കൊച്ചി: മക്കളുടെ ചികിത്സക്ക് പണം കണ്ടെത്താൻ അവയവം വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി സമരം ചെയ്ത ശാന്തിയുടെ മകൻ ആത്മഹത്യക്ക് ശ്രമിച്ചു. ശാന്തിയുടെ രണ്ടാമത്തെ മകനായ ഇരുപതിമൂന്ന് കാരനായ (രഞ്ജിത്ത് ) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവാവിനെ ചേരാനെല്ലൂര്‍ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൈയിലെ ഞരമ്പ് മുറിഞ്ഞിട്ടില്ല. സമരം അവസാനിപ്പിക്കാൻ സർക്കാർ വാഗ്ദാനം ചെയ്ത സഹായം കിട്ടിയില്ലെന്ന് പറഞ്ഞാണ് ആത്മഹത്യക്ക് ശ്രമിച്ചത്. 

ഇന്നലെയാണ് മുളവുകാട് പോലീസ് സ്റ്റേഷന് സമീപം ശാന്തി എന്ന വീട്ടമ്മയും മൂന്ന് മക്കളും കുടില്‍ കെട്ടി സമരം ചെയ്തത്. മൂന്ന് മക്കള്‍ക്കും വിവിധ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താന്‍ പാടുപെടുന്നതിനിടയിലാണ് വരാപ്പുഴയിലെ വാടക വീട് വീട്ടമ്മയ്ക്ക് ഒഴിയേണ്ടി വന്നത്. ഇതോടെയാണ് മക്കളുടെ ചികിത്സയ്ക്കും കടം വീട്ടാനുമായി അവയവങ്ങള്‍ വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി സമരം ചെയ്തത്. വലിയ സാമ്പത്തിക പ്രശ്നത്തില്‍ നിന്ന് കരകയറാന്‍ മറ്റ് വഴികളില്ലാതെ വന്നതോടെയായിരുന്നു ഇത്തരമൊരു സമരരീതി. സംഭവം വാര്‍ത്തയായതിന് പിന്നാലെ ശാന്തിയുമായി ആരോഗ്യമന്ത്രി സംസാരിച്ചിരുന്നു. ഇവരുടെ മക്കളുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

ശാന്തിയുടെ മൂത്ത മകന് തലയിലും, രണ്ടാമത്തെ മകന് വയറിലും മകള്‍ക്ക് കണ്ണിനുമാണ് ശസ്ത്രക്രിയ വേണ്ടി വന്നത്. ഹൃദയം അടക്കമുള്ള അവയവങ്ങളാണ് ഇവര്‍ വില്‌‍പനയ്ക്ക് വച്ചത്. ഇന്നലെ മുതലാണ് ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ വില്‍പനയ്ക്ക് എന്ന ബോര്‍ഡുമായി കൊച്ചി കണ്ടെയ്നര്‍ റോഡില്‍ വീട്ടമ്മ നില്‍ക്കാന്‍ തുടങ്ങിയത്. ഒ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പാണെന്നും കട ബാധ്യതയും മക്കളുടെ ചികിത്സയ്ക്കും മറ്റ് മാര്‍ഗങ്ങളില്ലെന്നും വ്യക്തമാക്കുന്നതാണ് യുവതിക്ക് സമീപമുള്ള ബോര്‍ഡ്. ബന്ധപ്പെടേണ്ട നമ്പറും ഈ ബോര്‍ഡില്‍ വിശദമാക്കുന്ന ബോര്‍ഡുമായാണ് വീട്ടമ്മ സമരം ചെയ്തത്.

വാടക നൽകാൻ കഴിയാത്തതിനെ തുടർന്ന് വാടക വീട് കൂടി ഒഴിയേണ്ടി വന്നതോടെ ഇവര്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ലാതെ വരികയായിരുന്നു. റോഡില്‍ സമരം ചെയ്ത ഇവരെയും കുട്ടികളേയും പൊലീസും ചൈല്‍ഡ് ലൈന്‍ അധികൃതരും എത്തി മുളവുകാട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.