Asianet News MalayalamAsianet News Malayalam

സ്മാര്‍ട്ട് സിറ്റിയിലെ ഭൂമി കൈമാറ്റം, വില്‍പ്പനയല്ലെന്ന് അധികൃതര്‍, പാട്ടത്തിന് നല്‍കാൻ ആലോചനയെന്നും വിശദീകരണം

കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി 246 ഏക്കര്‍ ഭൂമിയാണ് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയിരിക്കുന്നത്. 90,000 തൊഴിലവസരങ്ങളും 88 ലക്ഷം ചതുരശ്ര അടിയില്‍ കെട്ടിടവും 10 വര്‍ഷത്തിനകം നിര്‍മ്മിക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരും ടീകോം ഇൻവെസ്റ്റ്മെന്റ്സും തമ്മിലുള്ള കരാര്‍

smart City officials about Smart Citys  Land transfer
Author
Kochi, First Published Jul 29, 2020, 7:14 AM IST

കൊച്ചി: കൊച്ചി സ്മാര്‍ട് സിറ്റിയുടെ 29 ഏക്കര്‍ ഭൂമി, പാര്‍പ്പിട നിര്‍മ്മാണ കമ്പനിക്ക് വില്‍ക്കാനൊരുങ്ങുന്നുവെന്ന ആരോപണം നിഷേധിച്ച് സ്മാര്‍ട്ട് സിറ്റി അധികൃതര്‍. ഭൂമി വില്‍ക്കുകയല്ല, പാട്ടത്തിന് നല്‍കാനാണ് ആലോചനയെന്നും ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്നും വിശദീകരിക്കുന്നു. സംഭവം വിവാദമായതോടെയാണ് വില്‍പ്പന നീക്കത്തില്‍നിന്ന് സ്മാര്‍ട്ട് സിറ്റി അധികൃതര്‍ പിന്മാറിയതെന്ന ആക്ഷേപവും ശക്തമാണ്. 

കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി 246 ഏക്കര്‍ ഭൂമിയാണ് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയിരിക്കുന്നത്. 90,000 തൊഴിലവസരങ്ങളും 88 ലക്ഷം ചതുരശ്ര അടിയില്‍ കെട്ടിടവും 10 വര്‍ഷത്തിനകം നിര്‍മ്മിക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരും ടീകോം ഇൻവെസ്റ്റ്മെന്റ്സും തമ്മിലുള്ള കരാര്‍. എന്നാല്‍ മാസ്റ്റര്‍ പ്ലാനിന്‍റെ പത്തിലൊന്ന് പോലും ഇതുവരെ നടപ്പായിട്ടില്ല.

അതിനിടെയാണ് പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളില്‍ നില്‍ക്കുന്ന ഈ ഭൂമിയുടെ 12 ശതമാനം, അതായത് 29 ഏക്കറോളം ഭൂമി പാര്‍പ്പിട നിര്‍മ്മാണ കമ്പനിയായ കോണ്‍ഫിഡന്റ് ഗ്രൂപ്പിന് നല്‍കാനുള്ള ആലോചന നടന്നത്. ഐടി ജീവനക്കാർക്കായി
പാര്‍പ്പിട സമുച്ചയം നിര്‍മ്മിക്കുകയായിരുന്നു ലക്ഷ്യം. 2018 ലാണ് ഇതു സംബന്ധിച്ച താത്പര്യവുമായി നിര്‍മ്മാണ കമ്പനി സ്മാര്‍ട്ട് സിറ്റിയെ സമിപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ചെയര്‍മാനും ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഡയറക്ടറുമായുള്ള സ്മാര്‍ട്ട് സിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡും ഇതിനോട് അനുകൂല നിലപാടായിരുന്നു. ഭൂമി കൈമാറാൻ അനുമതി ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ 3 വര്‍ഷമായിട്ടും ഇതിന്‍മേല്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.

ചട്ടവിരുദ്ധമായ വില്‍പ്പന നടക്കുന്നില്ലെന്നാണ് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ വിശദീകരണ കത്തില്‍ സ്മാര്‍ട്ട് സിറ്റി സൂചിപ്പിക്കുന്നത്. കരാര്‍ പ്രകാരം പാര്‍പ്പിട സമുച്ചയം നിര്‍മ്മിക്കാൻ ഭൂമി പാട്ടത്തിന് നല്‍കാം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ തുടര്‍നടപടികള്‍ക്കായി കാത്തിരിക്കുകയാണെന്നും സ്മാര്‍ട്ട് സിറ്റി മാനേജ്മെന്റ് കത്തില്‍ വ്യക്തമാക്കുന്നു. ഭൂമി പാട്ടത്തിന് ലഭിച്ചാല്‍ പാര്‍പ്പിട സമുച്ചയ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പും വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios