ചെയറുമായി സഹകരിക്കാത്തത് ശരിയായ നടപടിയല്ലെന്നും പരസ്പര ധാരണ വേണമെന്നും സ്പീക്കർ ജലീലിനോട് പറഞ്ഞു.
തിരുവനന്തപുരം: നിയമസഭയിൽ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കുന്ന ബില്ലിന്മേലുള്ള ചർച്ചയിൽ സ്പീക്കർ എ.എൻ. ഷംസീറും കെ.ടി. ജലീൽ എംഎൽഎയും തർക്കം. കെ.ടി. ജലീലിന്റെ പ്രസംഗം നീണ്ടതാണ് തർക്കത്തിന് കാരണം. ജലീലിന്റെ സമയം കഴിഞ്ഞെന്നും പ്രസംഗം അവസാനിപ്പിക്കണമെന്നും സ്പീക്കർ മുന്നറിയിപ്പ് നൽകിയിട്ടും അദ്ദേഹം അവസാനിപ്പിച്ചില്ല. പ്രസംഗം നിർത്തിയില്ലെങ്കിൽ മൈക്ക് മറ്റൊരാൾക്ക് നൽകേണ്ടിവരുമെന്ന് സ്പീക്കർ ജലീലിന് മുന്നറിയിപ്പ് നൽകി. എന്നിട്ടും ജലീൽ പ്രസംഗം തുടർന്നതോടെ സ്പീക്കർ മൈക്ക് ഓഫാക്കി.
ചെയറുമായി സഹകരിക്കാത്തത് ശരിയായ നടപടിയല്ലെന്നും പരസ്പര ധാരണ വേണമെന്നും സ്പീക്കർ ജലീലിനോട് പറഞ്ഞു. ജലീലിന്റെ മൈക്ക് ഓഫാക്കിയ ശേഷം തോമസ് കെ. തോമസിന് സ്പീക്കർ സംസാരിക്കാൻ അവസരം നൽകി. പ്രസംഗത്തിൽ ഗവർണർക്കെതിരെ രൂക്ഷ വിമർശനമാണ് ജലീൽ ഉന്നയിച്ചത്. ഗവർണർ ചാൻസലറാകാൻ യോഗ്യനല്ലെന്നും സർവകലാശാലകൾ കാവിവൽക്കരിക്കാൻ ഗവർണറുടെ സഹായത്തോടെ നീക്കം നടക്കുന്നതായും ജലീൽ ആരോപിച്ചു.
അതേസമയം, ഗവർണറെ ചാൻസിലർ സ്ഥാനത്തുനിന്ന് നീക്കുന്ന ബില്ല് നിയമസഭ പാസാക്കി. ചർച്ചയ്ക്ക് ശേഷം സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബില്ല് ഇന്ന് നിയമസഭയിൽ ചർച്ചയ്ക്ക് എടുത്തപ്പോൾ പ്രതിപക്ഷം മാറ്റം നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് നിർദ്ദേശിച്ച മാറ്റങ്ങളോടെയാണ് ബില്ല് ഇന്ന് സഭയിൽ എത്തിയത്. എന്നാൽ പ്രതിപക്ഷ നേതാവ് ഇന്ന് നിർദ്ദേശിച്ച മാറ്റങ്ങൾ ഭാഗികമായി സർക്കാർ അംഗീകരിച്ചു. പക്ഷെ വിരമിച്ച ജഡ്ജി ചാൻസലറാകണമെന്ന പ്രതിപക്ഷ നേതാവിന്റെ നിർദ്ദേശം സർക്കാർ നിരാകരിച്ചതോടെ സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. പിന്നീട് ഭരണപക്ഷ അംഗങ്ങളുടെ പിന്തുണയോടെ ബില്ല് പാസാക്കി. തുടർന്ന് സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.
ചാൻസലർ ബില്ല് പാസാക്കി, പ്രതിപക്ഷം ബഹിഷ്കരിച്ചു; നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
സംസ്ഥാനത്തെ 14 സർവകലാശാലകൾക്കുമായി ഒരൊറ്റ ചാൻസലർ മതിയെന്നായിരുന്നു ഇന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്. സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ വിരമിച്ച ജഡ്ജ് ചാൻസലറാകണം. ചാൻസലറെ നിയമിക്കാൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഹൈക്കോടതി ചീഫ് ജസ്റ്റിസും ഉൾപ്പെട്ട സമിതി വേണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
