തിരുവനന്തപുരം: അടിമലത്തുറയിലെ ലത്തീൻ പള്ളി കമ്മിറ്റിയുടെ കയ്യേറ്റം തള്ളി തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ്പ് സൂസപാക്യം.സഭാ നേതൃത്വം അറിയാതെയാണ് കയ്യേറ്റവും കച്ചവടവും നടന്നതെന്ന് സൂസപാക്യം പറഞ്ഞു. നിയമ ലംഘനങ്ങൾക്കെതിരായ സർക്കാർ നടപടികളുമായി സഹകരിക്കുമെന്നും ലത്തീൻ സഭാ നേതൃത്വം വ്യക്തമാക്കി. അടിമലത്തുറ തീരം കയ്യേറ്റം ലത്തീൻ സഭയ്ക്കാകെ നാണക്കേടായി മാറിയതോടെയാണ് പരസ്യ പരാമർശവുമായി തിരുവനന്തപുരം ലത്തീൻ അതിരൂപത മേജർ ആർച്ച് ബിഷപ്പ് സൂസപാക്യം രംഗത്തെത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ്, 12 ഏക്കർ തീരം കയ്യേറ്റം പുറത്തുകൊണ്ടു വന്നതിന് പിന്നാലെ ശക്തമായ നടപടികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. കഴിഞ്ഞയാഴ്‍ച കയ്യേറ്റം പരിശോധിച്ച മുഖ്യമന്ത്രി നടപടികൾ തുടങ്ങാൻ നിർദ്ദേശിച്ചിരുന്നു. തീരത്തെ എല്ലാ അനധികൃത നിർമ്മാണങ്ങൾക്കും സ്റ്റോപ്പ് മെമ്മോയും നൽകി. അടിമലത്തുറ കയ്യേറ്റം തള്ളുമ്പോഴും തീരദേശ ചട്ട ലംഘനത്തിൽ സർക്കാർ പട്ടികയിൽ പെടുത്തിയ മത്സ്യത്തൊഴിലാളികളുടെ വീടുകളിലടക്കം 26000 നിർമ്മാണങ്ങളിൽ ലത്തീൻ സഭ സർക്കാരിനോട് ഇളവ് ആവശ്യപ്പെട്ടു. അർഹരായ മത്സ്യത്തൊഴിലാളികൾക്കുള്ള പുനരധിവാസ പദ്ധതികൾ വേഗത്തിലാക്കണമെന്നും സഭാ നേതൃത്വം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.


കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  ...