Asianet News MalayalamAsianet News Malayalam

സോളാർ ലൈംഗികപീഡന പരാതി; രണ്ട് വർഷം പിന്നിട്ടിട്ടും എങ്ങുമെത്താതെ അന്വേഷണം

2018 ലാണ് ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, എപി അനിൽകുമാർ, ഹൈബി ഈഡൻ, അടൂർ പ്രകാശ് എന്നിവർക്കെതിരെ കേസെടുത്തത്.

solar rape case  oommen chandy and kc venugopal no actions
Author
Thiruvananthapuram, First Published Oct 28, 2020, 7:41 AM IST

തിരുവനന്തപുരം: സോളാർ ലൈംഗികപീഡന പരാതിയിൽ രണ്ട് വർഷം പിന്നിട്ടിട്ടും എങ്ങുമെത്താതെ അന്വേഷണം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കൾക്കെതിരായ കേസിലാണ് പ്രത്യേക സംഘത്തിന്‍റെ നടപടികൾ എങ്ങുമെത്താത്തത്. പഴയതെല്ലാം എണ്ണിപ്പറയണോ എന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിക്കുമ്പോഴും ഇടത് സ‍ർക്കാർ കേസിൽ ഒരു താല്പര്യവും കാണിക്കുന്നില്ല. ഏഷ്യാനെറ്റ് ന്യൂസിന്‍റെ കത്തിത്തീർന്നോ സോളാർ അന്വേഷണ പരമ്പര തുടരുന്നു.

സ്വർണ്ണക്കടത്ത് കേസും സ്വപ്ന സുരേഷ് ബന്ധവും ആരോപിക്കുന്ന പ്രതിപക്ഷത്തെ ഇന്നും മുഖ്യമന്ത്രി നേരിടുന്നത് സോളാർ കാലം ഓർമ്മിപ്പിച്ചാണ്. പക്ഷെ വെല്ലുവിളിക്കപ്പുറം സോളാർ പീഡന പരാതി വർഷങ്ങൾക്കിപ്പറവും ഒന്നുമായില്ല. പീഡിപ്പിച്ചവരുടെ പേര് എഴുതി പരാതിക്കാരി നൽകിയ കത്ത് ജുഡീഷ്യൽ കമ്മീഷന്‍റെ റിപ്പോർട്ടിന്‍റെ ഭാഗമാക്കിയതോടെ പിണറായി സർക്കാർ കോൺഗ്രസ് നേതാക്കൾക്കെതിരെ കൂട്ടത്തോടെ അന്വേഷണം പ്രഖ്യാപിച്ചത്. വിവാദ കത്തിന് പുറമെ പിണറായി സർക്കാർ വന്നതോടെ പരാതിക്കാരിയിൽ നിന്നും രണ്ട് തവണ പരാതി എഴുതി വാങ്ങിയായിരുന്നു കേസെടുക്കൽ. 2018 ലാണ് ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, എപി അനിൽകുമാർ, ഹൈബി ഈഡൻ, അടൂർ പ്രകാശ് എന്നിവർക്കെതിരെ കേസെടുത്തത്.

നിലവിൽ ബിജെപി ദേശീയ വൈസ് പ്രസിഡണ്ടായ മുൻ കോൺഗ്രസ് എംഎൽഎ എ പി അബ്ദുള്ളക്കുട്ടിക്കെതിരെ യുഡിഎഫ് കാലത്ത് തന്നെ പീഡന പരാതിയിൽ കേസെടുത്തു. മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും എംഎൽഎ ഹോസ്റ്റലിലും ഹോട്ടലുകളിലും വെച്ച് പീഡിപ്പിച്ചെന്നായിരുന്നു നേതാക്കൾക്കെതിരായ പരാതി. പ്രത്യേക അന്വേഷണ സംഘത്തലവന്മാരായിരുന്ന രാജേഷ് ദിവാനും അനിൽ കാന്തും കേസെടുക്കാനാകില്ലെന്നറിയിച്ചു. എഡിജിപി ഷെയ്ഖ് ദ‍ർവേസ് സാബിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിന്നെ കേസെടുത്തത്. ഓരോ കേസുകളും അന്വേഷിക്കാൻ ഓരോ സംഘം, പരാതിക്കാരിയുടെ രഹസ്യമൊഴി അടക്കം എടുത്ത കേസുകളിൽ നിലവിൽ അന്വേഷണം ഇഴഞ്ഞിഴഞ്ഞ്.

സോളാർ കമ്മീഷൻ റിപ്പോർട്ടിൽ നിന്നും വിവാദ കത്ത് ഹൈക്കോടതി നീക്കിയതോടെ പീഡന പരാതിക്ക് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന വാദം ഉമ്മൻചാണ്ടി ശക്തമാക്കിയിരുന്നു. അങ്ങിനെയല്ലെന്നുള്ള പറച്ചിൽ മാത്രമാണ് കാലാവധി തീരാനിരിക്കെ പിണറായിയിൽ നിന്നും ഇപ്പോഴും ഉയരുന്നുള്ളൂ. കേരളം ഞെട്ടിയ സോളാർ പീഡനപരാതി ആറിത്തണുത്തു.

Follow Us:
Download App:
  • android
  • ios