മലപ്പുറം ജില്ലയ്ക്കെതിരായ വിവാദ പരാമര്‍ശങ്ങളിൽ വെള്ളാപ്പള്ളി നടേശനെതിരെ പൊലീസിൽ പരാതി. പിഡിപി യാണ് തൃക്കാക്കര എസ്‍പിക്ക് പരാതി നൽകിയത്. മലപ്പുറം പ്രത്യേകതരം ആളുകളുടെ രാജ്യമാണെന്നും ഈഴവര്‍ക്ക് സ്വതന്ത്രമായി വായുപോലും ശ്വസിക്കാനാവുന്നില്ലെന്നുമായിരുന്നു വിവാദ പരാമര്‍ശം.

കൊച്ചി/മലപ്പുറം: മലപ്പുറം ജില്ലയ്ക്കെതിരായ വിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പരാതിയുമായി പിഡിപി. പിഡിപി എറണാകുളം ജില്ലാ പ്രസിഡന്‍റാണ് തൃക്കാക്കര എസ്‍പിക്കും തൃക്കാക്കര പൊലീസിനും പരാതി നൽകിയത്. മലപ്പുറം പ്രത്യേകതരം ആളുകളുടെ രാജ്യമാണെന്നും പിന്നാക്കക്കാര്‍ക്ക് ഒന്നുമില്ലെന്നും ഈഴവര്‍ക്ക് സ്വതന്ത്രമായി വായുപോലും ശ്വസിക്കാനാവുന്നില്ലെന്നും പേടിയോടെയാണ് പിന്നോക്ക വിഭാഗക്കാര്‍ ജീവിക്കുന്നതെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്‍റെ വിവാദ പ്രസ്താവന. ഇന്നലെ മലപ്പുറം ചുങ്കത്തറയിൽ നടന്ന കൺവെൻഷനുകളിലാണ് വെള്ളാപ്പള്ളി നടേശൻ മലപ്പുറത്തിനെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയത്. 

''മലപ്പുറത്ത് ഈഴവർക്ക് കടുത്ത അവഗണനയാണ്. അവര്‍ക്ക് മലപ്പുറത്ത് തൊഴിലുറപ്പ് മാത്രമേയുള്ളൂ. ഇവര്‍ വോട്ടുകുത്തിയന്ത്രങ്ങളാണ്. ഇവിടെ പിന്നോക്ക വിഭാഗം സംഘടിച്ച് വോട്ടു ബാങ്കായി നിൽക്കാത്തതാണ് അവഗണനക്കുള്ള കാരണം. രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ നീതി ഈഴവർക്ക് കിട്ടുന്നില്ല'' എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

സംഘപരിവാർ നേരത്തെ ഉയർത്തിയ വാദങ്ങൾ ഏറ്റുപിടിക്കുന്നതായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ. മലപ്പുറത്ത് ഈഴവർക്ക് തൊഴിലുറപ്പ് മാത്രമേയുള്ളൂവെന്നും വോട്ടുകുത്തിയന്ത്രങ്ങളാണ് മലപ്പുറത്തെ പിന്നോക്ക വിഭാഗമെന്നും വെള്ളാപ്പള്ളി പറഞ്ഞു. നേരത്തെ കോഴിക്കോട് ഓടയിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഓട്ടോ ഡ്രൈവർ നൗഷാദ് മരിച്ച സംഭവത്തിലും വെള്ളാപ്പള്ളി സമാനമായ രീതിയിൽ വിദ്വേഷ പരാമർശം നടത്തിയിരുന്നു. നൗഷാദിന്‍റെ കുടുംബത്തിന് ജോലി നൽകിയതിലായിരുന്നു വെള്ളാപ്പള്ളിയുടെ ഈ മോശം പരാമർശം. താൻ സംഘപരിവാർ ചേരിയിൽ അല്ലെന്ന് ആവര്‍ത്തിച്ച് പറയാറുള്ള വെള്ളാപ്പള്ളി സംഘപരിവാറിന്‍റെ അതേ ഭാഷയിലാണ് പ്രതികരിച്ചതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

എസ്‍ഡിപിഐയും പരാതി നൽകി


വെള്ളാപ്പള്ളി നടേശന്‍റെ വിവാദ പരാമര്‍ശത്തിൽ എസ്‍ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്‍റ് അൻവർ പഴഞ്ഞി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. വെള്ളാപ്പള്ളി നടേശൻ നിലമ്പൂരിൽ വെച്ച് നടത്തിയ പ്രസംഗം കൃത്യമായ വർഗീയ വിഭജനം ലക്ഷ്യം വെച്ചുള്ളതും മലപ്പുറം ജില്ലയെയും ജില്ലയിലെ ജനങ്ങളെയും അപകീർത്തിപ്പെടുത്തുന്നതാണെന്നും എസ്‍ഡിപിഐ ആരോപിച്ചു. കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായി നടത്തിയ പ്രസംഗത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും പരാതിയിൽ പറഞ്ഞു. 

YouTube video player