സ്ത്രീ വിരുദ്ധ പാർട്ടിയായി ലീഗിനെ എതിരാളികൾ ചിത്രീകരിക്കുമെന്നും നേതാക്കൾ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അറിയിച്ചു.

മലപ്പുറം: ഹരിത നേതാക്കളുടെ പരാതിയുമായി ബന്ധപ്പെട്ട് ലീഗിൽ ഭിന്നത. വനിതാ കമ്മീഷനിൽ അടക്കം പരാതി നൽകിയ നേതാക്കൾക്കെതിരെ നടപടി വേണമെന്ന നിലപാടിൽ ഒരു വിഭാഗം ഉറച്ച് നിൽക്കുന്നതിനിടെ നടപടി തടയാൻ മറ്റൊരു വിഭാഗം ലീഗ് നേതാക്കളുടെ സമ്മർദ്ദം. എം.കെ.മുനീർ, ഇ.ടി.മുഹമ്മദ് ബഷീർ. കെ.കുട്ടി അഹമ്മദ് കുട്ടി, കെ.പി.എ മജീദ് എന്നീ പാർട്ടിയെ മുതിർന്ന നേതാക്കൾ ഹരിതാ നേതാക്കൾക്കെതിരെ നടപടി പാടില്ലെന്ന നിലപാടിലാണ്. ഹരിത ഭാരവാഹികൾക്കെതിരെ നടപടിയെടുക്കുന്നത് പാർട്ടിക്ക് തിരിച്ചടിയുണ്ടാക്കുമെന്നാണ് ഇവർ വാദിക്കുന്നത്. സ്ത്രീ വിരുദ്ധ പാർട്ടിയായി ലീഗിനെ എതിരാളികൾ ചിത്രീകരിക്കുമെന്നും നേതാക്കൾ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അറിയിച്ചു.

വനിതാ കമ്മീഷനിൽ നൽകിയ പരാതി പിന്‍വലിക്കാത്ത സാഹചര്യത്തില്‍ ഹരിത സംസ്ഥാന സമിതി പിരിച്ചുവിടാന്‍ മുസ്ലിം ലീഗ് നീക്കം നടക്കുന്നതിനിടെയാണ് പാർട്ടിയിലെ മുതിർന്ന നേതാക്കൾതന്നെ രംഗത്ത് വന്നത്. വനിതകള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങളോട് മുഖം തിരിക്കുന്ന സമീപനമല്ല മുസ്ലിം ലീഗിന്‍റേതെന്ന് എം.കെ മുനീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പരാതി പിൻവലിക്കാതെ ഹരിത, ലീഗ് നൽകിയ സമയം അവസാനിച്ചു; അച്ചടക്ക നടപടിയുണ്ടാകുമെന്ന് സൂചന

വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കാനുളള അന്ത്യശാസനവും ഹരിത നേതാക്കള്‍ അവഗണിച്ചതോടെയാണ് കടുത്ത നടപടിയെന്ന തീരുമാനത്തിലേക്ക് ലീഗ് നേതാക്കള്‍ എത്തിയത്. ഇന്ന് രാവിലെ 10 മണിക്കകം പരാതി പിൻവലിക്കണമെന്നായിരുന്നു ലീഗ് നേതൃത്വത്തിന്‍റെ ആവശ്യം. നിലവിലുളള ഹരിത നേതൃത്വം കഴിഞ്ഞ രണ്ട് വര്‍ഷമായി തുടരുന്നതു കൂടി പരിഗണിച്ച് ഹരിത സംസ്ഥാന സമിതി പിരിച്ചുവിടണമെന്ന ധാരണയിലാണ് പാര്‍ട്ടി നേതൃത്വം ഉളളത്. 

അതിനിടെ, ഹരിത സംസ്ഥാന നേതൃത്വത്തെ തളളി മലപ്പുറം ജില്ലാ കമ്മിറ്റി രംഗത്തെത്തി. പാര്‍ട്ടി നേതൃത്വം പരിഗണിക്കുന്ന ഒരു വിഷയത്തില്‍ വനിത കമ്മീഷനും പൊലിസും ഇടപെടണമെന്ന് വാശിപിടിക്കുന്നത് ബ്ളാക്ക് മെയിംലിംഗാണെന്നായിരുന്നു ഹരിത മലപ്പുറം ജില്ലാ പ്രസിഡന്‍റ് കെ. തൊഹാനിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. പാര്‍ട്ടിയെ ഗണ്‍പോയന്‍റില്‍ നിര്‍ത്തുന്നത് ശരിയല്ലെന്നും തൊഹാനി പറ‍ഞ്ഞു. എന്നാല്‍ ഇതിനോടകം പൊലീസിന് മൊഴി നല്‍കിയ നാലുപേരുള്‍പ്പെടെയുളള ഹരിത നേതാക്കളെല്ലാം പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണ്.