്‍റര്‍ കാസര്‍കോടു നിന്ന് തിരുവനന്തപുരത്തേക്ക് മാറി കിട്ടയതിന് പിന്നിൽ ഏതെങ്കിലും വിധത്തിലുള്ള ക്രമക്കേട് നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ ഇന്ന് ചേരുന്ന പിഎസ്‍സി യോഗവും ചര്‍ച്ച ചെയ്യും. പിഎസ്‍സിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ട സാഹചര്യം കൂടി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സമഗ്ര പരിശോധന എന്ന തീരുമാനത്തിലേക്ക് പിഎസ്‍സിയും കടക്കുന്നത്. 

യൂണിവേഴ്സിറ്റി കോളേജിൽ നടന്ന സംഘര്‍ഷത്തിൽ കുത്തേറ്റ് ആശുപത്രിയിൽ കഴിയുന്ന അഖിലിന്‍റെ മൊഴിയെടുക്കാൻ പൊലീസിന് ഇത് വരെ കഴിഞ്ഞിട്ടില്ല. മൊഴിയെടുക്കാനാകും വിധം അഖിൽ ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്.