ആലപ്പുഴ: എസ്എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പ് ചട്ട വിരുദ്ധമായാണ് നടത്തുന്നതെന്ന്  എസ്എൻഡിപി സംരക്ഷണ സമിതിയുടെ പരാതി.  പൊതു യോഗം വിളിക്കാതെ ട്രസ്റ്റ് തെരഞ്ഞെടുപ്പ് നടത്താൻ പാടില്ല എന്നാണ് സംഘടന ചട്ടമെന്നും ഭാരവാഹികൾ പറഞ്ഞു.

നിരോധനാജ്ഞ ഉള്ളതിനാൽ  പൊതുയോഗത്തിന് ജില്ലാ കളക്ടർ നൽകിയിട്ടില്ല. കൊവിഡ്  മാനദണ്ഡങ്ങൾ പാലിച്ചുള്ള വോട്ടെടുപ്പിന്  മാത്രം ആണ് അനുമതി  ലഭിച്ചിട്ടുള്ളത്. എന്നാൽ, എതിർ സ്ഥാനാർഥികൾ ഇല്ലാത്തതിനാൽ പൊതു യോഗം വിളിച്ചു ഭാരവാഹി തെരഞ്ഞെടുപ്പ് നടത്തേണ്ട ആവശ്യം ഇല്ല എന്നാണ് ഔദ്യോഗിക വിഭാഗം പറയുന്നതെന്നും  എസ്എൻഡിപി സംരക്ഷണ സമിതി പരാതി ഉന്നയിക്കുന്നു. 

എസ്എൻ ട്രസ്റ്റ് ബോർഡിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. ചേർത്തല എസ് എൻ കോളേജിൽ വൈകിട്ട് ആറുവരെയാണ് തെരഞ്ഞെടുപ്പ്. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നയിക്കുന്നതാണ് ഔദ്യോഗിക പാനൽ. എതിർപക്ഷത്ത്  92 സ്ഥാനാർത്ഥികൾ ഉണ്ട്. എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരിക്കെ ജീവനൊടുക്കിയ കെ കെ മഹേശന്റെ ഭാര്യ ഉഷാദേവി  ഉൾപ്പെടെയുള്ളവരാണ് എതിർപക്ഷം. ആദ്യഘട്ട തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശൻ പാനൽ വിജയിച്ചിരുന്നു. ഒക്ടോബർ എട്ടിനാണ് എസ്എൻ ട്രസ്റ്റ് ഭാരവാഹി തിരഞ്ഞെടുപ്പ്.