Asianet News MalayalamAsianet News Malayalam

'പലസ്തീനികളെ ചില‍ർ ഭീകരവാദികളാക്കുന്നു, യുദ്ധമല്ലിത്, ജനതയെ ഒന്നാകെ തുടച്ചുനീക്കാനുള്ള ശ്രമം': മുഖ്യമന്ത്രി

പലസ്തീൻ ജനതയ്ക്ക് വേണ്ടി പോരാടിയ യാസിർ അറാഫത്തിനെ പടിഞ്ഞാറൻ മാധ്യമങ്ങൾ ഭീകരൻ എന്ന് മുദ്ര കുത്തി. ബിജെപി സര്‍ക്കാര്‍ നിൽക്കുന്നത് മനുഷ്യത്വം ഇല്ലായ്മക്ക് ഒപ്പമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

Some make Palestinians terrorists, this is not war, attempt to wipe out entire nation: CM pinarayi vijayan
Author
First Published Nov 11, 2023, 6:04 PM IST

കോഴിക്കോട്: പലസ്തീനില്‍ നടക്കുന്നത് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള യുദ്ധമല്ലെന്നും ഒരു ജനതയെ ഒന്നാകെ തുടച്ചുനീക്കാനുള്ള ശ്രമങ്ങളാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട് നടക്കുന്ന സിപിഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പലസ്തീനികളുടേത് ചെറുത്തുനില്‍പ്പാണ്. എന്നാല്‍, ചിലര്‍ പലസ്തീനികളെ ഭീകരവാദികളാക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പലസ്തീൻ ജനതയ്ക്ക് വേണ്ടി പോരാടിയ യാസിർ അറാഫത്തിനെ പടിഞ്ഞാറൻ മാധ്യമങ്ങൾ ഭീകരൻ എന്ന് മുദ്ര കുത്തി. മനുഷ്യാവകാശ ലംഘന നടത്തിയ ഇസ്രയേലിലെ ഭരണാധികാരികളെ പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ വാഴ്ത്തി പാടുന്നു. സാമ്രാജ്യത്വ വാദികൾ എടുത്ത ഇത്തരം നിലപാട് നമ്മുടെ രാജ്യത്തെ ചിലരും സ്വീകരിക്കുകയാണ്. ഏറ്റവും വലിയ ഭീകര രാഷ്ട്രങ്ങളിൽ ഒന്നായ ഇസ്രയേൽ ആണ് ആക്രമണം നടത്തുന്നത്. ബിജെപി സര്‍ക്കാര്‍ നിൽക്കുന്നത് മനുഷ്യത്വം ഇല്ലായ്മക്ക് ഒപ്പമാണ്. കൂട്ട നരമേധം നടത്തുന്നവർക്ക് ഒപ്പമാണ് ബിജെപി സര്‍ക്കാര്‍ നില്‍ക്കുന്നത്.


ഇസ്രയേലിനേയും സംഘ പരിവാറിനെയും നാര്‍സിസത്തിന്‍റെ ചരട് ബന്ധിപ്പിക്കുന്നു. അതാണ് അവർ ഇസ്രായേലിനൊപ്പം നില്‍ക്കുന്നത്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ പറയുന്നത് അല്ല രാജ്യത്തിന്‍റെ ശബ്ദം. നമ്മൾ പലസ്തീന് ഒപ്പമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇസ്രയേലുമായുള്ള സൈനിക കരാറുകൾ റദ്ദാക്കാൻ കേന്ദ്രം തയാറാവണം. നമ്മുടെ നികുതിപ്പണം കൊണ്ട് പലസ്തീനിലെ നിരപരാധികളെ കൊന്നൊടുക്കുകയല്ല വേണ്ടത്. പലസ്തീന് ഒപ്പമാണ് സി പി എം. ഇതിൽ നിലപാട് സ്വീകരിക്കാൻ പറ്റാത്ത ചിലരുണ്ട്. ആരുടെയും പേരെടുത്തു പറയുന്നില്ല. എല്ലാവർക്കും എല്ലാ കാര്യങ്ങളും അറിയാം. നീതിയും അനീതിയും ഏറ്റുമുട്ടുമ്പോൾ ഇടതുപക്ഷത്തിനു നിഷ്പക്ഷത് ഇല്ല. മണിപ്പൂർ ജനതയോട് ഒപ്പമുണ്ട് എന്ന് പറയാതിരുന്നവർ ഇസ്രയേലിനോട് ഒപ്പം ഉണ്ടെന്നു പ്രഖ്യാപിക്കുകയാണ്. ഐക്യരാഷ്ട്ര സഭയിൽ വോട്ടെടുപ്പിൽ നിന്ന് രാജ്യം വിട്ടു നിന്നതോടെ ലോകത്തിന് മുന്നിൽ രാജ്യം അപമാനിതമായി.


നമ്മുടെ വിദേശ നയം അട്ടിമറിച്ചു. കൃത്യമായ സയോണിസ്റ്റ് പക്ഷപാതം അതാണ്. ആർഎസ്എസ് അംഗീകരിച്ച തത്വസംഹിത ഹിറ്റ്‌ലറുടെ പ്രത്യയ ശാസ്ത്രത്തിൽ നിന്നാണ് എടുത്തത് സാമ്പത്തിക ബന്ധങ്ങളിലൂടെ സൈനിക ബന്ധങ്ങളിലേക്ക് പോകുന്നു. അതുകൊണ്ട് ആണ് മരിച്ചു വീഴുന്ന കുഞ്ഞുങ്ങളെ കാണാൻ ആകാതെ പോകുന്നത്. ഇസ്രയേലുമായി സഹകരണത്തിൽ അഭിമാനിക്കുന്ന നിലപാടാണ് ബിജെപിക്ക്. ബിജെപി നിലപാട് രാഷ്ട്രത്തിന്റെ നിലപാടായി മാറരുതെന്നു റാലി ആവശ്യപ്പെടുകയാണ്. കേരളത്തിന്റെ മണ്ണിൽ ഇത്തരം റാലി നടക്കുന്നു എന്നത് പ്രത്യേകതയുള്ള കാര്യമാണ്. കേരളത്തിലെ റാലി ഏറെ പ്രാധാന്യം ഉള്ളത്. പല ദേശങ്ങളിലും ഇല്ലാത്ത മനുഷ്യത്വ പ്രതികരണം ഉണ്ടായ സ്ഥലമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പലസ്തീൻ: ഇസ്രയേലിന് പിന്നിൽ അമേരിക്ക, ഇന്ത്യയുടെ നയംമാറ്റത്തിന് യുപിഎ സർക്കാരും കാരണക്കാർ: മുഖ്യമന്ത്രി

 

Follow Us:
Download App:
  • android
  • ios