തിരുവനന്തപുരം: സി ആൻഡ് എജി റിപ്പോർട്ടിലെ പരാമർശങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തു വിട്ട ധനമന്ത്രി തോമസ് ഐസകിനോട് എത്തിക്സ് കമ്മിറ്റിക്ക് മുൻപിൽ ഹാജരാവാൻ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾക്കെതിരെ സ്പീക്കറുടെ ഓഫീസ്. 

വിഷയത്തിൽ ധനമന്ത്രി എടുത്ത നടപടിയിൽ രണ്ടഭിപ്രായം ഉയർന്നു വന്ന സാഹചര്യത്തിലാണ് തുടർന നടപടികൾക്കായി എത്തിക്സ് കമ്മിറ്റിക്ക് വിട്ടത്. സഭയുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് നിയമസഭാ സാമാജികർ ഉന്നയിച്ച ആശങ്കകൾ ഗുരുതരമാണെന്നും അതേ പോലെ തന്നെ പ്രധാന്യമുള്ളതാണ് ധനമന്ത്രി ഉന്നയിച്ച അടിസ്ഥാന പ്രശ്നങ്ങളുമെന്നും സ്പീക്കറുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. 

സ്പീക്കറുടെ ഓഫീസ് നൽകുന്ന വിശദീകരണം - 

സി. ആന്‍റ് എ. ജി റിപ്പോര്‍ട്ടിലെ  ചില പരാമര്‍ശങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത്  വിട്ട പ്രശ്നത്തെ സംബന്ധിച്ച് വി. ഡി. സതീശന്‍ എം.എല്‍.എ ഉന്നയിച്ച അവകാശ   ലംഘന പ്രശ്നത്തെ സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ക്ക് അനാവശ്യമായ  ദുര്‍വ്യാഖ്യാനങ്ങളും കുപ്രചരണങ്ങളും ഉണ്ടായത് തികച്ചും നിര്‍ഭാഗ്യകരമാണ്. 

നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കേണ്ടിയിരുന്ന ഒരു റിപ്പോര്‍ട്ട് അതിന് മുന്‍പ് സംവാദ വിഷയമായി എന്ന പരാതി ഒരു സാമാജികന്‍ ഉന്നയിച്ചാല്‍ അതിന്‍റെ  സ്വാഭാവികവും നിയമപരവുമായ നടപടിക്രമങ്ങളാണ് സ്വീകരിച്ചത്. അസാധാരണമായ ചില സാഹചര്യങ്ങളും അടിസ്ഥാനപരമായ ചില സംവാദ വിഷയങ്ങളും കൂടി  അനുബന്ധമായിട്ട് ഇവിടെ ഉയര്‍ന്നുവന്നിട്ടുള്ളതിനാല്‍ ഈ പ്രശ്നത്തെ യാന്ത്രികമായി  സമീപിക്കാനാവില്ല  എന്ന നിലപാടാണ് സ്വീകരിച്ചത്. 

അതുകൊണ്ടാണ് ബഹുമാനപ്പെട്ട ധനകാര്യ വകുപ്പുമന്ത്രി നിയമസഭാ സമിതി മുന്‍പാകെ വിശദീകരണം നല്‍കുന്നത് ഉചിതമായിരിക്കുമെന്ന നിലപാട് സ്വീകരിച്ചത്. കീഴ്വഴക്കങ്ങളും ചട്ടങ്ങളും മൃതവും ജൈവാംശമില്ലാത്തതും ചലനമില്ലാത്തതുമാകണമെന്നില്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച് അതിന് പലതരം വ്യാഖ്യാന സാധ്യതകള്‍ ഉണ്ടാകും,  അഥവാ ഉണ്ടാകണം. അവിടെയാണ് ജനാധിപത്യ പ്രക്രിയയിലെ വികാസ സാധ്യതകള്‍ കണ്ടെത്താനാവുക. 

സഭയുടെ അവകാശവുമായി ബന്ധപ്പെട്ട് സാമാജികര്‍ ഉന്നയിച്ച ആശങ്ക പോലെ തന്നെ പ്രധാനമാണ് ബഹുമാനപ്പെട്ട മന്ത്രി ഉന്നയിച്ചിരിക്കുന്ന അടിസ്ഥാന വിഷയങ്ങളുമെന്ന് കാണാതിരുന്നുകൂടാ. ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലെ നടപടിക്രമങ്ങളെയും  റഗുലേഷന്‍ ചട്ടങ്ങളെയും ഉദ്ധരിച്ച് കൊണ്ട് ഉന്നയിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ സഭാ സമിതിയുടെ പരിഗണനയില്‍ വരേണ്ടതാണ്. 

ധനപരമായ ഓഡിറ്റിംഗിന്‍റെ കൂടെ നിയമപരമായ ഓഡിറ്റിംഗ് കൂടി ചര്‍ച്ചയ്ക്ക് വരുമ്പോള്‍ അതിനെ യാന്ത്രികമായി കൈകാര്യം ചെയ്യുന്നതിന് പകരം തുടര്‍ സംവാദത്തിന് വിധേയമാക്കുന്നതാണ് ശരി എന്നാണ് ചിന്തിച്ചത്. ഇത് മനസ്സിലാക്കി വേണം ഇക്കാര്യത്തിലുള്ള ചര്‍ച്ചകളും ഊഹാപോഹങ്ങളും എന്ന് അഭ്യര്‍ത്ഥിക്കുന്നു. 

നിയമസഭാ സെക്രട്ടേറിയറ്റ് തീരുമാനമെടുക്കുമ്പോള്‍ അനുകൂലമല്ലാതായാല്‍ അസഹിഷ്ണുതയുടെയും ഇഷ്ടപ്രകാരമാകുമ്പോള്‍ അമിതോത്സാഹത്തോടെയും ഉപയോഗിക്കുന്ന പ്രവണത കാണാറുണ്ട്. അത് അപക്വമായ രീതിയാണ്. ജനാധിപത്യത്തിന്‍റെ ഏറ്റവും ശക്തിമത്തായ ഭരണഘടനാ സ്ഥാപനത്തോട് പലപ്പോഴും സ്വീകരിക്കുന്ന രീതികളും വാക്കുകളും ശരിയാണോ എന്ന് ബന്ധപ്പെട്ടവര്‍ സ്വയം പരിശോധിക്കണം. ഇക്കാര്യം ജനങ്ങള്‍ സ്വതന്ത്രമായി  വിലയിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.