ശ്രവണസഹായി കളഞ്ഞു പോയതോടെ ആകെ വിഷമത്തിലാണ് യാദവ് കൃഷ്ണ. ചുറ്റുമുള്ള ശബ്ദങ്ങളൊന്നും കേൾക്കുന്നില്ല, ആരോടും സംസാരിക്കാനും ഈ ആറ് വയസ്സുകാരന് കഴിയുന്നില്ല
കണ്ണൂര്‍: സര്‍ക്കാര്‍ സഹായത്തോടെ ഘടിപ്പിച്ച ശ്രവണസഹായി നഷ്ടപ്പെട്ടതോടെ കേള്‍വിയില്ലാത്ത ആറ് വയസുകാരന്‍റെ ജീവിതം ഒറ്റപ്പെട്ട അവസ്ഥയില്‍. കണ്ണൂര്‍ ശ്രീകണ്ഠാപുരം ചട്ടുകപാറ സ്വദേശികളായ മാണിക്കോത്ത് സുമേഷിന്‍റേയും അഖിലയുടേയും ആറ് വയസുള്ള മകന്‍ യാദവ് കൃഷ്ണയാണ് ശ്രവണ സഹായി ഇല്ലാതെ ബുദ്ധിമുട്ടുന്നത്.
രണ്ട് വര്‍ഷം മുന്‍പാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ശ്രുതിതരംഗം പദ്ധതിയിലൂടെ കേള്‍വി ശക്തിയില്ലാത്ത യാദവ് കൃഷ്ണയ്ക്ക് ശ്രവണസഹായി ലഭിച്ചത്. കോക്ലിയര്‍ ഇംപ്ലാന്‍റ് സര്‍ജറിയിലൂടെ ഘടിപ്പിച്ച ശ്രവണ സഹായി വഴി ശ്രവണവൈകല്യമുള്ള യാദവ് കൃഷ്ണ സാധാരണ കുട്ടികളെ പോലെ ജീവിച്ചു തുടങ്ങുകയായിരുന്നു. ശബ്ദങ്ങള്‍ അറിഞ്ഞു തുടങ്ങിയതോടെ കുട്ടി സംസാരിക്കാനും തുടങ്ങിയിരുന്നു. ഇതിനിടയിലാണ് കോവളം ബീച്ചില്‍ വച്ച് കുട്ടിയുടെ ശ്രവണസഹായി കളഞ്ഞു പോയത്.
കണ്ണൂരില്‍ നിന്നും ചില കുടുംബസുഹൃത്തുകള്‍ക്കൊപ്പം വിനോദയാത്രയ്ക്കായാണ് യാദവ് കൃഷ്ണയും കുടുംബവും തിരുവനന്തപുരത്ത് എത്തിയത്. ഏപ്രില്‍ പതിനാറിന് വൈകിട്ടോടെ കോവളം ബീച്ചില്‍ സംഘം സന്ദര്‍ശനത്തിന് എത്തി. ഇവിടെ കടപ്പുറത്ത് വച്ച് വൈകിട്ടോടെയാണ് കുട്ടിയുടെ ശ്രവണ സഹായി നഷ്ടപ്പെട്ട വിവരം കുടുംബത്തിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്.
അപ്പോള്‍ തന്നെ സംഘാംഗങ്ങളെല്ലാവരും ചേര്‍ന്ന് അവിടെ തിരച്ചില്‍ ആരംഭിച്ചു. സ്ഥലത്തുണ്ടായിരുന്ന ടൂറിസം ഗാര്‍ഡുകളേയും കോവളം പൊലീസിനേയും വിവരമറിയിച്ചു. മൈക്ക് വഴി കോവളം ബീച്ചിലെത്തിയ മറ്റു വിനോദസഞ്ചാരികളേയും ഇക്കാര്യം അറിയിച്ചു. കുഞ്ഞു യാദവിന്‍റെ കാതുകള്‍ അടയാതെ കാക്കാന്‍ എല്ലാവരും കൂടി മണിക്കൂറുകളോളം ബീച്ചില്‍ തിരച്ചില്‍ നടത്തിയെങ്കിലും ശ്രവണസഹായി കണ്ടെത്താനായില്ല.
ബീച്ചിലേക്ക് വരുമ്പോള്‍ കുട്ടിയുടെ ചെവിയില്‍ ശ്രവണ സഹായി ഉണ്ടായിരുന്നുവെന്ന് കുട്ടിക്കൊപ്പമുണ്ടായിരുന്നവര്‍ ഉറപ്പിച്ചു പറയുന്നു. ശ്രവണവൈക്യലമുള്ള കുഞ്ഞായിരുന്നതിനാല്‍ മാതാപിതാക്കളും സംഘത്തിലെ മറ്റുള്ളവരും കുഞ്ഞിനെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വിഷു അവധിയില്‍ ബീച്ചിലുണ്ടായ വലിയ തിരക്കില്‍ ശ്രവണസഹായി കാണാതെ പോകുകയായിരുന്നു.
കോക്ലിയര്‍ ഇംപ്ലാന്‍റ് ചെയ്ത് ഘടിപ്പിച്ച ഈ ശ്രവണസഹായിക്ക് അഞ്ച്-ആറ് ലക്ഷം രൂപ വരെ വിപണയില്‍ വിലയുണ്ട്. ബാര്‍ബര്‍ തൊഴിലാളിയായ സുമേഷിനെ കൊണ്ട് ഒറ്റയ്ക്ക് താങ്ങാവുന്നതല്ല ഈ ചെലവ്. ശ്രവണസഹായി നഷ്ടപ്പെട്ടത് മുതല്‍ ആകെ വിഷമത്തിലാണ് ആറ് വയസുകാരനായ യാദവ് കൃഷ്ണ. അമ്മയോടും അച്ഛനോടുമല്ലാതെ ആരോടും തന്നെ കുട്ടിക്ക് ആശയവിനിമയം നടത്താനാവുന്നില്ല.സംസാരിക്കാന്‍ കുട്ടി ശ്രമിക്കുന്നുണ്ടെങ്കിലും ശ്രവണസഹായി ഇല്ലാത്ത കാരണം അവ്യക്തമാണ് സംഭാഷണങ്ങള്‍. നിശബ്ദതയുടെ ലോകത്തേക്ക് പെട്ടെന്നുണ്ടായ ഈ മടങ്ങി വരവ് കുഞ്ഞിനെ മാനസികമായി ആകെ തളര്‍ത്തിയെന്ന് ബന്ധുക്കള്‍ പറയുന്നു.
കോക്ലിയര്‍ ഇപ്ലാന്‍റില്‍ തലയ്ക്കുള്ളില്‍ ഘടിപ്പിക്കുന്ന ഉപകരണവുമായി ശ്രവണസഹായി ബന്ധപ്പിച്ചാണ് പ്രവര്‍ത്തനം നടക്കുന്നത്. വിനോദസംഘത്തോടൊപ്പം ഓടി നടന്ന കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ മറ്റുള്ളവരേയും വേദനിപ്പിക്കുന്നുണ്ട്. ശ്രവണസഹായി കണ്ടെത്താന്‍ ടൂറിസം ഗാര്‍ഡുകള്‍ ശ്രമം തുടരുന്നുവെങ്കില്‍ എന്താവും ഫലമെന്ന് ആര്‍ക്കും അറിയില്ല. ആറ് വയസുകാരന്‍റെ ഈ ദുരിതാവസ്ഥയ്ക്ക് പരിഹാരം തേടി ആരോഗ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിരിക്കുകയാണ് സുമേഷും കുടുംബവും
