മന്ത്രിസഭയിൽ ഭിന്നതയില്ലെന്നും മറ്റൊരു യോഗത്തിലായിരുന്നതിനാലാണ് സ്മാര്‍ട്ട് റോഡ് ഉദ്ഘാടനത്തിൽ പങ്കെടുക്കാതിരുന്നതെന്നും എംബി രാജേഷ് പറഞ്ഞു.
തിരുവനന്തപുരം: സ്മാർട് റോഡ് ഉദ്ഘാടന വിവാദവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്ത നിഷേധിച്ച് മന്ത്രി എംബി രാജേഷ്. മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിട്ടില്ലെന്നും വസ്തുതാ വിരുദ്ധമായ വാര്‍ത്തയാണ് പുറത്തുവരുന്നതെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നത് അന്യായമാണ്. നിഷ്കളങ്കമായി കൊടുക്കുന്നതല്ല ഇത്തരം വാര്‍ത്തകള്‍. തെരഞ്ഞെടുപ്പ് വര്‍ഷങ്ങളിൽ ഇത്തരം വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നതാണ്.
പുറത്തു വരുന്ന വാർത്തകൾ ശരിയല്ല. മന്ത്രിസഭയിൽ ഭിന്നതയില്ലെന്നും മറ്റൊരു യോഗത്തിലായിരുന്നതിനാലാണ് സ്മാര്‍ട്ട് റോഡ് ഉദ്ഘാടനത്തിൽ പങ്കെടുക്കാതിരുന്നതെന്നും എംബി രാജേഷ് പറഞ്ഞു. കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി പറയാൻ മന്ത്രി തയ്യാറായില്ല. നിങ്ങളുടെ ഉദ്ദേശം നടക്കില്ലെന്ന് മാധ്യമങ്ങളെ വിമര്‍ശിച്ചുകൊണ്ട് ചോദ്യങ്ങളിൽ നിന്ന് മന്ത്രി ഒഴിഞ്ഞുമാറി.
അതേസമയം, സ്മാർട് റോഡ് ഉദ്ഘാടന വിവാദവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്ത നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസും നേരത്തെ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി ഉദ്ഘാടനത്തിൽ നിന്ന് മാറിയത് ആരോഗ്യ കാരണങ്ങളാലാണെന്ന് കുറിപ്പിൽ പറയുന്നത്. വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും കുറിപ്പിൽ വ്യക്തമാക്കി.
മെയ് 16ന് മുഖ്യമന്ത്രി ആരോഗ്യപരമായ കാരണങ്ങളാൽ ഉച്ചക്ക് ശേഷമുള്ള മൂന്ന് പരിപാടികൾ റദ്ദാക്കിയിരുന്നു. കാലവർഷ മുൻകരുതലുമായി ബന്ധപ്പെട്ട് വിളിച്ച പുനരവലോകന യോഗവും റോഡ് ഉദ്‌ഘാടനവും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പരിപാടിയുമാണ് ഇവ. ഇക്കാര്യം വിവിധ മാധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തതുമാണ്.
എന്നാൽ പിന്നീട് മറ്റെന്തോ കാരണങ്ങൾ കൊണ്ടാണ് റോഡ് ഉദ്‌ഘാടന പരിപാടിയിൽ മാത്രം പങ്കെടുക്കാത്തത് എന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്നത് സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക പരിപാടി വിജയകരമായി മുന്നേറുമ്പോൾ അതിൻ്റെ ശോഭ കെടുത്താനുള്ള രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായോ മുഖ്യമന്ത്രിയുമായോ യാതൊരു തരത്തിലുള്ള അന്വേഷണവും നടത്താതെയാണ് ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.



