Asianet News MalayalamAsianet News Malayalam

'മതനിരപേക്ഷതയും സാഹോദര്യവും സംരക്ഷിക്കണം'; സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്ന് നിയമസഭാ സ്പീക്കർ

സ്വതന്ത്ര ഇന്ത്യ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യം, നീതി, സമത്വം, സാഹോദര്യം എന്നിവ യാഥാര്‍ത്ഥ്യമാക്കാനുമുള്ള പോരാട്ടം ഇനിയും തുടരാം. സ്വാതന്ത്ര്യത്തിന്‍റെ  75-ാം വാര്‍ഷികത്തില്‍ നമുക്ക് പുതുക്കാനുള്ള പ്രതിജ്ഞ അതാണെന്ന് സ്പീക്കർ എം ബി രാജേഷ്.

Speaker M B Rajesh wishes on independence day
Author
Thiruvananthapuram, First Published Aug 14, 2022, 10:50 PM IST

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് നിയമസഭാ സ്പീക്കർ എം ബി രാജേഷ്. സ്വതന്ത്ര ഇന്ത്യയുടെ ആധാരശിലകളായ മതനിരപേക്ഷത, ജനാധിപത്യം, ജനങ്ങളുടെ പരമാധികാരം, സോഷ്യലിസം, ഫെഡറല്‍ സംവിധാനം എന്നിവ സംരക്ഷിക്കാനുള്ള പോരാട്ടവും സ്വതന്ത്ര ഇന്ത്യ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യം, നീതി, സമത്വം, സാഹോദര്യം എന്നിവ യാഥാര്‍ത്ഥ്യമാക്കാനുമുള്ള പോരാട്ടം ഇനിയും തുടരാം. സ്വാതന്ത്ര്യത്തിന്‍റെ  75-ാം വാര്‍ഷികത്തില്‍ നമുക്ക് പുതുക്കാനുള്ള പ്രതിജ്ഞ അതാണെന്നും സ്പീക്കർ എം ബി രാജേഷ് പറഞ്ഞു.

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്നു. "ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരന്മാര്‍ എന്ന നിലയില്‍ സ്വാതന്ത്ര്യത്തെയും സമത്വത്തെയും പരിപോഷിപ്പിച്ചും ഉന്നതമായ ജനാധിപത്യമൂല്യങ്ങള്‍ പാലിച്ചുകൊണ്ടും എല്ലാ പൗരര്‍ക്കും കൂടുതല്‍ അന്തസ്സാര്‍ന്ന ജീവിതം ഉറപ്പാക്കാന്‍ യത്നിക്കേണ്ടത് നമ്മുടെ കടമയാണ്. സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര ദേശാഭിമാനികളെ നമുക്ക് ആദരത്തോടെ ഓര്‍ക്കാം. ഭാരതീയര്‍ എന്ന നിലയിലുള്ള നമ്മുടെ ഓരോ പ്രവൃത്തിയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഉന്നത പുരോഗതിയിലേക്കും പൂര്‍ണ സ്വാശ്രയത്വത്തിലേക്കുമുള്ള ഭാരതത്തിന്‍റെ അമൃതയാത്രയ്ക്ക് ശക്തി പകരുന്നതാകട്ടെ." എന്ന് ഗവര്‍ണര്‍ ആശംസിച്ചു.

Also Read: 'സ്വാതന്ത്ര്യം ഉത്സവം, ജനാധിപത്യത്തിന്‍റെ വിജയം', സ്വാതന്ത്ര്യദിന സന്ദേശവുമായി രാഷ്ട്രപതി

സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ചെങ്കോട്ടയിൽ പതാക ഉയർത്തും. സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. പുതിയ വികസന പദ്ധതികൾ നാളെ പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പ് ചെങ്കോട്ടയിൽ പൂർത്തിയായി. നാളെ രാവിലെ 7.30 ന് പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തും.പതാക ഉയർത്തുന്ന സമയത്ത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഡ്വാൻസ്ഡ് ടൌഡ് ആർടിലറി ഗൺ സിസ്റ്റം ഉപയോഗിച്ചാകും ഇരുപത്തിയൊന്ന് ആചാര വെടി മുഴക്കുക. ആദ്യമായാണ് സ്വാതന്ത്ര്യ ദിനത്തിൽ ഗൺ സല്യൂട്ടിന് തദ്ദേശീയമായി വികസിപ്പിച്ച സംവിധാനം ഉപയോഗിക്കുന്നത്.

സംസ്ഥാന തലസ്ഥാനത്തും വിപുലമായ ഒരുക്കങ്ങൾ

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പതാക ഉയർത്തും. സേനാവിഭാഗങ്ങളെ അഭിവാദ്യം ചെയ്യും. പൊലീസ് മെഡലുകൾ നാളെ സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങിൽ വിതരണം ചെയ്യും. രാജ്ഭവനിലും വിപുലമായ ആഘോഷ പരിപാടികൾ നടക്കും. പൊലീസ് ആസ്ഥാനത്ത് രാവിലെ 11 മണിക്കാണ് പതാക ഉയർത്തലും തുടർന്നുള്ള ആഘോഷചടങ്ങുകളും നടക്കുക.

Follow Us:
Download App:
  • android
  • ios