വിശദ അന്വേഷണം നടത്തിയില്ലെങ്കിൽ കൂടുതൽ പേരുടെ പണം നഷ്ടമാകുമെന്നായിരുന്നു മുന്നറിയിപ്പ്. 

കണ്ണൂർ : പാതിവില തട്ടിപ്പിനെ കുറിച്ച് മാസങ്ങൾക്ക് മുമ്പ് സ്പെഷ്യൽ ബ്രാഞ്ച് മുന്നറിയിപ്പ് നൽകിയിരുന്നതായി വിവരം. സിഎസ്ആർ ഫണ്ടിന്‍റെ പേരിൽ വ്യാപക പണപ്പിരിവെന്ന് നടക്കുന്നുവെന്നാണ് 2024 ജൂലൈയിൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. അനന്തു കൃഷ്ണൻ വഞ്ചനാ കേസുകളിൽ പ്രതിയെന്നും അറിയിച്ചു. വിശദ അന്വേഷണം നടത്തിയില്ലെങ്കിൽ കൂടുതൽ പേരുടെ പണം നഷ്ടമാകുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പൊലീസ് കാര്യമായ അന്വേഷണം നടത്തിയില്ല. ഇതാണ് വലിയ തട്ടിപ്പിലേക്ക് കാര്യങ്ങൾ ചെന്നെത്തിച്ചത്.

പാതിവില തട്ടിപ്പ് വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ എഫ്ഐആർ ഇട്ടിട്ട് ആഴ്ചകളായി. പല സ്റ്റേഷനുകളിലും ഇതിനകം പരാതികൾ കുന്നുപോലെയെത്തി. എന്നാൽ ഒന്നോ രണ്ടോ പരാതികളിൽ മാത്രം എഫ്ഐആർ ഇട്ട് പരാതിക്കാരെ മടക്കുകയാണ് പൊലീസ്. ക്രൈം ബ്രാ‌ഞ്ച് ഏറ്റെടുത്തേക്കുമെന്നതിനാൽ പോലീസ് അന്വേഷണം കാര്യക്ഷമമല്ല.

പാതിവില തട്ടിപ്പ്; രാഷ്ട്രീയ നേതാക്കളിലേക്കും അന്വേഷണം, അനന്തുകൃഷ്ണന്‍റെ ഭൂമി ഇടപാടുകളിൽ വിവരം തേടി പൊലീസ്

14 ജില്ലകളിലും അനന്തു കൃഷ്ണൻ തട്ടിപ്പ് നടത്തിയിട്ടുണ്ട്. അനന്തുവിന്‍റെ 19 ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്ന് മാത്രം 33,000 പേരിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. സ്കൂട്ടറും, തയ്യൽ മെഷീനും, ലാപ് ടോപ്പും, രാസവളവുമടക്കം നൽകാനുള്ള വാഗ്ദാനമായിരുന്നു തട്ടിപ്പിനുപയോഗിച്ചത്. തട്ടിപ്പിൽ ഉൾപ്പെട്ടവരിൽ വമ്പൻമാരുടെ വലിയ നിരയുണ്ട്.

ഉന്നത രാഷ്ട്രീയ നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും വരെ അനന്തു കൃഷ്ണന്‍റെ ഇടപാടിനെക്കുറിച്ച് അറിവുള്ളവരായിരുന്നുവെന്നാണ് പുറത്ത് വന്ന വിവരം. കുടുംബശ്രീ, പൊലീസ് അസോസിയേഷൻ, ജനപ്രധിനിധികളുടേതടക്കമുള്ള വിവിധ സഹായ പദ്ധതികൾ വരെ തട്ടിപ്പിന് ഉപയോഗിച്ചു. കോഴിക്കോട് പൊലീസ് അസോസിയേൻ വഴിയും, കണ്ണൂർ പൊലീസ് സഹകരണ സംഘം വഴിയും തയ്യൽ മേഷീനും ലാപ്ടോപ്പുമടക്കം പാതിവിലയ്ക്ക് അനന്തു നൽകിയിട്ടുണ്ട്.