തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുറച്ച കേരളത്തിന്‍റെ നടപടി  പുനപരിശോധിക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ കര്‍ശന നിര‍ദ്ദേശം.റോഡ് സുരക്ഷാ അതോറിററി രൂപകരിച്ചതുകൊണ്ടുമാത്രം സംസ്ഥാനത്ത് റോ‍ഡപകടങ്ങള്‍ കുറക്കാനാകില്ലെന്നും സമിതി വിമര്‍ശിച്ചു.

മോട്ടോര്‍ വാഹന നിയമ ഭേദഗതിയനുസരിച്ച് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഉയര്‍ത്തി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഹെല്‍മറ്റ് ധരിക്കാത്തതിന് 1000 രൂപയുള്‍പ്പടെയുള്ള കനത്ത പിഴക്കെതിരെ സംസ്ഥാനത്ത് വലിയ പ്രതിഷേധമുണ്ടായി. ഇതോടെ പിഴ 500 ആയി കുറച്ചു. 

മദ്യപിച്ച് വാഹനമോടിക്കുന്നതൊഴിച്ചുള്ള മിക്ക നിയമലംഘനങ്ങള്‍ക്കും പിഴ കുറച്ച് സംസ്ഥാന സംസ്ഥാന സര്‍ക്കാര്‍ വി‍ജ്ഞാപനവുമിറക്കി.ഇത് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചെങ്കിലും, കേരളം വഴങ്ങിയില്ല. സുപ്രീംകോടതി നിയോഗിച്ച റോഡ് സുരക്ഷാ സമിതിയുടെ കഴിഞ്ഞയാഴ്ച ചേര്‍ന്ന യോഗം സ്ഥിതി വിലിയിരുത്തി.

 ലോക്ഡൗണ്‍ കാലം ഒഴിച്ചു നിര്‍ത്തിയാല്‍ സംസ്ഥാനത്ത് അപകട നിരക്കില്‍ ഗണ്യമായ കുറവുണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷ കര്‍ശനമായി നടപ്പലാക്കണമെന്ന് സമിതി വിലയിരുത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹെല്‍മറ്റില്ലാതെ യാത്ര ചെയ്യുന്നവരുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇതോടൊപ്പമാണ് പിഴ കുറച്ച നടപടി പുനപരിശോധിക്കണമെന്ന് കേരളത്തോട് സമിതി ആവശ്യപ്പെട്ടത്. 

ഏതൊക്ക നിയമലംഘനങ്ങളുടെ പിഴയാണ് കുറച്ചതെന്നതടക്കമുള്ള വിവരവും  വിശദീകരണവും 15 ദിവസത്തിനുള്ളില്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഗതാഗതമന്ത്രിയുടെ നേതൃത്വത്തിൽ അടത്തു ആഴ്ച ചേരുന്ന ഉന്നതതലയോഗത്തിനു ശേഷം ഇക്കാര്യത്തിലെ നിലപാട് സംസ്ഥാനം കേന്ദ്രത്തെ അറിയിക്കും.