Asianet News MalayalamAsianet News Malayalam

സ്വർണക്കടത്തിൽ ഉൾപ്പെട്ട ഉന്നതനെന്ന ആരോപണം തള്ളി സ്പീക്കറുടെ ഓഫീസ്, പ്രചരിക്കുന്നത് അവിശ്വസനീയമായ വാർത്തകൾ

സ്വര്‍ണ്ണ കള്ളക്കടത്തുകേസിലെ പ്രതികളുമായിട്ട് ഒരിക്കല്‍പ്പോലും യാത്ര ചെയ്യാനോ വിദേശത്ത് കണ്ടുമുട്ടാനോ ഉള്ള സാഹചര്യം ഉണ്ടായിട്ടില്ല. ഇത് തീര്‍ത്തും തെറ്റാണ്.

speaker office reacting to gold smuggling case controversy
Author
Thiruvananthapuram, First Published Dec 9, 2020, 2:35 PM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെതിരെ ആരോപണം കടുപ്പിച്ച സാഹചര്യത്തിൽ വിശദീകരണവുമായി സ്പീക്കറുടെ ഓഫീസ്. സ്പീക്കറുമായും സ്പീക്കറുടെ ഓഫീസുമായും ബന്ധപ്പെടുത്തി കൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ വന്ന വാർത്തകൾ വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്തതാണെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.

സ്പീക്കറുടെ വിദേശയാത്രകളെല്ലാം തീർത്തും സുതാര്യവും ചട്ടവിധേയമായിട്ടുമാണ്. വിവിധ സംഘടനകളുടെ ക്ഷണം സ്വീകരിച്ചും സഹോദരൻ വിദേശത്തായതിനാൽ കുടുംബത്തോടൊപ്പം സ്പീക്കർ വിദേശത്തേക്ക് പോയിട്ടുണ്ട്. ഈ യാത്രകളുടെയെല്ലാം വിശദാംശങ്ങൾ സ്പീക്കറുടെ ഓഫീസിൽ നിന്നും ആർക്കും ലഭ്യമാണ്. എംബസിയെ അറിയിച്ചാണ് വിദേശയാത്രകൾ സ്പീക്കർ ഇതുവരെ നടത്തിയതും. 

എന്നിട്ടും ഇതുമായി ബന്ധപ്പെട്ടുള്ള അനാവശ്യവിവാദങ്ങൾ സൃഷ്ടിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്ന് വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തുന്നു. തെറ്റായ ഒരു വാര്‍ത്ത എവിടെനിന്നോ രൂപപ്പെടുന്നു, അത് പിന്നീട് എല്ലാവരും ഏറ്റെടുക്കുന്നു എന്ന രീതിയാണ് കാണുന്നത്. രാഷ്ട്രീയമായ വിവാദങ്ങളിലേക്കും ആരോപണ പ്രത്യാരോപണങ്ങളിലേക്കും ഭരണഘടനാ സ്ഥാപനത്തെ വലിച്ചിഴയ്ക്കുന്നത് ശരിയായ ഒരു കാര്യമല്ലെന്നും വാർത്താക്കുറിപ്പിലുണ്ട്. 

സ്പീക്കറുടെ ഓഫീസ് പുറത്തിറക്കിയ വാ‍‍ർത്താക്കുറിപ്പ് - 

തിരുവനന്തപുരം സ്വര്‍ണ്ണ കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതവും അവിശ്വസനീയവുമാണ്. സ്പീക്കറെയും സ്പീക്കറുടെ ഓഫീസിനെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഇത്തരം ഒരു പ്രചരണം വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്തതാണെന്ന് അറിയിക്കുന്നു.

കഴിഞ്ഞ അഞ്ചുമാസമായിട്ട് വിവിധ ഏജന്‍സികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസിന്‍റെ പ്രത്യേക സന്ദര്‍ഭത്തിലാണ് ഇങ്ങനെ ഒരു വ്യാഖ്യാനം ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇത് വസ്തുതകളുമായി യാതൊരുബന്ധവുമില്ല എന്ന് അറിയിക്കാന്‍ ആഗ്രഹിക്കുന്നു. വാര്‍ത്തകളില്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഊഹാപോഹങ്ങള്‍ പോലെയുള്ള കാര്യങ്ങള്‍ ശരിയല്ല. നേരത്തെതന്നെ വിദേശയാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചതാണ്. വിദേശത്തുള്ള എല്ലാത്തരം സംഘടനകളുടെയും നിരന്തരമായ ക്ഷണം സ്വീകരിച്ച് പോകാന്‍ നിര്‍ബന്ധിക്കപ്പെട്ട യാത്രകളാണ് ഭൂരിഭാഗവും. മാത്രമല്ല, സഹോദരങ്ങള്‍ വിദേശത്തായതിനാല്‍ കുടുംബപരമായ യാത്രകളും അനിവാര്യമായിരുന്നു.

വിദേശയാത്രകളുമായി ബന്ധപ്പെട്ട് പുകമറ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അതിലൊന്നും  ഒളിച്ചുവയ്ക്കേണ്ട കാര്യമില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നേരത്തെ തന്നെ സ്പീക്കറുടെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ വേണമെന്നുണ്ടെങ്കില്‍ അത് ഓഫീസില്‍ ലഭ്യമാണ്. യാത്രകള്‍ ബന്ധപ്പെട്ട എംബസിയെ അറിയിക്കാറുമുണ്ട്.

സ്വര്‍ണ്ണ കള്ളക്കടത്തുകേസിലെ പ്രതികളുമായിട്ട് ഒരിക്കല്‍പ്പോലും യാത്ര ചെയ്യാനോ വിദേശത്ത് കണ്ടുമുട്ടാനോ ഉള്ള സാഹചര്യം ഉണ്ടായിട്ടില്ല. ഇത് തീര്‍ത്തും തെറ്റാണ്. തെറ്റായ ഒരു വാര്‍ത്ത എവിടെനിന്നോ രൂപപ്പെടുന്നു, അത് പിന്നീട് എല്ലാവരും ഏറ്റെടുക്കുന്നു എന്ന രീതിയാണ് കാണുന്നത്. രാഷ്ട്രീയമായ വിവാദങ്ങളിലേക്കും ആരോപണ പ്രത്യാരോപണങ്ങളിലേക്കും ഭരണഘടനാ സ്ഥാപനത്തെ വലിച്ചിഴയ്ക്കുന്നത് ശരിയായ ഒരു കാര്യമല്ല.

ഔദ്യോഗിക സ്വഭാവമുള്ള യാത്രകള്‍ക്കെല്ലാം നിയമപരമായ എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചുതന്നെയാണ് പോയിട്ടുള്ളത്. ഔദ്യോഗികപരമായ കാര്യങ്ങള്‍ ക്കുള്ള യാത്രയുടെ ചെലവ് മാത്രമേ സര്‍ക്കാരില്‍നിന്ന് ഉപയോഗിച്ചിട്ടുള്ളൂ. വിദേശത്തുള്ള വിവിധ സംഘടനകളും സാംസ്കാരിക സംഘടനകളും ക്ഷണിക്കുന്ന പരിപാടികള്‍ക്ക് അവരുടെ നേതൃത്വത്തിലാണ് യാത്ര. ഇക്കാര്യത്തിലും അവ്യക്തതയില്ല. വസ്തുതാപരമല്ലാത്ത ആരോപണ പ്രചരണങ്ങള്‍ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

Follow Us:
Download App:
  • android
  • ios