Asianet News MalayalamAsianet News Malayalam

10 രൂപയുടെ ജ്യൂസാണ് കുഞ്ഞിന്റെ ജീവനിട്ട വില, അസ്ഫാകിന് വധശിക്ഷ നൽകണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ

നൂറ് ദിവസം കൊണ്ട് പ്രതി മാനസാന്തരപ്പെടില്ല. നിയമം അനുശാസിക്കുന്നതും സമൂഹം ആവശ്യപ്പെടുന്നതും വധശിക്ഷയാണെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ജി മോഹൻ രാജ്

Special Public Prosecutor expects death penalty Asfaq Alam Aluva Rape Murder Case SSM
Author
First Published Nov 14, 2023, 9:23 AM IST

കൊച്ചി: ആലുവ ബലാത്സംഗ കേസിലെ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ജി മോഹൻ രാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നൂറ് ദിവസം കൊണ്ട് പ്രതി മാനസാന്തരപ്പെടില്ല. നിയമം അനുശാസിക്കുന്നതും സമൂഹം ആവശ്യപ്പെടുന്നതും വധശിക്ഷയാണ്. വധശിക്ഷ നൽകാത്ത മറ്റ് കേസുകളുടെ പശ്ചാത്തലത്തിൽ ഈ കേസ് കാണേണ്ടതില്ല. പ്രതി ചെയ്തത് അതിക്രൂരമായ കൃത്യമാണ്. പിഞ്ചുകുഞ്ഞിന്‍റെ വിശ്വാസം മുതലെടുത്താണ് അരുംകൊലയെന്നും അഡ്വ മോഹന്‍രാജ് പ്രതികരിച്ചു.

പ്രതിയുടെ പ്രായം, മാനസാന്തരത്തിനുള്ള സാധ്യത തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പല വിധികളുമുണ്ടായിട്ടുണ്ട്. എന്നാല്‍ 2019ലെ പോക്സോ ആക്റ്റ് ഭേദഗതി പ്രകാരം 12 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നതു പോലും വധശിക്ഷ വിധിക്കേണ്ട കുറ്റകൃത്യമാണെന്ന് അഡ്വ മോഹന്‍രാജ് പറഞ്ഞു.

"10 രൂപയുടെ ജ്യൂസാണ് ആ കുഞ്ഞിന്‍റെ മാനത്തിന്‍റെയും ജീവന്‍റെയും വിലയായി അയാളിട്ടത്. അയാളുടെ കൈ പിടിച്ച് കുഞ്ഞ് പോകുന്ന സിസിടി ദൃശ്യം കോടതിയിലെ സ്ക്രീനില്‍ ഇട്ടു. എത്ര വിശ്വാസത്തോടെയാണ് അയാള്‍ക്കൊപ്പം ആ കുഞ്ഞ് പോകുന്നത്? ആ കുട്ടി ലോകത്തിന് കൊടുത്ത വിശ്വാസം ഒരു മനുഷ്യനില്ലാതാക്കി. ഹൃദയഭേദകമായ കാഴ്ചയാണത്"- അഡ്വ മോഹന്‍രാജ് പറഞ്ഞു.

ആലുവ കേസില്‍ വിധി എന്താകും?, തൂക്കുകയര്‍ തന്നെ നല്‍കണമെന്ന് ജനങ്ങള്‍, നീറുന്ന ഓര്‍മ്മ പങ്കുവെച്ച് സാക്ഷികള്‍

അതിഥിത്തൊഴിലാളിയുടെ അഞ്ച് വയസ്സുള്ള മകളെ തട്ടിക്കൊണ്ടുപോയി ആലുവ മാ‍‍ർക്കറ്റിലെ ആളൊഴിഞ്ഞ കോണിൽവെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനെതിരായ കേസ്. കുറ്റക്കാരനെന്ന് കണ്ടെത്തിയ 13 വകുപ്പുകളിലും ശിക്ഷ പ്രഖ്യാപിക്കും. കൊലപാതകം, 12 വയസിൽ താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്യൽ അടക്കം നാലു കുറ്റങ്ങൾക്ക് പരമാവധി വധശിക്ഷ വരെ നൽകാൻ കഴിയും. പ്രതിയായ അസ്ഫാക് ആലത്തിന് മനസാക്ഷിയില്ലെന്നും വധശിക്ഷയ്ക്ക് അർഹനാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ നിലപാടെടുത്തിരുന്നു.  എന്നാല്‍ പ്രതിക്ക് 28 വയസ്സാണ് പ്രായമെന്നും മാനസാന്തരത്തിനുള്ള സാധ്യത കണക്കിലെടുത്തും കുറഞ്ഞ ശിക്ഷ നൽകണമെന്നാണ് പ്രതിഭാഗത്തിന്‍റെ ആവശ്യം. 

 

Follow Us:
Download App:
  • android
  • ios