സിൽവർലൈനിനെതിരെ ഇടതുമുന്നണിക്കകത്ത് അമർഷം; സർക്കാരിന്റെ മനംമാറ്റം പ്രതീക്ഷിച്ച് കെ റെയിൽ വിരുദ്ധ സമിതി

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സിൽവര്‍ ലൈനിനെതിരെ ഇടത് മുന്നണിക്കകത്ത് അമര്‍ഷം പുകയുന്നു. ജനവിധി പാഠമാകണമെന്ന പരസ്യ നിലപാടുമായി സിപിഐ നേതാക്കൾ രംഗത്തെത്തി കഴിഞ്ഞു.

ജനകീയ പ്രതിഷേധങ്ങൾ കണ്ടില്ലെന്ന് നടിച്ച് സിൽവര്‍ ലൈൻ സര്‍വെയുമായി മുന്നോട്ട് പോകുന്നതിൽ മുതിര്‍ന്ന സിപിഐ നേതാക്കൾ നേരത്തെ തന്നെ കടുത്ത എതിര്‍പ്പിലായിരുന്നു. പ്രക്ഷോഭങ്ങൾ കണ്ടില്ലെന്ന് നടിച്ച് ജനങ്ങൾക്ക് മേൽ അധികാരം സ്ഥാപിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ സിപിഐ സംസ്ഥാന നേതൃയോഗങ്ങളിൽ മുല്ലക്കര രത്നാകരൻ അടക്കമുള്ള നേതാക്കൾ വലിയ വിമര്‍ശനം ഉന്നയിച്ചു. പക്ഷെ കാനം പിണറായിക്കൊപ്പം നിന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടുത്തപ്പോൾ വികസന പ്രശ്നങ്ങളിൽ എതിര്‍ ശബ്ദങ്ങൾ വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ നിലപാട് കൂടി കണക്കിലെടുത്താണ് എതിര്‍പ്പ് തൽക്കാലത്തേക്ക് അടങ്ങിയത്. എന്നാൽ ഫലം വന്നതോടെ എല്ലാം തകിടം മറിഞ്ഞു. വികസനം വേണം പക്ഷെ, ജനാധിപത്യത്തിൽ വലുത് ജനങ്ങളാണെന്ന പാഠം മറക്കരുതെന്ന് പറഞ്‍ഞ് ബിനോയ് വിശ്വം ആദ്യ വെടി പൊട്ടിച്ചു. 

മഞ്ഞക്കുറ്റിക്ക് പകരം ജിപിഎസ് സര്‍വെ മതിയെന്ന റവന്യു വകുപ്പിന്റെ ഉത്തരവ് നിലവിലുണ്ട്. കെ റെയിലാകട്ടെ സര്‍വെ പുനരാരംഭിച്ചിട്ടും ഇല്ല. തെരഞ്ഞെടുപ്പ് വിശകലന യോഗങ്ങൾ നടക്കാനിരിക്കെ സിൽവര്‍ ലൈനിനെതിരായ എതിര്‍പ്പ് സിപിഐ നേതാക്കൾ പാര്‍ട്ടിയോഗങ്ങളിൽ ശക്തമായി ഉന്നയിക്കുമെന്ന് ഉറപ്പാണ്. മുതിര്‍ന്ന നേതാക്കൾ എതിര്‍പ്പുമായി കൂട്ടത്തോടെ എത്തിയാൽ പിണറായിക്കൊപ്പമെന്ന നിലപാട് കാനത്തിന് തിരുത്തേണ്ടിവരുമോ എന്നത് കാത്തിരുന്ന് കാണാം. ഘടകക്ഷി നേതാക്കളുടെ എതിര്‍പ്പ് ഇടത് മുന്നണി മുഖവിലക്കെടുക്കുമോ എന്നതും കൗതുകം ഉയർത്തുന്ന വിഷയമാണ്. പ്രതിപക്ഷത്തെ മാത്രമല്ല സിൽവര്‍ ലൈനിൽ വരും ദിവസങ്ങളിൽ സ്വന്തം പാളയത്തിലും പ്രതിരോധം തീര്‍ക്കേണ്ടിവരും സിപിഎമ്മിന്.

സർക്കാരിനെതിരായ ജനവിധിയെന്ന് കെ റെയിൽ വിരുദ്ധ സമിതി

തൃക്കാക്കരയിലെ തോൽവി സിൽവർലൈൻ പദ്ധതിക്കെതിരായ ജനവിധി ആണെന്ന് കെ റെയിൽ വിരുദ്ധ സമിതി. കോട്ടയത്തെ മാടപ്പിള്ളി ഉൾപ്പെടെ പദ്ധതി നടപ്പിലാക്കുന്ന പ്രദേശങ്ങളിൽ വലിയ ആഘോഷമാണ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഉണ്ടായത്. വൻ ഭൂരിപക്ഷത്തിൽ ഉമ തോമസ് ജയിച്ചതിന് പിന്നാലെ പടക്കം പൊട്ടിച്ചും ലഡ്ഡു വിതരണം ചെയ്തും കെ റയിൽ വിരുദ്ധ സമിതി സംസ്ഥാനമാകെ ആഘോഷം നടത്തി. വികസനം പറഞ്ഞ് വോട്ട് പിടിക്കാനിറങ്ങിയ പിണറായിക്ക് തിരഞ്ഞെടുപ്പ് ഫലം നൽകുന്നത് അപായ സൂചനയാണെന്നാണ് കെ റയിൽ വിരുദ്ധരുടെ പക്ഷം. തൃക്കാക്കര ഫലം ഉൾക്കൊണ്ട് പദ്ധതിയിൽ നിന്ന് പിന്നാക്കം പോകണമെന്നാണ് ഇവരുടെ ആവശ്യം. സർക്കാർ മുന്നോട്ടുപോയാൽ ശക്തമായ ചെറുത്തു നിൽപ്പുണ്ടാകും എന്നും പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകുന്നു. തെരഞ്ഞെടുപ്പ് ഫലം പഠിച്ച് മുന്നോട്ടുപോകുമെന്ന സിപിഐ നേതാക്കളുടെ വാക്കുകളിൽ പ്രതീക്ഷ വയ്ക്കുകയാണ് കെ റെയിൽ വിരുദ്ധ സമര സമിതി.