കൊച്ചി: വൈറ്റില ജംഗ്ഷന് സമീപം മെട്രോ പില്ലറില്‍ കുടുങ്ങിക്കിടന്ന് അഗ്നിശമന സേനാംഗങ്ങളെയും പൊലീസിനെയും വെള്ളം കുടിപ്പിച്ച മെട്രോ മിക്കി ഇനി റിഷാനയ്ക്ക് സ്വന്തം. പൂച്ചക്കുട്ടിയെ ഇടപ്പള്ളി സ്വദേശി റിഷാനയ്ക്ക് അധികൃതര്‍ കൈമാറി. ഒരാഴ്ച്ചയോളം പില്ലറില്‍  കുടുങ്ങിക്കിടന്ന പൂച്ചയെ ജനുവരി 19 നാണ് ഫയർ ഫോഴ്സും മൃഗസ്നേഹികളും കൂടി രക്ഷിച്ചത്.

രക്ഷപ്പെട്ടതു മുതല്‍ പനമ്പിള്ളി നഗറിലെ മൃഗാശുപത്രിയിലായിരുന്നു പൂച്ചക്കുട്ടി. സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് (SPCA) അധികൃതരാണ് പൂച്ചയ്ക്ക് മെട്രോ മിക്കി എന്ന് പേരിട്ടത്. ടാബി ഇനത്തില്‍ പെട്ട പൂച്ചക്കുഞ്ഞാണിത്. നിരവധി അപേക്ഷകരില്‍ നിന്നാണ് റിഷാനയ്ക്ക് നറുക്ക് വീണത്. 

എറണാകുളം ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങ് കണ്ട് മെട്രോ മിക്കി അമ്പരപ്പിലായി. പുതിയ ഉടമയെ മൈൻഡ് ചെയ്തതേയില്ല. എങ്ങനെയെങ്കിലും കൂട്ടില്‍ നിന്ന് രക്ഷപ്പെട്ടാല്‍ മതിയെന്നായിരുന്നു. എത്ര വികൃതി കാട്ടിയാലും മിക്കിയെ മെരുക്കിയെടുക്കുമെന്നാണ് റിഷാന പറയുന്നത്. മൃഗക്ഷേമത്തിനായി പ്രവർത്തിക്കുന്ന SPCA നിരവധി നിബന്ധനകളോടെയാണ് റിഷാനയ്ക്ക് പൂച്ചയെ കൈമാറിയത്. മിക്കിയുടെ സുഖവിവരം എല്ലാ മാസവും കൃത്യമായി അറിയിക്കണമെന്ന് റിഷാനയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. റിഷാനയ്ക്കൊപ്പം മിക്കി ഇണങ്ങിയോ എന്നറിയാൻ അധികൃതർ അടുത്ത ദിവസം ഇടപ്പള്ളിയിലെ വീട്ടിലെത്തും.

മെട്രോ മിക്കിയെ ദത്തെടുക്കാന്‍ താല്പര്യം അറിയിച്ച് നിരവധി പേരാണ് എത്തിയത്. പൂച്ചയുടെ അവകാശം ഉന്നയിച്ചും ചിലര്‍ രംഗത്തെത്തിയിരുന്നു. പൂച്ച എങ്ങനെ മെട്രോയിലെത്തി എന്ന ചോദ്യമുന്നയിച്ചതോടെ ഇവരൊക്കെ പിന്മാറി. മെട്രോ മിക്കിയുടെ പൂര്‍ണ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി, മറ്റ് പൂച്ചകളുള്ള വീട്ടിലേക്ക് ദത്തു നല്‍കില്ലെന്ന്  SPCA അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലായിരുന്നു പൂച്ചക്കുട്ടിയെ പില്ലറില്‍ നിന്ന് പുറത്തെത്തിച്ചത്. വലിയ ക്രെയിനുകളും വലകളും സജ്ജമാക്കിയാണ് ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

Read Also: "മെട്രോ മിക്കി" പൂച്ചക്കുഞ്ഞിനെ ദത്തെടുക്കാനായി എത്തുന്നത് നിരവധിപ്പേര്‍, പക്ഷേ സംശയം ബാക്കി