രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ചോരയിൽ കുളിച്ച് കിടന്ന കുഞ്ഞിനെയുമെടുത്ത് സ്പീക്കർ കഴക്കൂട്ടം സിഎസ്ഐ മിഷൻ ഹോസ്പിറ്റലിലേക്ക് തിരിച്ചു
തിരുവനന്തപുരം: അപകടത്തിൽ പരിക്കേറ്റ പിഞ്ചുകുഞ്ഞിന് രക്ഷകനായി സ്പീക്കർ എം ബി രാജേഷ്. സ്പീക്കറുടെ മണ്ഡലമായ തൃത്താലയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയിലായിരുന്നു സംഭവം. തിങ്കളാഴ്ച രാത്രി പത്തോടെ ആറ്റിങ്ങൽ മംഗലപുരത്താണ് അപകടം നടന്നത്. മംഗലപുരത്ത് ദേശീയപാതയിൽ ചോരയിൽ കുളിച്ചുകിടക്കുന്ന കുഞ്ഞിനെ കണ്ട് സ്പീക്കർ വാഹനം നിർത്തുകയായിരുന്നു.
രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ചോരയിൽ കുളിച്ച് കിടന്ന കുഞ്ഞിനെയുമെടുത്ത് കഴക്കൂട്ടം സിഎസ്ഐ മിഷൻ ഹോസ്പിറ്റലിലേക്ക് തിരിച്ച സ്പീക്കർ, പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയിലെത്തിക്കാൻ പൈലറ്റ് പൊലീസുകാർക്ക് നിർദേശം നൽകി. പ്രാഥമിക ചികിത്സക്ക് ശേഷം കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. നിലവിൽ കുഞ്ഞും മാതാപിതാക്കളും അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തിരുവനന്തപുരം കണിയാപുരം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
കോട്ടയത്ത് സുഹൃത്തുക്കളായ പെൺകുട്ടികളുടെ ആത്മഹത്യാശ്രമം; വിഷക്കായ കഴിച്ച ഒരാള്‍ മരിച്ചു
കോട്ടയം: കോട്ടയം തലയോലപ്പറമ്പിൽ വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സുഹൃത്തുക്കളായ പെൺകുട്ടികളിൽ ഒരാൾ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനിയായ പെൺകുട്ടിയാണ് മരിച്ചത്. വെള്ളൂർ സ്വദേശിനിയായ രണ്ടാമത്തെ പെൺകുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
വീട്ടിൽ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി. വിഷക്കായ കഴിച്ചാണ് രണ്ട് പെൺകുട്ടികളും സ്വന്തം വീടുകളിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ വെള്ളൂർ സ്വദേശി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. വെള്ളൂർ സ്വദേശിനിയായ പെൺകുട്ടി നേരത്തെ പോക്സോ കേസിൽ ഇരയായിരുന്നു. എന്നാല്‍ ഈ കേസുമായി ആത്മഹത്യാശ്രമത്തിന് ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.
