തൃശ്ശൂര്‍: കൃഷി മന്ത്രി വി എസ് സുനിൽ കുമാറിന്‍റെ നിയമസഭാ മണ്ഡലത്തിലെ കിഴക്കും പാട്ടുകരയിലെ പാടങ്ങള്‍ വ്യാപകമായി മണ്ണിട്ട് നികത്തുന്നു. തൃശ്ശൂര്‍ നഗരത്തിനോട് ചേര്‍ന്നുളള കൈനൂര്‍പാടമാണ് വൻതോതില്‍ നികത്തികൊണ്ടിരിക്കുന്നത്. 

കിഴക്കുംപാട്ടുകരയില്‍ ജനവാസമേഖലയില്‍ നിന്ന് അല്പം മാറിയുള്ള പാടശേഖരത്തില്‍ രാത്രി 12 മണിക്കും പുലര്‍ച്ചെ 6 മണിക്കും ഇടയിലാണ് ടിപ്പറില് മണ്ണ് കൊണ്ടുവന്ന് അടിക്കുന്നത്. ഇവിടെ ഏതാണ്ട് 8 ഏക്കറിനടുത്ത് പാടമാണ് മണ്ണിട്ട് നികത്തുന്നത്. പുറത്തുനിന്നുള്ള ഏതോ വ്യക്തി ഈ ഭാഗത്തെ പാടങ്ങളെല്ലാം വാങ്ങിയിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. പാടം വ്യാപകമായി മണ്ണിട്ട് നികത്തുന്നതിനാല്‍ ചെറിയ മഴ വരുമ്പോഴേക്കും പ്രദേശത്തെ വീടുകളിലാകെ വെള്ളം കയറുകയാണ്. വെള്ളം ഒഴുകിപോവേണ്ട ഓവു ചാലുകള്‍ പോലും മണ്ണിട്ട് മൂടിയിട്ടുണ്ട്.

ഇതിനെതിരെ നാട്ടുകാര്‍ കളക്ടര്‍ക്കും മന്ത്രി വി എസ് സുനില്‍ കുമാറിനും പരാതി നല്‍കിട്ടുണ്ട്. സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനും കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.